ഉയരങ്ങളിൽ മെസി: കൂടെ ഒരു റെക്കോർഡും
പോളണ്ടിനെതരായ മത്സരത്തില്‍ ഗോളടിച്ചില്ലെങ്കിലും കളം നിറഞ്ഞുകളിക്കാന്‍ മെസിക്കായി
ദോഹ: പോളണ്ടിനെതിരായ ജയത്തോടെ കരിയറിന്റെ പുതിയ ഉയരങ്ങളിൽ അർജന്റീനന്‍ നായകന് ലയണൽ മെസി. അര്‍ജന്റീനക്കായി ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച ഡിയാഗോ മറഡോണയുടെ റെക്കോർഡ് മെസി മറികടന്നു. ലോകകപ്പിലേത് മെസിയുടെ 22ാം മത്സരമായിരുന്നു പോളണ്ടിനെതിരെ. അർജന്റീനക്ക് വേണ്ടി 21 ലോകകപ്പുകളിലാണ് മറഡോണ ബൂട്ടുകെട്ടിയത്.
മെസിയുടെ അഞ്ചാം ലോകകപ്പാണ് ഖത്തറിലേത്. ഒരുപക്ഷെ അവസാനത്തേതും. അതേസമയം പോളണ്ടിനെതരായ മത്സരത്തില്‍ ഗോളടിച്ചില്ലെങ്കിലും കളം നിറഞ്ഞുകളിക്കാന്‍ മെസിക്കായി. അര്‍ജന്റീന മത്സരത്തിലുടനീളം ഇരുപത്തിമൂന്ന് ഷോട്ടുകളാണ് തൊടുത്തത്. പതിമൂന്നെണ്ണം പോസ്റ്റിലേക്കെത്തി. ഇതില്‍ പതിനൊന്നും മെസിയുടെ കാലില്‍നിന്ന്. മെസിയെ വളഞ്ഞിട്ട് പ്രതിരോധിച്ചെങ്കിലും അതെല്ലാം ഭേദിച്ച് മെസി പലവട്ടം ഗോള്‍മുഖത്ത് എത്തി.
പോളണ്ട് ഗോള്‍കീപ്പറുടെ പ്രകടനം പോളണ്ടിന്റെ രക്ഷക്കെത്തി. അതിലൊന്നായിരുന്നു മെസി എടുത്ത പെനല്‍റ്റി കിക്ക് തടുത്തത്. മെസിയെ തന്നെ വീഴ്ത്തിയതിനായിരുന്നു റഫറി പെനല്‍റ്റി വിധിച്ചത്. അതേസമയം എതിരിലാത്ത രണ്ട് ഗോളിനായിരന്നു അര്‍ജന്റീനയുടെ ജയം. രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടറിലെ എതിരാളി ശക്തരായ ആസ്ട്രേലിയയാണ്.
പോരായ്മകളുണ്ടെങ്കിലും പോളണ്ടിനെതിരായ കളിമികവ് അർജന്റീനക്ക് പ്രതീക്ഷ നൽകുന്നതാണ്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ആദ്യ പകുതിയിലാണ് മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയത്. 46ാം മിനുറ്റിൽ അലക്സിസ് മാക് അലിസ്റ്ററും 67ാം മിനുറ്റിൽ ജൂലിയൻ അൽവാരസുമാണ് അർജന്റീനക്കായി ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയുള്ള രണ്ട് മത്സരങ്ങളും ആധികാരികമായി അർജന്റീന വിജയിക്കുകയും ചെയ്തു.