കാനഡയും കടന്ന് മെസ്സിപ്പട മുന്നോട്ട്
ന്യൂജേഴ്സി: കാനഡയെ എതിരില്ലാത്ത രണ്ടുഗോളിന് തോൽപ്പിച്ച് അർജൻറീനക്ക് തുടർച്ചയായ ഫൈനൽ. ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി എന്നിവർ നേടിയ ഗോളുകളിലാണ് അർജൻറീന കലാശപ്പോരിലേക്ക് യോഗ്യത നേടിയത്. നാളെ നടക്കുന്ന ഉറുഗ്വായ്-കൊളംബിയ മത്സരത്തിലെ വിജയികളാവും അർജൻറീനയുടെ എതിരാളികൾ.
23ാം മിനുറ്റിൽ റോഡ്രിഗോ ഡിപോളിെൻറ പാസിലാണ് അൽവാരസ് കാനഡയുടെ ഹൃദയം തുളച്ച ഗോൾ നേടിയത്. ആദ്യപകുതിയിൽ അർജൻറീനയുടെ കാലുകളിൽ തന്നെയായിരുന്നു കളിയുടെ നിയന്ത്രണം. കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടിക്കാനായിരുന്നു കാനഡയുടെ ശ്രമം.
രണ്ടാം പകുതിയും അർജൻറീന ആഗ്രഹിച്ച രീതിയിലാണ് തുടങ്ങിയത്. 51ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസിെൻറ ഷോട്ടിൽ നിന്നും വീണുകിട്ടിയ പന്ത് മെസ്സി വലയിലേക്ക് എത്തിക്കുകയായിരുന്നു. ഓഫ് സൈഡിനായി കാനഡ താരങ്ങൾ വാദമുയർത്തിയെങ്കിലും വി.എ.ആർ പരിശോധനയിലൂടെ റഫറി ഗോൾ അനുവദിച്ചു.
ഗോൾ നേട്ടത്തോടെ ആറാം കോപ്പയിലും ഗോൾ നേടുന്ന താരമായി മെസ്സി മാറി. ഈ കോപ്പയിലെ മെസ്സിയുടെ ആദ്യ ഗോളാണിത്. അവസാന മിനുറ്റുകളിൽ കാനഡ കളം നിറഞ്ഞുകളിച്ചെങ്കിലും ഗോളിലേക്ക് നിറയൊഴിക്കാനായില്ല. അർജൻറീനക്കായി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് വീണ്ടും ഉജ്ജ്വല പ്രകടനമാണ് നടത്തിയത്.