'അര്‍ജന്‍റീനക്ക് അവസാനമായി കപ്പ് കിട്ടിയപ്പോള്‍'; ചിത്രത്തിലെ യഥാര്‍ത്ഥ വസ്തുത വെളിപ്പെടുത്തി ഫോട്ടോഗ്രാഫര്‍
കോഴിക്കോട് പള്ളിക്കണ്ടിയിലെ അർജന്‍റീന ഫുട്ബോൾ ആരാധകരുടേതെന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്
'അര്‍ജന്‍റീനക്ക് അവസാനമായി കപ്പ് കിട്ടിയപ്പോള്‍, പള്ളിക്കണ്ടിയിലെ അര്‍ജന്‍റീന ഫാന്‍സിന്‍റെ ആഹ്ളാദ പ്രകടം', എന്ന തലക്കെട്ടില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിലെ വസ്തുത വെളിപ്പെടുത്തി യഥാര്‍ത്ഥ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ പി മുസ്തഫ. പ്രചരിക്കുന്ന ചിത്രത്തിലെ തലക്കെട്ടുപോലെ ചിത്രം അര്‍ജന്‍റീനക്ക് അവസാനമായി കപ്പ് കിട്ടിയപ്പോള്‍ എടുത്തതല്ലെന്നും 1979 ൽ എടുത്ത വിവാഹ ഫോട്ടോയാണെന്നും മുസ്തഫ വിശദീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുസ്തഫ ഫോട്ടോയിലെ സത്യാവസ്ഥ വിശദീകരിച്ചത്.
വരനും കൂട്ടുകാരും വിവാഹത്തിന്‍റെ തലേ ദിവസം പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്ന ഫോട്ടോയാണ് അര്‍ജന്‍റീനയുടെ ജഴ്സിയണിയിച്ച് പ്രചരിക്കുന്നത്. ഈ ചിത്രം നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നതായും അതെടുത്ത് അര്‍ജന്‍റീന ആരാധകര്‍ നല്‍കിയ പണിയാവും ഇതെന്നാണ് മുസ്തഫ പറയുന്നത്. എന്നാല്‍ ചിത്രത്തിലെ തലക്കെട്ട് പ്രകാരം ബ്രസീല്‍ ആരാധകരാകും പ്രചരിക്കുന്ന 'അര്‍ജന്‍റീന ചിത്രത്തിന്' പിന്നിലെന്നാണ് ഫുട്ബോള്‍ ആരാധകര്‍ പറയുന്നത്. കോഴിക്കോട് പള്ളിക്കണ്ടിയിലെ അർജന്‍റീന ഫുട്ബോൾ ആരാധകരുടേതെന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. മലയാള മനോരമ പത്രത്തിന്‍റെ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു പി മുസ്തഫ.