വണ്ടർ വലൻസിയ; ഖത്തറിനെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇക്വഡോർ
ഇരട്ട ഗോളുകൾ നേടി ക്യാപ്റ്റൻ എന്നെർ വലൻസിയയാണ് ഇക്വഡോറിനായി തിളങ്ങിയത്
ദോഹ: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിന് തകർത്ത് ഇക്വഡോർ. ക്യാപ്റ്റൻ എന്നർ വലൻസിയയാണ് രണ്ട് ഗോളും സ്‌കോർ ചെയ്തത്.
കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു തുടങ്ങുകയായിരുന്നു ഇക്വഡോർ. മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഇക്വഡോർ മുന്നിലെത്തിയിരുന്നു. ഒരു ഫ്രീകിക്കിൽ നിന്ന് പിറന്ന അവസരം വലൻസിയ ഗോളാക്കി മാറ്റി തുടർന്ന് ആഹ്ലാദവും നടന്നു. എന്നാൽ ഓഫ് സൈഡ് ഉണ്ടെന്ന് വാർ കണ്ടെത്തിയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. വീണ്ടും വലൻസിയയുടെ ഊഴം. 16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ക്യാപ്റ്റൻ ഇക്വഡോറിനെ മുന്നിലെത്തിച്ചു. വലൻസിയയെ ബോക്സിൽ വീഴ്ത്തിയ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബിന്റെ നടപടിയാണ് പെനാൽറ്റിക്ക് കാരണമായത്.
31-ആം മിനുട്ടിൽ വലൻസിയ വീണ്ടും വല കണ്ടെത്തി.ഇതോടെ ലോകകപ്പിൽ നാല് ഗോളുകൾ നേടുന്ന ആദ്യ എക്വഡോർ താരമെന്ന നേട്ടം എന്നെർ വലൻസിയ സ്വന്തമാക്കി.
ഖത്തർ ടീം ഇങ്ങനെ: സാദ് അൽഷീബ്; പെഡ്രോ മിഗുവേൽ, ബൗലേം ഖൗഖി, ബാസം ഹിഷാം, അബ്ദുൽകരീം ഹസ്സൻ, ഹമാം അഹമ്മദ്; അബ്ദുൽ അസീസ് ഹാതം, ഹസ്സൻ അൽഹൈദോസ്, കരീം ബൗദിയാഫ്; അക്രം അഫീഫ്, അൽമോസ് അലി.
ഇക്വഡോര്‍ ടീം ഇങ്ങനെ: ഗലിൻഡസ്; പ്രെസിയാഡോ, ടോറസ്, ഹിൻകാപ്പി, എസ്റ്റുപിനാൻ; പ്ലാറ്റ, മെൻഡെസ്, കൈസെഡോ, ഇബാര; വലെൻസിയ, എസ്ട്രാഡ.
കണക്കിൽ ഖത്തറും ഇക്വഡോറും ഏതാണ്ട് തുല്യ ശക്തികളാണ്. ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്താണെങ്കിൽ ഖത്തർ 50-ാം സ്ഥാനത്താണ്. ചരിത്രത്തിൽ ആദ്യമായാണ് ഖത്തർ ലോകകപ്പിൽ പന്ത് തട്ടുന്നത്.