ഗോൾഡൻ ബോയി; ചരിത്രം കുറിച്ച് 'ഗാവി'
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു സ്‌പെയിൻ കോസ്റ്ററീക്കയ്‌ക്കെതിരെ നേടിയത്
ഖത്തർ ലോകകപ്പിലെ സ്‌പെയിൻ കോസ്റ്ററീക്ക മത്സരം മറ്റൊരു റെക്കോർഡിനുകൂടി സാക്ഷ്യം വഹിക്കുന്നതായിരുന്നു. അത് ഗാവി എന്ന സ്‌പെയിൻ താരത്തിന്റെ ബൂട്ടുകളിൽ നിന്ന് ഉതിർന്ന ഗോളായിരുന്നു. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ഗാവി മാറി. ഒപ്പം ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്പാനിഷ് താരവും കൂടിയാണ് ഇപ്പോൾ ഗാവി. 2004 ഓഗസ്റ്റ് 5 നു ജനിച്ച ഗാവിക്ക് നിലവിൽ 18 വയസ്സും 110 ദിവസവും ആണ് പ്രായം.
പെലെയും മാനുവൽ റോസാസും മാത്രമാണ് ഗാവിയേക്കാൾ കുറഞ്ഞ പ്രായത്തിൽ ലോകകപ്പിൽ ഗോൾ നേടിയ താരങ്ങൾ. പെലെ 1958 ലോകകപ്പിൽ ഗോൾ നേടുമ്പോൾ 17 വയസും 249 ദിവസവുമായിരുന്നു പ്രായം. റോസാസയ്ക്കാണെങ്കിൽ 18 വയസും 93 ദിവസവുമായിരുന്നു. ഈ വർഷത്തെ ഗോൾഡൻ ബോയി, കോപ ട്രോഫി ജേതാവും ഗാവി ആയിരുന്നു.
ഗാവിയെ കൊണ്ട് തീർന്നില്ല സ്‌പെയിൻ കോസ്റ്ററീക്ക മത്സരത്തിലെ റെക്കോർഡുകൾ. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു സ്‌പെയിൻ കോസ്റ്ററീക്കയ്‌ക്കെതിരെ നേടിയത്. മറ്റൊരു റെക്കോർഡ് ഏറ്റവും കൂടുതൽ പാസുകൾ പൂർത്തീകരിച്ച ടീം എന്നതായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം പാസുകൾ പൂർത്തീകരിച്ച ടീം എന്ന റെക്കോർഡ് ഇപ്പോൾ സ്പാനിഷ് പടയുടെ പേരിലാണ്.
ഗാവിയുടെ ഗോളടക്കം ഏകപക്ഷീയമായ ഏഴ് ഗോളുകൾക്കാണ് സ്‌പെയിൻ കോസ്റ്ററീക്കയെ വീഴ്ത്തിയത്.