'മെസി മികച്ച താരം, അർജന്റീനയെ നേരിടാൻ സജ്ജം': നയം വ്യക്തമാക്കി വിർജിൽ
പരിശീലകൻ വാൻ ഗാളിന്റെ കീഴിൽ എല്ലാ ടീമുകൾക്കെതിരെയും നെതർലൻഡ്സ് മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നു വാൻഡിക്
ദോഹ: അർജന്റീനയെന്നാൽ മെസി മാത്രമല്ലെന്ന് നെതർലൻഡ്സ് നായകൻ വിർജിൽ വാൻ ഡിക്. മെസി എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളാണ്. എന്നാൽ മത്സരം മെസിയും താനും തമ്മിലല്ല. അർജന്റീന ടീം മികച്ച രീതിയിലാണ് കളിക്കുന്നതെെന്നും വാൻ ഡിക് പറഞ്ഞു. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയാണ് നെതര്‍ലാന്‍ഡ്സിന്റെ എതിരാളികള്‍.
പരിശീലകൻ വാൻ ഗാളിന്റെ കീഴിൽ എല്ലാ ടീമുകൾക്കെതിരെയും നെതർലൻഡ്സ് മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നു വാൻഡിക് കൂട്ടിച്ചേര്‍ത്തു. അതേസമയം അര്‍ജന്റീനയെ നേരിടാൻ ടീം സജ്ജമാണെന്ന് മധ്യനിരതാരം ഫ്രാങ്കീ ഡിയോങും പ്രതികരിച്ചു. അമേരിക്കയെ താേല്‍പിച്ചാണ് നെതര്‍ലാന്‍ഡ്സ് ക്വാര്‍ട്ടറിലെത്തിയത്. ആസ്ട്രേലിയയെ തോല്‍പിച്ചായിരുന്നു അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
വിർജിൽ വാൻ ഡികിന്റെ വാക്കുകള്‍ ഇങ്ങനെ: ' എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് മെസി, അദ്ദേഹത്തിനെതിരെ കളിക്കുക എന്നത് തന്നെ അഭിമാനകരമാണ്. പക്ഷേ ഞാനും എന്റെ ടീമും കളിക്കുന്നത് മെസിക്കെതിരെയല്ല, അർജന്റീനയ്‌ക്കെതിരെയാണ്. ലോകോത്തര നിലവാരമുള്ള നിരവധി കളിക്കാർ അവർക്കുണ്ട്'.
ലുസൈല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന-നെതര്‍ലാന്‍ഡ്സ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യക്കെതിരെ വാങ്ങിയ ഞെട്ടിക്കുന്ന തോൽവിയിൽ നിന്നാണ് അർജന്റീന കരകയറിയത്. പിന്നാലെ നടന്ന മൂന്ന് മത്സരങ്ങളിലും ആധികാരികമായി തന്നെ മെസിപ്പട ജയിച്ചുകയറി. അതേസമയം ഗ്രൂപ്പ് എയില്‍ നിന്ന് എല്ലാ മത്സരങ്ങളും ജയിച്ചാണ് നെതര്‍ലാന്‍ഡ്സ് എത്തുന്നത്. തോൽക്കാതെയാണ് നെതർലാൻഡിന്റെ മുന്നേറ്റം. കഴിഞ്ഞ ആഗസ്റ്റിൽ ലൂയിസ് വാൻ ഗാള്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം നെതർലാൻഡ്‌സ് തോൽവി അറിഞ്ഞിട്ടില്ല.
അതേസമയം ഇരു ടീമുകളും ഇതാദ്യമല്ല ലോകകപ്പ് വേദികളിൽ പരസ്പരം മത്സരിക്കുന്നത്. ഇതിന് മുമ്പ് അഞ്ച് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് മത്സരങ്ങളിലും ഇരുവരും ജയിച്ചു. ഒരിക്കൽ കൂടി ഇരുവരും നേർക്കുനേർ വരുമ്പോൾ ഫുട്‌ബോൾ പ്രേമികൾക്ക് സമ്മാനിക്കുക ഉഗ്രൻ വിരുന്നാകും. അതിന് വേണ്ടി കാത്തിരിക്കുകയാണ് ലോകം.