ഫ്രഞ്ച് ടീമിന് ആശ്വാസവും ആശങ്കയും; രണ്ടുപേർ തിരിച്ചെത്തിയപ്പോൾ രണ്ടുപേർ പരിശീലനത്തിനിറങ്ങിയില്ല
പനി മാറി മധ്യനിരക്കാരൻ റാബിയോയും ഉപാമെക്കാനോയും തിരിച്ചെത്തി
ദോഹ: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന ഫ്രഞ്ച് ടീമിന് ആശ്വാസവും ആശങ്കയും. പനി മാറി മധ്യനിരക്കാരൻ റാബിയോയും ഉപാമെക്കാനോയും തിരിച്ചെത്തിയപ്പോൾ പ്രതിരോധ നിരക്കാരായ വരാനെയും തിയോ ഹെർണാണ്ടസും പരിശീലനത്തിന് ഇറങ്ങിയില്ല. ഫ്രാൻസിന്റെ പരിശീലന വേദിയായ അൽ സദ് സ്‌റ്റേഡിയത്തിൽ താരങ്ങളെത്തിയിട്ടില്ല.
ഫ്രാൻസ് ടീമിലെ അഞ്ച് പ്രമുഖ താരങ്ങൾ പനിയും പരിക്കു മൂലം ഇന്നലെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇവരിൽ റാബിയോയും ഉപാമെക്കാനോയും തിരിച്ചെത്തിയിരിക്കുകയാണ്. കിൻസ്ലി കൊമാൻ, റാഫേൽ വരാനെ, ഇബ്രിഹിമ കൊനാറ്റെ എന്നിവർക്കാണ് ഇപ്പോൾ പനിയുള്ളത്. പനി ബാധിച്ച മൂന്നുപേരും ഫൈനലിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഫ്രാൻസിന്റെ പ്രതിരോധനിരക്ക് വലിയ ആഘാതമാകും ഈ വിടവ് സൃഷ്ടിക്കുക.
അതേസമയം, വൈറൽ ഫീവർ ഫ്രഞ്ച് ടീമിന്റെ ഒരുക്കങ്ങളെ ബാധിക്കില്ലെന്ന് വാർത്താ സമ്മേളനത്തിൽ ഒസ്മാൻ ഡെംബലെ പറഞ്ഞു. മെസി മികച്ച താരമാണ്, അദ്ദേഹത്തിന് പരമാവധി പന്ത് ലഭിക്കാതിരിക്കാൻ ശ്രമിക്കുമെന്നും ഡെംബെലെ വ്യക്തമാക്കി. 'എല്ലാവർക്കും ലോകകപ്പ് ജയിക്കണമെന്ന ആഗ്രഹമുണ്ട്. മെസിക്ക് ലഭിക്കാത്ത ഏക കിരീടവും ഇതാണ്, പക്ഷെ ഇത്തവണ ഫ്രാൻസിന് കിരീടം സമ്മാനിക്കാനാണ് ഞങ്ങൾ ഇറങ്ങുന്നത്' താരം വ്യക്തമാക്കി.
മൊറോക്കോക്കെതിരെ ഫ്രാൻസ് നേരിട്ട പ്രധാന വീഴ്ച്ച മധ്യനിരയിലെ പ്രശ്‌നങ്ങളായിരുന്നു. മിഡ്ഫീൽഡ് നിയന്ത്രിക്കുന്ന ഗ്രീസ്മാന് പന്ത് എത്തിച്ചുകൊടുക്കാൻ നിയോഗിക്കപ്പെട്ട ഷുവാമെനിക്കും റാബിയോക്കുമായിരുന്നു. എന്നാൽ റാബിയോ കളിക്കാത്തതിനാൽ ഫെഫാനയാണ് പകരമിറങ്ങിയത്. താരത്തിന് അതേ മികവിൽ കളിക്കാനായിരുന്നില്ല. പക്ഷേ ഗ്രൗണ്ടിലുടനീളം ഓടിക്കളിച്ച് ഗ്രീസ്മാൻ പന്ത് കണ്ടെത്തിയിരുന്നു. മത്സരത്തിന്റെ താരവും ഗ്രീസ്മാനായിരുന്നു.
ഇപ്പോൾ പനി ബാധിച്ച വരാനെ ഫൈനലിൽ തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. കാൽമുട്ടിന് ചെറിയ പരിക്കുള്ള ഹെർണാണ്ടസിനെ ഫൈനലിൽ ഇറക്കിയേക്കും. താരത്തിന് കോച്ച് വിശ്രമം നൽകിയതായാണ് വിവരം. താരത്തിന് ഇറങ്ങാനായില്ലെങ്കിൽ അത് ഫ്രഞ്ച് പടയ്ക്ക് തിരിച്ചടിയാകും.
ലോകകപ്പ് കലാശപോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും നാളെയാണ് ഏറ്റമുട്ടുക. ഞായറാഴ്ച ഇന്ത്യൻ സമയം എട്ടരക്ക് ലുസൈൽ സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങുമ്പോൾ മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഖത്തർ ലോകകപ്പിലെ അവസാന രാത്രിയും അവസാന അങ്കവുമാണിത്. മെസിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ ലോകകിരീടത്തിലേക്ക് ഒരു ജയം മാത്രമാണ് ദൂരം. 2018 ൽ നേടിയ കിരീടം നിലനിർത്താൻ ഉറച്ചാണ് ഫ്രാൻസ് ഇറങ്ങുന്നത്. അർജന്റീനയെ നേരിടുമ്പോൾ ആത്മവിശ്വാസവും ആശങ്കയുമുണ്ട് ടീമിന്. ഈ ലോകകപ്പിൽ ഇതുവരെ നേരിട്ട ടീമുകൾ പോലെയല്ല അർജന്റീന. കളത്തിന് അകത്തും പുറത്തും കരുത്തരാണ്. മെസി ഫാക്ടറും ദെഷാംപ്‌സിന് തലവേദനയാകും. അത് ഫ്രഞ്ച് കോച്ച് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പ്ലേമേക്കർ റോളിൽ കളിക്കുന്ന മെസി കൂടുതൽ അപകടകാരിയാണെന്നും മെസിക്കെതിരെ കൃത്യമായ പദ്ധതിയുണ്ടെന്നും ദെഷാംപ്‌സ് പറഞ്ഞു.
മെസി നയിക്കുന്ന മുന്നേറ്റവും ഫ്രഞ്ച് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം. മെസിയെ പൂട്ടിയാലും ടീമിനെ പിടിക്കാനായെന്ന് വരില്ല. ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടാസും അകൂനയും മകലിസ്റ്ററും മോശക്കാരല്ല. ഫ്രാൻസിനെതിരെ ഇറങ്ങുമ്പോൾ പ്രതികാരത്തിന്റെ പോരാട്ടമാണ് അർജന്റീനയ്ക്ക്. പ്രതികാരം പൂർത്തിയായാൽ കിരീടം റോസാരിയോയിലേക്ക് പോകും.
എന്നാൽ എംബാപ്പെയും ജിറൂദും നയിക്കുന്ന മുന്നേറ്റത്തെ തടയുകയാകും അർജന്റീന നേരിടുന്ന വെല്ലുവിളി. വിങ്ങിലൂടെ അതിവേഗം കുതിക്കുന്ന എംബപ്പെയും ക്ലിനിക്കൽ ഫിനിഷിങ് റോളിൽ തിളങ്ങുന്ന ജിറൂദും ഭീഷണിയാണ്. മധ്യനിരയിലെ ഗ്രീസ്മന്റെ പ്രകടനവും നിർണായകമാണ്. ഇതിനൊല്ലാം പരിഹാരം സ്‌കലോണിയുടെ കൈയിലുണ്ടാകും. ലൂസൈലിലെ അവസാന അങ്കം രണ്ട് തുല്യശക്തികളുടെ പോരാട്ടമാണ്. വിജയം മാത്രം ലക്ഷ്യവച്ചെത്തുന്ന പോരാട്ടം.
35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം. ഗോൾഡൻ ബൂട്ട്, ബോൾ പോരാട്ടങ്ങളിലും മെസി ഒന്നാമതുണ്ട്. എന്നാൽ എതിരാളികളായ ഫ്രാൻസ് തകർപ്പൻ ഫോമിലാണ്. ഇതുവരെ ഗോൾവഴങ്ങാതിരുന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് അവർ ഫൈനലിലെത്തിയത്. 60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങുന്നത്.2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ലോകകിരീടം നേടിയത്.
അതേസമയം, ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന ലൂസേഴ്‌സ് ഫൈനൽ ഇന്ന് നടക്കും. സെമിഫൈനലിൽ തോറ്റ മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ രാത്രി 8.30ന് ഖലിഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. സെമിയിൽ ക്രൊയേഷ്യ അർജൻറീനയോടും മൊറോക്കോ ഫ്രാൻസിനോടുമാണ് തോറ്റിരുന്നത്. കിരീടപോരാട്ടത്തിന്റെ പടിക്കൽ വീണ രണ്ട് ടീമുകൾക്ക് മടങ്ങുമ്പോൾ വെറും കൈയോടെ പോകാനാകില്ല. അത് കൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീപാറും.
ലൂസേഴ്‌സ് ഫൈനൽ തുല്യ ശക്തികളുടെ പോരാട്ടമാണ്. മൊറോക്കോ ഇതിനോടകം ചരിത്രം സൃഷ്ടിച്ച് കഴിഞ്ഞു. സെമിഫൈനലിൽ തോറ്റെങ്കിലും ടീമിൽ പൂർണ്ണവിശ്വാസമുണ്ട് ആരാധകർക്ക്. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ ആ വിശ്വാസം കാക്കണം ഹകീമിക്കും സംഘത്തിനും. വാലിദ് റിക്രാഖിയുടെ പ്രതിരോധതന്ത്രം തന്നെയാണ് കരുത്ത്. സിയെച്ചും ഹകീമിയും അന്നസീരിയും ഫോമിലാണ്. സെമിഫൈനലിനിറങ്ങിയ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടായേക്കില്ല. മോഡ്രിച്ച് എന്ന നായകനു വേണ്ടിയാണ് ക്രൊയേഷ്യ ഇന്ന് ഇറങ്ങുന്നത്. ലോകകപ്പിലെ അവസാന മത്സരത്തിന് മോഡ്രിച്ച് ഇറങ്ങുമ്പോൾ ജയം വേണം ടീമിന്. മോഡ്രിച്ച് നയിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. അവസാന മത്സരത്തിലും ഡാലിച്ചിന്റെ തന്ത്രങ്ങൾക്ക് മാറ്റമുണ്ടാകില്ല. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിതമായിരുന്നു. ഖത്തറിലെ തങ്ങളുടെ അവസാന മത്സരത്തിൽ തുല്യശക്തികൾ ഏറ്റുമുട്ടുമ്പോൾ മത്സരഫലം അപ്രവചനീയമാണ്.
Relief and concern for the French team, which is about to face Argentina in the World Cup final