ഇരു ടീമുകൾക്കും ജയം അനിവാര്യം; കാമറൂൺ-സെർബിയ മത്സരം 3.30ന്
സ്വിറ്റ്‌സർലന്റ് ഇന്ന് ബ്രസീലിനോട് തോൽക്കുകയാണെങ്കിൽ സെർബിയ-കാമറൂൺ കളിയിലെ വിജയികളുടെ പ്രതീക്ഷകൾ സജീവമാകും.
ദോഹ: ലോകകപ്പിൽ അനിവാര്യ ജയം തേടി സെർബിയയും കാമറൂണും ഇന്നിറങ്ങുന്നു. വൈകീട്ട് 3.30ന് അൽ ജനൗബ് സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ കാമറൂൺ സ്വിറ്റ്‌സർലന്റിനോടും (1-0), സെർബിയ ബ്രസീലിനോടും (2-0) പരാജയപ്പെട്ടിരുന്നു.
സ്വിറ്റ്‌സർലന്റ് ഇന്ന് ബ്രസീലിനോട് തോൽക്കുകയാണെങ്കിൽ സെർബിയ-കാമറൂൺ കളിയിലെ വിജയികളുടെ പ്രതീക്ഷകൾ സജീവമാകും. അവസാന മത്സരം കൂടി ജയിക്കാനായാൽ പ്രീ ക്വാർട്ടറിലേക്ക് വഴി തുറക്കും. 2010ൽ സൗഹൃദ മത്സരത്തിലാണ് ഇരു ടീമുകളും അവസാനം മുഖാമുഖം വന്നത്. അന്ന് 4-3ന് സെർബിയക്കായിരുന്നു ജയം.
ലോകകപ്പിൽ ആഫ്രിക്കൻ രാജ്യങ്ങളെ പരാജയപ്പെടുത്താൻ സെർബിയക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടുതവണ ആഫ്രിക്കൻ രാജ്യങ്ങളുമായി ഏറ്റുമുട്ടിയപ്പോഴും പരാജയമായിരുന്നു ഫലം. 2006ൽ ഐവറി കോസ്റ്റിനോടും (2-3), 2010 ഘാനയോടും (0-1) സെർബിയ പരാജയപ്പെട്ടിരുന്നു.
അവസാനം കളിച്ച നാല് ലോകകപ്പുകളിലും ഒരു മത്സരം പോലും ജയിക്കാൻ കാമറൂണിനായിട്ടില്ല. 2002, 2010, 2014, 2022 ലോകകപ്പുകളിൽ എട്ട് മത്സരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും ഒന്നുപോലും ജയിക്കാനായില്ല. സെർബിയ ലോകകപ്പ് മത്സരങ്ങളിൽ 10 തവണ കളത്തിലിറങ്ങിയപ്പോൾ എട്ട് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം.