'മെസിയെ എനിക്കറിയാം, അങ്ങനെ ചെയ്യില്ല': ജേഴ്‌സി വിവാദത്തിൽ പിന്തുണയുമായി മെക്‌സിക്കൻ നായകൻ

മെക്‌സിക്കോയ്‌ക്കെതിരെ അർജന്റീന വിജയിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രസിങ് റൂമിൽ നടന്ന ആഘോഷാണ് വിവാദത്തിലേക്ക് എത്തിയത്

Update: 2022-11-30 08:30 GMT
Editor : rishad | By : Web Desk
Advertising

ദോഹ: ഡ്രസിങ് റൂമിൽ മെക്‌സിക്കൻ ജേഴ്‌സി നിലത്തിട്ട് ചവിട്ടിയെന്ന വിവാദത്തിൽ സൂപ്പർതാരം മെസിക്ക് പൂർണ പിന്തുണയുമായി മെക്‌സിക്കൻ നായകൻ ആന്ദ്രേസ് ഗുർദാദോ. മെസി എന്ന വ്യക്തിയെ എനിക്കറിയാമെന്നും അദ്ദേഹം അങ്ങനെ ചെയ്യുന്നയാളല്ലെന്നും ഗുർദാദോ പറഞ്ഞു. ശനിയാഴ്ച നടന്ന മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ അർജന്റീന വിജയിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രസിങ് റൂമിൽ നടന്ന ആഘോഷമാണ് വിവാദത്തിലേക്ക് എത്തിയത്.

ആഘോഷത്തിനിടെ മെക്‌സിക്കൻ ജേഴ്‌സി, മെസി നിലത്തിട്ട് ചവിട്ടി എന്നായിരുന്നു ആരോപണം. ഇതിനെതിരെ മെക്‌സിക്കൻ ബോക്‌സർ കനേലോ അൽവാരസ് രൂക്ഷപ്രതികരണമാണ് നടത്തിയത്. തന്റെ മുന്നിൽ വരാതിരിക്കുന്നതാണ് മെസിക്ക് നല്ലതെന്നായിരുന്നു ബോക്‌സറുടെ പ്രതികരണം. സംഭവം സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയും ചെയ്തു. മെക്സിക്കോയെ അപമാനിച്ചുവെന്നും മെസി മാപ്പുപറയണമെന്നുമൊക്കെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്. 

എന്നാല്‍ ഡ്രസിങ് റൂമിൽ നടക്കുന്നത് എന്താണെന്ന് അറിയാത്തത് കൊണ്ടാണ് കനേലോയുടെ അഭിപ്രായ പ്രകടനമെന്നാണ് മെക്‌സിക്കൻ നായകൻ പറയുന്നത്. 'മെസി എന്ന വ്യക്തിയെക്കുറിച്ച് എനിക്ക് അറിയാം, അദ്ദേഹം അങ്ങനെ ചെയ്യുന്നയാളല്ല, വിയർത്തുവരുന്നതിനാൽ ജേഴ്‌സികളെല്ലം തറയിൽ തന്നെയാണ് ഇടാറ്, അത് സ്വന്തമായാലും എതിര്‍ ടീമിന്റെതായാലും, എന്താണ് ഡ്രസിങ് റൂമിൽ നടക്കുന്നതെന്ന് കനാലോക്ക് അറിയില്ല, ഇതൊക്കെ നിസാര കാര്യമാണ്, ഞാൻ കൈമാറിയ ജേഴ്‌സിയാണത്'-  ഗുർദാദോ പറഞ്ഞു. 

മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. മെസി, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയത്. അതേസമയം നിര്‍ണായക മത്സരത്തില്‍ അർജന്റീന ഇന്ന് പോളണ്ടിനെ നേരിടും. ഇന്ന് തോറ്റാല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിലാണ് മെസിപ്പട.

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പോളണ്ടിനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന ലക്ഷ്യമാക്കുന്നില്ല. ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടര്‍ കടക്കാം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News