കൊറിയ കടക്കാൻ കാനറികൾ; നെയ്മർ ടീമിലേക്ക് തിരിച്ചെത്തിയേക്കും
പറങ്കിപ്പടയെ വീഴ്ത്തിയെത്തുന്ന സൗത്ത് കൊറിയ ബ്രസീലിനെ പൂട്ടാൻ സകല തന്ത്രങ്ങളും പുറത്തെടുക്കും
ദോഹ: ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീൽ ഇന്ന് കളത്തിലിറങ്ങും. ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെയാണ് പ്രീക്വാട്ടറിൽ ബ്രസീൽ നേരിടുന്നത്. ആറാം കിരീടത്തിലേക്കുള്ള യാത്രയിൽ അൽപമൊന്ന് കാലിടറിയ ശേഷമാണ് പ്രീക്വാർട്ടർ പോരിന് കാനറികൾ ഇറങ്ങുന്നത്.
പരീക്ഷിച്ച് പാളിയ രണ്ടാം നിര കാമറൂണിനോട് തോറ്റത് അവരുടെ ഓർമയിലുണ്ടാകും. ആദ്യ മത്സരത്തിന് ശേഷം പരിക്കേറ്റ് പുറത്തായിരുന്ന നെയ്മർ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് കണക്കുകൂട്ടൽ.അങ്ങനെയെങ്കിൽ ബ്രസീലിന്റെ കരുത്ത് ഇരട്ടിയാകും. ആശ്വാസമായി നെയ്മര്‍ പരിശീലനത്തിറങ്ങി.നെയ്മര്‍ പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ ഇന്ന് കളിപ്പിക്കുമെന്ന് കോച്ച് ടിറ്റെ പറഞ്ഞു. പരിക്കേറ്റ നെയ്മര്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് കളിച്ചിരുന്നത്.
റിച്ചാലിസണും വിനീഷ്യസ് ജൂനിയറും റഫീഞ്ഞയുമൊക്കെ തുടക്കം മുതൽ കളത്തിലുണ്ടാകും. റിച്ചാലിസൺ ഒഴികെയുള്ള സ്‌ട്രൈക്കർമാർ ഗോൾ കണ്ടെത്തേണ്ടതായുണ്ട്. മധ്യനരയിലെ കസിമെറോയുടെ പ്രകടനവും നിർണായകമാകും.
മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പരിശീലകൻ ടിറ്റെ തന്ത്രങ്ങളൊന്നും പരസ്യമാക്കിയില്ല. പറങ്കിപ്പടയെ വീഴ്ത്തിയെത്തുന്ന സൗത്ത് കൊറിയ ബ്രസീലിനെ പൂട്ടാൻ സകല തന്ത്രങ്ങളും പുറത്തെടുക്കും. പ്രതിരേധിച്ച് കളിച്ച് കിട്ടുന്ന അവസരങ്ങൾ ഗോളാക്കാനാകും അവരുടെ ശ്രമം. നായകൻ ഹ്യൂങ് മിൻ സണ്ണിന്റെ ബൂട്ടുകളിലാകും സൗത്ത് കൊറിയയുടെ പ്രതീക്ഷ.