പെനൽറ്റിയും ഗോളായില്ല: മെക്‌സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ
ലെവൻഡോസ്‌കിയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനൽറ്റികിക്ക് വിധിച്ചത്
ദോഹ: '97' മിനുറ്റ് പൊരിഞ്ഞ് കളിച്ചിട്ടും ഗ്രൂപ്പ് സിയിൽ മെക്‌സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. രണ്ട് ടീമുകൾക്കും ഗോളടിക്കാൻ അവസരം ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതിനിടെ പോളണ്ട് സൂപ്പർതാരം റോബർട്ട് ലെവൻഡോവ്‌സ്‌കി പെനാൽറ്റി പാഴാക്കുകയും ചെയ്തു. മെക്‌സിക്കൻ ഗോൾകീപ്പർ ഒച്ചാവോയാണ് ടീമിനെ രക്ഷിച്ചത്. പോളിഷ് ഗോൾകീപ്പറുടെ മികവും എടുത്തുപറയേണ്ടതാണ്.
പ്രത്യാക്രമണത്തിലൂടെയാണ് രണ്ട് ടീമുകളും എതിര്‍ ഗോള്‍മുഖത്തേക്ക് കുതിച്ചെങ്കിലും പ്രതിരോധ നിര രക്ഷയ്‌ക്കെത്തി. 55ാം മിനുറ്റിൽ ലഭിച്ച പെനൽറ്റി കിക്കാണ് പോളണ്ട് സൂപ്പർതാരം ലെവൻഡോസ്‌കി പാഴാക്കിയത്. മെക്‌സിക്കൻ ഗോൾകീപ്പർ ഗ്യുല്ലർമോ ഒച്ചാവോ കിക്ക് തടുത്തിടുകയായിരുന്നു. ലെവൻഡോസ്‌കിയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനൽറ്റികിക്ക് വിധിച്ചത്. വാറിന്റെ സഹായത്തോടെയായിരുന്നു റഫറിയുടെ തീരുമാനം. ലെവൻഡോസ്‌കി പായിച്ച ദിശയിലേക്ക് തന്നെ ഒച്ചാവോയും ചാടിയതോടെ പന്ത് പുറത്തേക്ക്.
വിരസമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. മെക്‌സിക്കോയ്ക്കായിരുന്നു ആദ്യ പകുതിയിലെ മേധാവിത്വം. പോളിഷ് വലയിലേക്ക് മെക്‌സിക്കോ ലക്ഷ്യമിട്ടെങ്കിൽ ഗോൾകീപ്പറുടെ തകർപ്പൻ സേവിങ്‌സ് പന്തിന്റെ ഗതി മാറ്റി.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ മെക്‌സികോയ്ക്കാണ് ഗോളിലേക്ക് ആദ്യ അവസരം ലഭിച്ചതെങ്കിലും വല കുലുങ്ങിയില്ല. 28ാം മനിറ്റില്‍ മെക്‌സിക്കന്‍ താരം സാഞ്ചസിന് യെല്ലോ കാര്‍ഡ് ലഭിച്ചു. 63 ശതമാനവും പന്ത് കൈവശം വെച്ചത് മെക്‌സിക്കോയിയിരുന്നു. അതേസമയം എടുത്തുപറായുന്ന കൗണ്ടർ അറ്റാക്കുകളൊന്നു പോളണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സൂപ്പർതാരം ലെവൻഡോസ്‌കിക്ക് മെക്‌സിക്കൻ പ്രതിരോധം പൂട്ടിട്ടു. അതേസമയം 4-3-3 ശൈലിയിലാണ് മെക്‌സികോ കളത്തിലിറങ്ങിയത്. 3-5-2 ശൈലിയിലാണ് പോളണ്ട് ഇറങ്ങിയത്.
അതേസമയം നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദിയോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ പോളണ്ടും മെക്‌സികോയും സമനിലയില്‍ പിരിയുകയും ചെയ്തു. ഇതോടെ ഗ്രൂപ്പിലെ മറ്റു മത്സരങ്ങള്‍ എല്ലാ ടീമുകള്‍ക്കും നിര്‍ണായകം. മൂന്ന് പോയിന്റോടെ സൗദിയാണ് ഒന്നാം സ്ഥാനത്ത്. പോളണ്ട് മെക്‌സിക്കോ ടീമുകൾ ഓരോ പോയിന്റും നേടി.