പാഴായ പെനൽറ്റി, ചരിത്രം ആവർത്തിക്കുമോ? എങ്കിൽ കപ്പ് അർജന്റീനക്ക്
അർജന്റീന മുത്തമിട്ട രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നായകന്മാർ പെനൽറ്റി പാഴാക്കിയിരുന്നു.
ദോഹ: പോളണ്ടിനെതിരെ മെസി പാഴാക്കിയ പെനൽറ്റി അർജന്റീനയുടെ കിരീടധാരണത്തിലേക്കുള്ള സൂചനയോ? സമൂഹമാധ്യമങ്ങളിൽ അർജന്റീനൻ ആരാധകർ ഇങ്ങനെയൊരു വാക്യവുമായി രംഗത്തുണ്ട്. ചരിത്രവുമായി ബന്ധപ്പെടുത്തിയാണ് അവർ ഇക്കാര്യം പറയുന്നത്. അർജന്റീന മുത്തമിട്ട രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നായകന്മാർ പെനൽറ്റി പാഴാക്കിയിരുന്നു.
1978, 1986 വർഷങ്ങളിലായിരുന്നു ലോകകപ്പ് കരീടം അര്‍ജന്റീന ഉയർത്തിയിരുന്നത്. 1978ലായിരുന്നു ആദ്യത്തെ സംഭവം. ആ മത്സരത്തിലെ നായകനായിരുന്ന മരിയോ കെംപസ് പെനൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. ആ വർഷം അർജന്റീന കനകക്കിരീടത്തിൽ മുത്തമിട്ടു. എട്ട് വർഷങ്ങൾക്കിപ്പുറം അതുപോലൊന്ന് വീണ്ടും സംഭവിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പെനൽറ്റി നഷ്ടപ്പെടുത്തിയത് സാക്ഷാൽ ഡിയാഗോ മറഡോണ.
ആ വർഷവും കപ്പ് അർജന്റീനക്ക്. ഇത്തവണയും ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നായകൻ മെസി പെനൽറ്റി പാഴാക്കി. ചരിത്രം ആവർത്തിച്ചാൽ ഖത്തറിൽ മെസിയും സംഘവും കപ്പ് ഉയർത്തും. 1978ലും 86ലും കെംപും മറഡോണയും ടീമിന്റെ വിജയത്തിൽ നിർണായക ഘടകങ്ങളായിരുന്നു. മികച്ച ഫോമിലായിരുന്ന ഇരുവരും ടീമിനായി നിർണായക ഘട്ടങ്ങളിൽ ഗോളുകൾ നേടിയിരുന്നു. അതേസമയം പ്രീക്വാർട്ടറിൽ ശക്തരായ ആസ്‌ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. കംഗാരുപ്പടയെ തോൽപിച്ച് അവസാന എട്ടിലെത്തുക എന്നത് മെസിക്കും സംഘത്തിനും വെല്ലുവിളിയാകും.
പോരായ്മകളുണ്ടെങ്കിലും പോളണ്ടിനെതിരായ കളിമികവ് അർജന്റീനക്ക് പ്രതീക്ഷ നൽകുന്നതാണ്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ആദ്യ പകുതിയിലാണ് മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയത്. 46ാം മിനുറ്റിൽ അലക്‌സിസ് മാക് അലിസ്റ്ററും 67ാം മിനുറ്റിൽ ജൂലിയൻ അൽവാരസുമാണ് അർജന്റീനക്കായി ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയുള്ള രണ്ട് മത്സരങ്ങളും ആധികാരികമായി അർജന്റീന വിജയിക്കുകയും ചെയ്തു.