ആയിരത്തിൽ ഒരു 'വൺ'; മെസി, നീലപ്പടയുടെ രക്ഷകൻ
ലോക ഫുട്‌ബോളിൽ ഇതോടെ താരത്തിന്റെ ഗോൾനേട്ടം 789 ആയി
ഖത്തർ ലോകപ്പിലെ രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കങ്കാരുപ്പടയെ കൂട്ടിലാക്കിയ അർജന്റീനൻ നിരയുടെ കരുത്ത് ലയണൽ മെസി എന്ന താരം തന്നെയായിരുന്നു. ഒസീസ് നിരത്തി നിർത്തിയ പ്രതിരോധ പൂട്ട് പൊട്ടിച്ചാണ് 35-ാം മിനിറ്റിൽ മെസിയുടെ ഗോൾ പിറന്നത്. ആ പന്ത് കുതിച്ചത് മറ്റൊരു റെക്കോർഡിലേക്കായിരുന്നു. അർജന്റീനൻ ഇതിഹാസ താരം മർഡോണയുടെ ഗോൾ നേട്ടത്തെ ഇതോടെ മെസി മറികടന്നു.
പ്രൊഫഷണൽ കരിയറിലെ 1000-ാമത്തെ മത്സരത്തിലാണ് മെസിയുടെ ഈ നേട്ടം. ഈ ലോകകപ്പിൽ മെസിയുടെ മൂന്നാം ഗോളാണിത്, കളിയിലെ താരവും മെസിയാണ് ലോകകപ്പിൽ കൂടുതൽ തവണ കളിയിലെ താരമായതിന്റെ റെക്കോർഡും ഇതോടെ മെസി സ്വന്തമാക്കി. ആസ്ത്രേലിയക്കെതിരെ താരം നേടിയത് ഏഴാം മാൻ ഓഫ് ദ മാച്ച് പുരസ്കാരം
മാറഡോണ ലോകകപ്പിൽ എട്ട് ഗോളുകളാണ് നേടിയത്. ഇതാണ് മെസി മറകടന്നത്. ഇനി മെസിക്കു മുന്നിലുള്ളത് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട മാത്രമാണ്. ലോക ഫുട്‌ബോളിൽ ഇതോടെ താരത്തിന്റെ ഗോൾനേട്ടം 789 ആയി. ഫിഫ ലോകകപ്പിലെ നോക്കൗട്ട് സ്റ്റേജിൽ താരം നേടുന്ന ആദ്യഗോളാണിതെന്ന പ്രത്യേകത കൂടിയുണ്ട്. 2010, 2014, 2018 ലോകകപ്പുകളിൽ നോക്കൗട്ട് ഘട്ടത്തിൽ അസിസ്റ്റ് നൽകാൻ മെസിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഗോൾ കണ്ടെത്താനാവാത്തതാണ് ഈ മത്സരത്തോടെ തിരുത്തിക്കുറിച്ചത്.
ലോകകപ്പിൽ താരത്തിന്റെ ഒമ്പതാം ഗോളാണിത്. ബാഴ്സയിൽ 672 ഗോളും പിഎസ്ജിയിൽ 23 ഗോളുകളും നേടിയപ്പോൾ ദേശിയ ടീമിനൊപ്പം നിന്ന് 93 വട്ടമാണ് മെസി വല കുലുക്കിയത്. ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനൽ കരിയറിൽ ലിയോണൽ മെസി 1000 മത്സരങ്ങൾ പൂർത്തിയാക്കി. അർജൻറീനയ്ക്കായി 169 മത്സരങ്ങൾ കളിച്ച മെസി ക്ലബ് തലത്തിൽ ബാഴ്സലോണയിൽ 778 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി.
ക്വാർട്ടറിൽ നെതർലൻഡ്‌സാണ് അർജൻറീനയുടെ എതിരാളികൾ. യുഎസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് നെതർലൻഡ്‌സ് ക്വാർട്ടറിലെത്തിയത്.