ഒടുവിൽ മിശിഹ മടങ്ങി; ലോകകീരിടത്തിൽ മുത്തമിട്ട്

2006, 2010, 2014, 2018 ലോകകപ്പുകളിൽ ലയണൽ മെസി പങ്കെടുത്തെങ്കിലും നീലപ്പടക്ക് കിരീടം നേടാനായിരുന്നില്ല

Update: 2022-12-18 19:50 GMT
Advertising

ദോഹ: കിരീടം കൈമാറും മുമ്പേ ഗോൾഡൻ ബോൾ അവാർഡ് വാങ്ങാനായി വേദിയിലെത്തിയപ്പോൾ സ്‌റ്റേജിൽ വെച്ച ലോകകിരീടത്തിൽ മുത്തം നൽകിയാണ് അർജൻറീനൻ നായകൻ ലയണൽ മെസി നടന്നത്. തന്റെ 16 വർഷത്തെ കരിയറിൽ അകന്നു നിന്ന കിരീടം അദ്ദേഹം എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് ഈ നിമിഷം സാക്ഷ്യം വഹിക്കുന്നുണ്ട്. 2006, 2010, 2014, 2018 ലോകകപ്പുകളിൽ താരം പങ്കെടുത്തെങ്കിലും നീലപ്പടക്ക് കിരീടം നേടാനായില്ല. 35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് ഇക്കുറി പ്രഖ്യാപിച്ചിരുന്നു. അതിനാൽ ഇക്കുറി ലോകകിരീടം നേടാനുറച്ചാണ് മെസിയും സഹതാരങ്ങളും ഇറങ്ങിയത്. മികച്ച പ്രകടനവുമായി താരം മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു. ഫൈനലിൽ രണ്ടുഗോളടക്കം ഏഴു ഗോളുകളാണ് മെസി ഖത്തർ ലോകകപ്പിൽ അടിച്ചത്.

ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി നേടിയപ്പോൾ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് അവാർഡ് കിലിയൻ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാൽ ഏഴു ഗോളാണ് അർജൻറീനൻ നായകൻ അടിച്ചത്. എൻസോ ഫെർണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അർജൻറീനയുടെ വല കാത്ത എമിലിയാനോ മാർട്ടിനെസിനാണ്.

ഫൈനലിന് മുമ്പ് അഞ്ചു ഗോളുകളുമായി മെസിയും എംബാപ്പെയും ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിലായിരുന്നു. എന്നാൽ ഫൈനലിൽ ഹാട്രിക്കടിച്ച എംബാപ്പെ മെസിയെ മറികടക്കുകയായിരുന്നു. എന്നാൽ എംബാപ്പെയേക്കാൾ കൂടുതൽ അസിസ്റ്റ് മെസിയുടെ പേരിലാണുള്ളത്. ഗോളുകൾ സമനിലയിലായിരുന്നുവെങ്കിൽ അവ പരിഗണിക്കുമായിരുന്നു.

60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങിയിരുന്നത്. എന്നാൽ അവരുടെ സ്വപ്‌നം പൂവണിഞ്ഞില്ല. അർജൻറീനയുടെ മൂന്നാം കിരീടമാണിത്. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ഇതിന് മുമ്പ് ലോകകിരീടം നേടിയത്. 2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി.

അതേസമയം, ഈ ഫൈനലോടെ ഒന്നിലധികം ലോകകപ്പ് ഫൈനലുകളിൽ ടീമിനെ എത്തിക്കുന്ന ആറാമത് കോച്ചായി ദിദിയർ ദെഷാംപ്‌സ് മാറി. നേരത്തെ ടീമുകളെ ഒന്നിലധികം ഫൈനലുകളിൽ എത്തിച്ച കോച്ചുമാരിൽ ഒരാൾക്ക് മാത്രമാണ് വിജയം നേടിക്കൊടുക്കാനായത്. ഇതിഹാസ താരമായ വിറ്റോറിയോ പോസ്സോയുടെ പരിശീലനത്തിലാണ് 1934, 1938 ലോകകപ്പുകളിൽ ഇറ്റലി കിരീടം നേടിയത്. എന്നാൽ ദെഷാംപ്‌സിന് ഈ റെക്കോർഡിൽ പേര് ചേർക്കാനായില്ല.

കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളും നേടി മുന്നിൽ നിന്ന് നയിച്ചതോടെ മരണക്കളിയായ ഫൈനലിൽ അർജൻറനീ ഒടുവിൽ വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടിൽ നാലു അർജൻറീനൻ താരങ്ങൾ ഗോളടിച്ചപ്പോൾ ഫ്രഞ്ച് പടയിൽ രണ്ടുപേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോൺസാലോ മോണ്ടിയേൽ, ലിയനാർഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണൽ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാൻസ് നിരയിൽ രണ്ടൽ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാൽ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി.

ആദ്യ പകുതി മുതൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ എംബാപ്പെയിലൂടെ ഫ്രാൻസ് തിരിച്ചുവരികയായിരുന്നു. എയ്ഞ്ചൽ ഡി മരിയയും ലയണൽ മെസിയുമാണ് ആദ്യം നീലപ്പടയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 80ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. എന്നാൽ 108ാം മിനുട്ടിൽ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാർട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്പിലേക്കായിരുന്നു. ഇതോടെ മെസി ഗോൾ പോസ്റ്റിലേക്ക് തൊടുത്തു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോൾവര കടന്നിരുന്നു. പക്ഷേ അർജൻറീനയ്ക്ക് ആശ്വസിക്കാൻ എംബാപ്പെ അവസവരം നൽകിയില്ല. 118ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ കിടിലൻ താരം വീണ്ടും എതിർവല കുലുക്കി. ഇതോടെ മത്സരം 3-3 സമനിലയിൽ നിർത്തി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു.

23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് അർജൻറീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് മെസി ഗോളാക്കിയത്. തുടർന്ന് 36ാം മിനുട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. മക് അല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 45ാം മിനുട്ടിൽ ഫ്രഞ്ച് പോസ്റ്റിൽ അർജൻറീനയ്ക്ക് ലഭിച്ച അവസരം ലോറിസ് വിഫലമാക്കി. 95ാം മിനുട്ടിൽ എംബാപ്പെയും കാമവിങ്കയും നടത്തിയ മുന്നേറ്റവും 96ാം മിനുട്ടിൽ മെസിയുടെ ഗോളെന്നുറച്ച ഷോട്ടും വിഫലമായി. ഫ്രാൻസിന്റെ മുന്നേറ്റം അർജൻറീനൻ പ്രതിരോധം തടഞ്ഞപ്പോൾ മെസിയുടെ ഷോട്ട് ലോറിസ് തട്ടിമാറ്റി.

ടീമുകളുടെ ലൈനപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എയ്ഞ്ചൽ ഡി മരിയ അർജൻറീനൻ നിരയിൽ തിരിച്ചെത്തി. അഡ്രിയാൻ റോബിയോയും ഉപമെകാനോയും ഫ്രാൻസ് ടീമിലും കളിച്ചിരുന്നു. 16ാം മിനുട്ടിൽ മെസിയിലൂടെ ഡി മരിയക്ക് ലഭിച്ച പാസ് എതിർപോസ്റ്റിന് മുകളിലൂടെയാണ് അടിച്ചത്. ഫ്രാൻസിനെതിരെ ഫൈനലിൽ അർജൻറീനയിറങ്ങിയതോടെ സൂപ്പർ താരം ലയണൽ മെസി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി. 26ാമത് മത്സരമാണ് ഇന്നത്തോടെ താരം കളിച്ചത്.

Messi kisses the FIFA World Cup trophy

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News