മനസുകള്‍ ജയിച്ച് മൊറോക്കോ: ലോകകപ്പ് സെമി കളിച്ച ആദ്യ ആഫ്രിക്കൻ രാജ്യം
മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഇനി ക്രൊയേഷ്യയാണ് മൊറോക്കോയുടെ എതിരാളികൾ
ദോഹ: സെമിഫൈനലിൽ കീഴടങ്ങിയെങ്കിലും ഖത്തറിൽ ചരിത്രം കുറിച്ചിരിക്കുന്നു മൊറോക്കൊ. ലോകകപ്പ് സെമിഫൈനൽ കളിച്ച ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം ഇനി മൊറോക്കോയ്ക്ക് സ്വന്തമാണ്. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഇനി ക്രൊയേഷ്യയാണ് മൊറോക്കോയുടെ എതിരാളികൾ. മൊറോക്കൊ മടങ്ങുകയാണ്, മനസുകൾ ജയിച്ച്...
സ്വപ്നസമാനമായ യാത്ര. കരുത്തരെ കീഴടക്കിയുള്ള കുതിപ്പ്. ആരെയും കൂസാതെ, പെരുമകളെ ഭയക്കാതെയുള്ള കളി. മൊറോക്കൊയെന്ന പേര് ലോകകപ്പ് ചരിത്രത്തിൽ കൊത്തിവെച്ചിരിക്കുന്നു. പ്രവചനങ്ങളിൽ എവിടെയുമുണ്ടായിരുന്നില്ല മൊറോക്കൊ. ബെൽജിയവും ക്രൊയേഷ്യയുമുള്ള ഗ്രൂപ്പിൽ നിന്ന് മുന്നോട്ട്പോകുമെന്ന് പറഞ്ഞവർ പോലും കുറവ്. അവിടെ ബെൽജിയത്തെ വീഴ്ത്തി, ക്രൊയേഷ്യയെ തളച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി മുന്നേറി അവർ.
പ്രീക്വാർട്ടറിൽ സ്പെയ്നും ക്വാർട്ടറിൽ പോർച്ചുഗലും മൊറോക്കോയ്ക്ക് മുന്നിൽ മുട്ടുമടക്കി. വാലിദ് റെഗ്റാഗി എന്ന പരിശീലകൻ. ഒരേ മനസിൽ ഒരേ താളത്തിൽ പന്തുതട്ടുന്ന ഒരു സംഘം. എതിരാളിയെ അറിഞ്ഞും അവരെ അളന്ന് ആക്രമിച്ചും പ്രതിരോധിച്ചും മുന്നേറിയവർ. തിങ്ങിനിറഞ്ഞ ആരാധകരെ കുറിച്ചും പറയണം. ആരവങ്ങളും ആർപ്പുവിളികളുമായി ഗാലറിയിൽ ചുവപ്പുനിറം ചാർത്തിയവർ. പ്രതീക്ഷകൾ ബാക്കിയാക്കുന്നു. മൈതാനങ്ങളിൽ ഇനിയും മൊറോക്കൻ കാറ്റ് വീശും.
സെമിയിൽ മൊറോക്കോയുടെ കുതിപ്പിന് തടയിട്ടാണ് ഫ്രാൻസ് കലാശപ്പോരിന് യോഗ്യത നേടിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. തിയോ ഹെർണാണ്ടസും കോലോ മുആനിയും ഗോളുകള്‍ നേടി. ഞായറാഴ്ചയാണ് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍.