‘‘ഇനി ഞങ്ങൾ വരുന്നില്ല’’; നോയിഡ സ്റ്റേഡിയത്തിനെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ
ന്യൂഡൽഹി: അഫ്ഗാനിസ്താൻ-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങളും ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചതിന് പിന്നാലെ വിമർശനങ്ങൾ കനക്കുന്നു. അഫ്ഗാനിസ്താൻ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്ന ഉത്തർപ്രദേശിലെ നോയിഡയിലെ ഷഹീദ് വിജയ് സിങ് സ്പോർട്സ് കോംപ്ലക്സിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്.
‘‘ഇത് അസഹനീയമാണ്. ഇനി ഞങ്ങളിങ്ങോട്ട് വരുന്നില്ല. താരങ്ങളും ഈ സൗകര്യങ്ങളിൽ അസ്വസ്ഥരാണ്’’ -അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഒഫീഷ്യൽ പ്രതികരിച്ചു. അഫ്ഗാനിസ്താനും ന്യൂസിലൻഡും തമ്മിൽ ചരിത്രത്തിലാദ്യമായാരു ടെസ്റ്റ് മത്സരമാണ് അരങ്ങേറാനിരുന്നത്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലെങ്കിലും ഐ.സി.സി അംഗീകാരമുള്ള മത്സരം തന്നെയാണിത്.
ഞായറാഴ്ച പെയ്ത മഴയിൽ സ്റ്റേഡിയം കളിക്കാനാകാത്ത വിധമായി മാറുകയായിരുന്നു. ഇതിനെത്തുടർന്ന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒരു പന്ത് പോലുമെറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
സ്റ്റേഡിയത്തിൽ വെള്ളം പുറത്തുകളയുന്നതിനുള്ള സജ്ജീകരണമില്ലാത്തയും അനുഭവ സമ്പന്നരില്ലാത്ത സ്റ്റാഫുകൾ ഇല്ലാത്തതും വിനയായി. ടേബിൾ ഫാനുകൾ അടക്കമുള്ളവ വരെ ഉപയോഗിച്ചാണ് ഗ്രൗണ്ടിലെ ഈർപ്പം കളയാൻ ശ്രമിച്ചത്.
മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് കുടിവെള്ളമോ വൈദ്യുതിയോ ലഭ്യമായില്ലെന്നും വനിതകൾക്കായി പ്രത്യേക ശുചിമുറികൾ ലഭ്യമല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാണികൾക്ക് സ്റ്റേഡിയത്തിൽ സംഭവിക്കുന്നതറിയാൻ അനൗൺസ്മെന്റ് സിസ്റ്റം പോലും സ്റ്റേഡിയത്തിലില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.