തോൽവി അറിയാത്ത ക്രൊയേഷ്യ, ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തുന്ന ജപ്പാൻ: എന്തും പ്രതീക്ഷിക്കാം...

ടീം ഗെയിമാണ് ജപ്പാന്റെ കരുത്ത്. കുറിയ പാസുകളിൽ അതിവേഗം മുന്നേറുന്നതാണ് കളിശൈലി

Update: 2022-12-05 13:23 GMT
Editor : rishad | By : Web Desk
Advertising

ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ ഇന്ന് ഏഷ്യൻ കരുത്തരായ ജപ്പാനെ നേരിടും. തോൽവി അറിയാതെ എത്തുന്ന ക്രൊയേഷ്യയും ഗ്രൂപ്പ് ചാമ്പ്യൻമാരായി എത്തുന്ന ജപ്പാനും നേർക്കുനേർ വരുമ്പോൾ എന്തും പ്രതീക്ഷിക്കാം. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം. 

ജർമനിയെയും സ്പെയിനെയും അട്ടിമറിച്ച് എത്തുന്ന ജപ്പാൻ. കാനഡയ തോൽപ്പിച്ച് മൊറോക്കയോടും ബെൽജിയത്തോടും സമനില വഴങ്ങിയെത്തുന്നു ക്രൊയേഷ്യ. ഇരുവരും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുമ്പോൾ ആവേശം ഒട്ടും കുറയില്ല. എന്നാല്‍ 2018ലെ റണ്ണറപ്പുകളായ ക്രൊയേഷ്യയുടേത് പകിട്ടിന് ഒപ്പം നിൽക്കുന്ന പ്രകടനമല്ല.

2018ലെ കരുത്തും ടീമിനില്ല. നായകൻ ലൂക്ക മോഡ്രിച്ച് നയിക്കുന്ന മധ്യനിരയിലാണ് വിശ്വാസം. മുന്നേറ്റനിരയിൽ പെരിസിച്ചും,ലാവിച്ചു ഗോൾ കണ്ടെത്താനുണ്ട്. രണ്ട് ഗോളുകൾ നേടിയ ക്രമാരിച്ചിന്റെ  പ്രകടനം പ്രതീക്ഷ നൽകുന്നു. പ്രതിരോധനിര പരീക്ഷിക്കപ്പട്ടിട്ടില്ല. കളിച്ചും കളിപ്പിച്ചും മുന്നേറുന്ന 37കാരനായ ലൂക്ക മോഡ്രിച്ചിൽ തന്നെയാണ് ക്രൊയേഷ്യയുടെ പ്രതീക്ഷകൾ. 

അതേസമയം പ്രവചനങ്ങൾ പാടെ തെറ്റിച്ചാണ് ജപ്പാന്റെ വരവ്. വൺ ഡേ വണ്ടർ എന്ന പരിഹാസങ്ങളെ കാറ്റിൽ പറത്തുന്നതായിരുന്നു സ്പെയിനെതിരായ ജയം. ടീം ഗെയിമാണ് ജപ്പാന്റെ കരുത്ത്. കുറിയ പാസുകളിൽ അതിവേഗം മുന്നേറുന്നതാണ് കളിശൈലി. യുറോപ്യൻ ലീഗുകളിൽ കളിക്കുന്ന ഒരുപിടി സൂപ്പർ താരങ്ങൾ ജപ്പാനെ കൂടുതൽ അപകാരികളാക്കുന്നു. എന്നാല്‍ സ്പെയിനിനെതിരെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട പ്രതിരോധനിര താരം കൗ ഇത്താക്കുറയ്ക്ക് പുറത്തിരിക്കേണ്ടി വരുന്നത് ടീമിന് തിരിച്ചടിയാണ്. ജര്‍മനിയെയും സ്പെയിനിനെയും തളയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇത്താക്കുറ.

1998 മുതൽ എല്ലാ ലോകകപ്പിലും കളിക്കുന്ന ജപ്പാൻ നാലാം തവണയാണ് പ്രീ ക്വാർട്ടറിലെത്തുന്നത്. ഇരുവരും മുൻപ് രണ്ട് വട്ടമാണ് ലോകകപ്പിൽ ഏറ്റുമുട്ടിയത്. 1998ൽ ക്രൊയേഷ്യ ഒരു ഗോളിന് ജയിച്ചു. 2006ൽ മത്സരം സമനിലയിൽ കലാശിച്ചു. ക്വാർട്ടർ ലക്ഷ്യം വച്ച് രണ്ട് ടീമുകളും നേർക്കുനേർ വരുമ്പോൾ അപ്രവചനീയമാണ് മത്സരഫലം. ഫുട്ബോള്‍ പ്രേമികൾക്കിത് ഉഗ്രൻ വിരുന്നാകും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News