റൊണാൾഡോക്ക് നേരെ വെള്ളക്കുപ്പി എറിയാൻ ശ്രമം: ആരാധകനെ പുറത്താക്കി അധികൃതർ
മത്സരം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്. ആരാധകൻ താരത്തിന് നേരെ വെള്ളം ഒഴിക്കാൻ ശ്രമിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്
ദോഹ: മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആക്രമിക്കാൻ ശ്രമിച്ച ആരാധകനെ പുറത്താക്കി അധികൃതർ. പോർച്ചുഗൽ- മൊറോക്കോ ക്വാർട്ടർ പോരിനിടെയാണ് ക്രിസ്റ്റ്യാനോക്ക് നേരെ വെള്ളക്കുപ്പി എറിയാൻ ആരാധകൻ ശ്രമിച്ചത്. പകരക്കാരുടെ ബെഞ്ചിലായിരുന്ന റൊണാൾഡോ ഗ്രൗണ്ടിലൂടെ നടക്കുമ്പോൾ ആരാധകരിലൊരാൾ താരത്തിന്റെ ശരീരത്തിലേക്ക് വെള്ളമൊഴിക്കാനും വെള്ളക്കുപ്പി എറിയാനും ശ്രമിച്ചു.
ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുകയും ഇയാളെ പുറത്താക്കുകയും ചെയ്തു. മത്സരം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്. ആരാധകൻ താരത്തിന് നേരെ വെള്ളം ഒഴിക്കാൻ ശ്രമിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്. അതേസമയം അവസരോചിതമായി ഇടപെട്ട സെക്യൂരിറ്റി ജീവനക്കാരനെ പ്രശംസിക്കുകയാണ് ഫുട്‌ബോൾ ലോകം. ഇത്തരത്തിൽ ഭ്രാന്തമായി പെരുമാറുന്ന കാണികളെ അർഹിക്കുന്ന രീതിയിൽ തന്നെ കൈകാര്യം ചെയ്യണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആവശ്യം.
അതേസമയം റൊണാള്‍ഡോക്ക് നേരെ വെള്ളക്കുപ്പി എറിയാന്‍ ശ്രമിച്ചത് ആരാണെന്നും എന്താണ് ഇദ്ദേഹത്തിന്റെ ദേഷ്യത്തിന് കാരണമായതെന്നും വ്യക്തമല്ല. ആരാധകൻ എന്ന നിലയിലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗൽ തോറ്റത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ റൊണാൾഡോക്ക് സ്ഥാനമില്ലായിരുന്നു. രണ്ടാം പകുതിയിലാണ് റൊണാൾഡോയെ, സാന്റോസ് പരീക്ഷിച്ചത്. ഇതിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തുണ്ട്. ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ കരഞ്ഞുകൊണ്ട് സ്റ്റേഡിയം വിട്ടുപോകുന്ന റൊണാൾഡോ, ഫുട്‌ബോൾ പ്രേമികളുടെ കണ്ണിലുടക്കിയിരുന്നു.
ലോകകിരീടം നേടാനാകാതെയാണ് റൊണാൾഡോ ഖത്തർ ലോകകപ്പിൽനിന്ന് വിടവാങ്ങിയത്. മുപ്പത്തിയേഴുകാരനായ അദ്ദേഹം ഇനിയൊരു ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയില്ല. കളിക്കു ശേഷം ഏകനായാണ് താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ചില മൊറോക്കൻ കളിക്കാർ അദ്ദേഹത്തിന്റെ അടുത്തെത്തി ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് തന്റെ കരിയറിലെ അഭിലാഷവും സ്വപ്‌നവുമായിരുന്നുവെന്നും എന്നാൽ ആ സ്വപ്‌നം ദുഃഖകരമായി ഇന്നലെ അവസാനിച്ചുവെന്നും റൊണാൾഡോ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.