കൊറിയക്ക് മേൽ ഗോൾ മഴ; ക്വാർട്ടറിലേക്ക് പറന്ന് കാനറികൾ

ആദ്യ പകുതിയിൽ നാല് ഗോളുകൾ കൊറിയന് വലയിൽ അടിച്ചു കയറ്റിയ ബ്രസീൽ അതേ ആധിപത്യം രണ്ടാം പകുതിയിലും തുടർന്നിരുന്നു.

Update: 2022-12-05 21:04 GMT
Editor : abs | By : Web Desk
Advertising

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കൊറിയയെ ഗോളിൽ മുക്കി കാനറിപ്പട ക്വാർട്ടറിൽ. ഏകപക്ഷീയമായി മാറിയ പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. ആദ്യപകുതിയിലായിരുന്നു ബ്രസീലിന്റെ നാലു ഗോളുകളും. വിനീഷ്യസ് (8), നെയ്മർ (13, പെനൽറ്റി), റിച്ചാർലിസൻ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ പയ്ക് സ്യൂങ് ഹോ നേടി.

കളിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ മുന്നിലെത്തിയിരുന്നു. വലത് വിങ്ങിലെ മികച്ച മുന്നേറ്റത്തിനൊടുക്കം റാഫിന്യയുടെ ക്രോസ്സില്‍ നിന്നാണ് ഏഴാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്‌. റിച്ചാർലിസണെ ഫൗൾ ചെയ്തതിനാണ് ബ്രസീലിന് അനുകൂലമായി പന്ത്രണ്ടാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി സൂപ്പർ താരം നെയ്മർ വലയിലെത്തിച്ചു. ബ്രസീലിനായി 123–ാം മത്സരം കളിക്കുന്ന നെയ്മറിന്റെ 76–ാം ഗോളാണ് കൊറിയയ്‌ക്കെതിരെ പിറന്നത്. ഇതിഹാസ താരം പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ നെയ്മറിനു വേണ്ടത് ഒരേയൊരു ഗോൾകൂടി മാത്രം.

കളത്തിൽ ബ്രസീൽ സമ്പൂർണാധിപത്യം തുടരുന്നതിനിടെയാണ് ബ്രസീൽ മൂന്നാം ഗോൾ നേടിയത്. മാർക്വീഞ്ഞോസിൽനിന്ന് പന്തു സ്വീകരിച്ച തിയാഗോ സിൽവയുടെ ത്രൂപാസ് റിച്ചാർലിസന് കൈമാറി.  മുന്നോട്ടുകയറിയ റിച്ചാർലിസൻ പന്ത് വലയിലാക്കി. സ്കോർ 3–0. ആ ഗോളിന്റെ ആരവം അടങ്ങുന്നതിന് മുമ്പ് അടുത്ത ഗോള്‍ പക്വേറ്റയുടെ വക. ഇടതുവിങ്ങിൽ പന്തു സ്വീകരിച്ച് വിനീഷ്യസ് അത് കൊറിയൻ ബോക്സിനുള്ളിലേക്ക് തട്ടിയിട്ടു. താരങ്ങളുടെ കൂട്ടപ്പൊരിച്ചിലിനിടെ പന്തു പക്വേറ്റയുടെ വലംകാലാൽ വലയിലേക്ക്. സ്കോർ 4–0.

രണ്ടാം പകുതിയിലും കൊറിയൻ ബോക്‌സിൽ മഞ്ഞപ്പട നിരന്തരം ഭീഷണികൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. 54 ാം മിനിറ്റിൽ. ബോക്സിനുള്ളിൽ നിന്നുള്ള റാഫിന്യയുടെ ഷോട്ട് കൊറിയൻ ഗോൾകീപ്പർ സേവ് ചെയ്തു.  ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ പയ്ക് സ്യൂങ് ഹോ നേടി.

ബ്രസീൽ: അലിസൺ; മിലിറ്റോ, മാക്വിനോസ്, സിൽവ, ഡാനിലോ; കാസെമിറോ, പാക്വെറ്റ; റാഫിൻഹ, നെയ്മർ, വിനീഷ്യസ് ജൂനിയർ; റിച്ചാർലിസൺ

ദക്ഷിണ കൊറിയ : എസ് കിം; എം.എച്ച്. കിം, എം. കിം, വൈ. കിം, ജെ. കിം; ഹ്വാങ്, ജംഗ്; എച്ച്. ഹ്വാങ്, ജെ. ലീ, സൺ; ജി.എസ് ചോ

ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റ് മടങ്ങിയ നെയ്മര്‍ പിന്നീടുള്ള ബ്രസീലിന്‍റെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. എന്നാല്‍ പ്രധാന താരങ്ങളായ പക്വേറ്റ, കാസിമെറോ, ഡാനിലോ, തിയാഗോ സില്‍വ, മാര്‍ക്വീഞ്ഞാസ്, മിലിറ്റാവോ, അലിസണ്‍ ബെക്കര്‍ എന്നിവരടങ്ങുന്നതായിരുന്നു ബ്രസീലിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News