'പെനൽറ്റി ലഭിക്കില്ല, മെസിയുമായി അപ്പോൾ ബെറ്റ് വെച്ചു'; പോളണ്ട് ഗോൾകീപ്പറുടെ വെളിപ്പെടുത്തൽ
ഗോളെന്നുറപ്പിച്ച് അർജന്റീനൻ ആരാധകർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ അഞ്ചോളം അവസരങ്ങളാണ് ഷെസ്‌നി തട്ടിമാറ്റിയത്.
ദോഹ: അർജന്റീനക്കെതിരായ തോൽവിയിൽ പോളണ്ട് ഗോൾകീപ്പർ വോയ്ചിഹ് ഷെസ്‌നിയെ ആരും കുറ്റപ്പെടുത്തില്ല. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും പോളണ്ട് നിരയിൽ മിന്നിത്തിളങ്ങിയത് യുവന്റസിന്റെ ഈ ഗോൾകീപ്പറായിരുന്നു. സൂപ്പർതാരം ലയണൽ മെസിയുടെ പെനൽറ്റികിക്ക് തടുത്തു എന്ന് മാത്രമല്ല, ഗോളെന്നുറപ്പിച്ച് അർജന്റീനൻ ആരാധകർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ അഞ്ചോളം അവസരങ്ങളാണ് ഷെസ്‌നി തട്ടിമാറ്റിയത്.
മത്സരത്തിന്റെ 34ാം മിനുറ്റിലായിരുന്നു അർജന്റീനക്ക് അനുകൂലമായി പെനൽറ്റി വിധിച്ചത്. ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിൽ പന്ത് തട്ടിമാറ്റാനുള്ള ഗോൾകീപ്പറുടെ ശ്രമം മെസിയുടെ വീഴ്ചയിലാണ് കലാശിച്ചത്. അർജന്റീനൻ താരങ്ങൾ പെനൽറ്റിക്കായി വാദിച്ചു. 'വാറി'ല്‍ ഫൗൾ നടന്നെന്ന് വ്യക്തമായതിനെ തുടർന്ന് റഫറി പെനൽറ്റി വിധിക്കുകയും ചെയ്തു. വാർ ചെക്ക് ചെയ്യുന്നതിനിടെയാണ് താൻ മെസിയുമായി ബെറ്റ് വെച്ച കഥ ഷെസ്‌നി പറയുന്നത്.
'ആ ഫൗളിന് ഒരിക്കലും പെനൽറ്റി അനുവദിക്കില്ല, 100 യൂറോക്ക് ബെറ്റ് വെക്കാം'- മെസിയോട് പറഞ്ഞതായി ഷെസ്‌നി വെളിപ്പെടുത്തി. മത്സര ശേഷം ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒടുവിൽ ഫൗൾ നടന്നതായി വാർ കണ്ടെത്തി പെനൽറ്റി അനുവദിക്കുകയും ചെയ്തു. ബെറ്റിൽ പോളണ്ട് ഗോൾകീപ്പർ തോറ്റു. 'ബെറ്റിന്റെ കാര്യം ലോകകപ്പിൽ അനുവദിക്കുമോ എന്ന് അറിയില്ല, ഫിഫ അറിഞ്ഞാൽ വിലക്ക് വന്നേക്കാം, ഇപ്പോ ഞാനതൊന്നും കാര്യമാക്കുന്നില്ല, ചിരിച്ച് കൊണ്ട് ഷെസ്‌നി പറഞ്ഞു.
ബെറ്റിൽ തോറ്റെങ്കിലും ലോകം ആദരിക്കുന്നൊരു കളിക്കാരന്റെ പെനൽറ്റി കിക്ക് തടുക്കാനായതിന്റെ സന്തോഷത്തിലാണ് ഷെസ്. ഈ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ഷെസ്, പെനൽറ്റി കിക്ക് തടുത്തിടുന്നത്. അതേസമയം അർജന്റീനയോട് തോറ്റെങ്കിലും പോളണ്ട് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. സമനില മാത്രം ആഗ്രഹിച്ചായിരുന്നു പോളണ്ട് കളി തുടങ്ങിയത് തന്നെ. എന്നാല്‍ മെസിപ്പടക്ക് സമനില പോരായിരുന്നു. ജയിക്കാന്‍ വേണ്ടി തന്നെയാണ് അവര്‍ പന്ത് തട്ടിയത്. അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനക്കായി ഗോളുകൾ നേടിയത്.