ഏഷ്യൻ കപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; കെ.പി രാഹുൽ സബ്സ്റ്റിറ്റ്യൂട്ടിൽ
സെൻട്രൽ മിഡ്ഫീൽഡറായി ലാലെങ്മാവിയ റാൾട്ടെ കളിക്കുമ്പോൾ സുരേഷ് സിങ് വാങ്ജ്യം, ദീപക് തങ്രി എന്നിവരും മധ്യനിരയിൽ കളിമെനയും.
ദോഹ: എഎഫ്സി ഏഷ്യൻ കപ്പിൽ ആസ്ത്രേലിയക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സുനിൽ ഛേത്രി നയിക്കുന്ന സംഘത്തിൽ മുന്നേറ്റ നിരയിൽ ലാലിയാങ്സുലെ ചാങ്തെ, മൻവീർ സിങ് എന്നിവർ ഇടം പിടിച്ചു. മലയാളി താരം കെ.പി രാഹുൽ സബ്സ്റ്റിറ്റിയൂട്ട് ലിസ്റ്റിലുണ്ട്.
സെൻട്രൽ മിഡ്ഫീൽഡറായി ലാലെങ്മാവിയ റാൾട്ടെ കളിക്കുമ്പോൾ സുരേഷ് സിങ് വാങ്ജം, ദീപക് തങ്രി എന്നിവരും മധ്യനിരയിൽ കളിമെനയും. രാഹുൽ ബേക്കെ-സന്തോഷ് ജിംഗൻ സഖ്യത്തെയാണ് പ്രതിരോധ കോട്ട കാക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ചുമതലപ്പെടുത്തിയത്. സുബാശിഷ് ബോസ്, നിഖിൽ പൂജാരി പ്രതിരോധ നിരയിലുണ്ടാകും. ഗുർപ്രീത് സിങ് സന്ധുവാണ് ഗോൾ വലകാക്കുക. കരുത്തരായ സോക്കറൂസിനെതിരെ 4-3-3 ഫോർമേഷനിലാണ് നീലപട ഇറങ്ങുക.
ഏഷ്യൻ കപ്പിലെ ആദ്യ കളിയിൽ ശക്തമായ ടീമിനെയാണ് ഓസീസും കളത്തിലിറക്കുന്നത്. മിച്ചൽ ഡ്യൂക്കിനെ ഏക സ്ട്രൈക്കറാക്കിയുള്ള 4-2-3-1 ഫോർമേഷനാണ് പരിശീലകൻ ഗ്രഹാം അർണോൾഡ് പ്രഖ്യാപിച്ചത്. ജർമ്മൻ ബുണ്ടെസ് ലീഗയിൽ കളിക്കുന്ന കൊണോർ മെറ്റ്കാഫാണ് മധ്യനിരയിലെ ശ്രദ്ധേയതാരം. സൗദി ലീഗിൽ കളിക്കുന്ന ക്രൈയ്ഗ് ഗുഡ്വിൻ, മാർട്ടിൻ ബോയെൽ എന്നിവരും മുന്നേറ്റനിരയിൽ കളിക്കും.
വൈകീട്ട് അഞ്ച് മണിക്ക് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം.പരിക്കേറ്റ മലയാളിതാരം സഹൽ അബ്ദുൽ സമദ് ആദ്യ മത്സരത്തിൽ കളിക്കില്ല. ഫിഫ റാങ്കിങിൽ 25ാം സ്ഥാനത്താണ് ആസ്ത്രേലിയ. ഇന്ത്യ 102ാം സ്ഥാനത്താണ്. ഗ്യാലറിയിൽ 45,000ഓളം മലയാളികൾ കളികാണാനെത്തുമെന്നാണ് കരുതുന്നത്. ഗ്യാലറിയിലെ പിന്തുണയാണ് ഇന്ത്യയുടെ കരുത്ത്.