പെഡ്രി ഗോളിൽ സെവിയ്യയെയും വീഴ്ത്തി; ബാഴ്‌സ രണ്ടാം സ്ഥാനത്ത്
കരുത്തരായ സെവിയ്യയെ ഏകഗോളിന് വീഴ്ത്തി ബാഴ്‌സലോണ ലാലിഗ ഫുട്‌ബോൾ ടേബിളിൽ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. 72-ാം മിനുട്ടിൽ യുവതാരം പെഡ്രി നേടിയ ഗോളിലാണ് കടുപ്പക്കാരായ എതിരാളികളെ ബാഴ്‌സ മുട്ടുകുത്തിച്ചത്. സീസൺ തുടക്കത്തിൽ ലീഗിൽ തപ്പിത്തടഞ്ഞ ബാഴ്‌സ, ലീഗിൽ തുടർച്ചയായി നേടുന്ന ആറാം ജയമാണിത്. 2022-ൽ ഒമ്പത് മത്സരങ്ങൾ കളിച്ച ഷാവിയുടെ സംഘം ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല.
രാജ്യാന്തര മത്സരങ്ങൾക്കായുള്ള ഇടവേളക്കു മുമ്പ് എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ നാലു ഗോളിന് തകർത്ത ബാഴ്‌സയ്ക്ക് അവരുടെ തട്ടകത്തിൽ കടുത്ത പ്രതിരോധമാണ് സെവിയ്യ ഉയർത്തിയത്. ആദ്യപകുതിയിൽ ഒന്നിലേറ തവണ ആതിഥേയർ ഗോളിനടുത്തെത്തിയെങ്കിലും സെവിയ്യ കീപ്പർ യൂനുസ് ബൂനുവിന്റെ തകർപ്പൻ ഫോം വിലങ്ങുതടിയായി.
72-ാം മിനുട്ടിൽ ബോക്‌സിനു പുറത്തുനിന്ന്, ചടുലമായ ഡ്രിബ്ലിങ്ങിലൂടെ എതിരാളികളെ മറികടന്ന് പെഡ്രി തൊടുത്ത ഷോട്ടാണ് യൂനുസ് ബൂനുവിനെ കീഴടക്കിയത്. സമനില ഗോളിനായി സെവിയ്യ ആഞ്ഞുപിടിച്ചെങ്കിലും ബാഴ്‌സ കീപ്പർ ആന്ദ്രെ ടെർ സ്റ്റെഗൻ അവസരത്തിനൊത്തുയർന്നു.
മിന്നും ഫോമിലാണെങ്കിലും ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന റയൽ മാഡ്രിഡിനേക്കാൾ ബഹുദൂരം പിന്നിലാണ് ബാഴ്‌സ. 30 മത്സരങ്ങളിൽ നിന്ന് 69 പോയിന്റാണ് റയലിനുള്ളതെങ്കിൽ ഒരു കളി അധികം കൈയിലിരിക്കെ ബാഴ്‌സയ്ക്ക് 57 പോയിന്റേയുള്ളൂ. എട്ട് മത്സരം കൂടി ശേഷിക്കെ റയൽ 9 പോയിന്റ് നഷ്ടപ്പെടുത്തുകയും ബാഴ്‌സ എല്ലാ കളിയും ജയിക്കുകയും ചെയ്താൽ മാത്രമേ ഷാവിയുടെ സംഘത്തിന് കിരീട സാധ്യതയുള്ളൂ...