'മെസിക്ക് ഇപ്പോഴും ബാഴ്‌സ വമ്പന്‍ തുക നൽകുന്നു; 2025 വരെ തുടരും'; വെളിപ്പെടുത്തി ലാപോർട്ട
സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ലാപോർട്ടയുടെ വെളിപ്പെടുത്തൽ
മാഡ്രിഡ്: സൂപ്പർ താരം ലയണൽ മെസിക്ക് ഇപ്പോഴും ബാഴ്‌സലോണ വൻ തുക നൽകുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. ക്ലബിനൊപ്പമുണ്ടായിരുന്ന കാലത്ത് നൽകാനുണ്ടായിരുന്ന ശമ്പളകുടിശ്ശികയാണ് ഇപ്പോൾ ക്ലബ് വീട്ടുന്നത്. പ്രസിഡന്റ് ജോൻ ലാപോർട്ടയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2021ലാണ് മെസി ബാഴ്‌സ വിടുന്നത്. സൂപ്പർ താരത്തിന് ശമ്പളമായി നൽകേണ്ട വമ്പൻ തുക സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്ലബിന് ബാധ്യതയായിത്തീർന്നിരുന്നു. ഇതിനു പിന്നാലെയാണ് ബാഴ്‌സ കരാർ പുതുക്കാതിരുന്നത്. പിന്നാലെ മെസി ക്ലബ് വിടാൻ നിർബന്ധിതനാകുകയും ചെയ്തു.
എന്നാൽ, ക്ലബ് വിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും ഇപ്പോഴും ബാഴ്‌സ മെസിക്കു നൽകേണ്ട ശമ്പളകുടിശ്ശിക അടച്ചുതീർക്കുകയാണെന്നതാണ് കൗതുകമുണർത്തുന്ന വാർത്ത. അടുത്ത കാലത്തൊന്നും ഇതു തീരില്ലെന്നും ക്ലബ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. 2025 വരെ മെസിക്ക് പണം നൽകേണ്ടിവരുമെന്നാണ് അദ്ദേഹം അറിയിച്ചത്.
സ്പാനിഷ് മാധ്യമമായ 'ലാ വാൻഗ്വാർഡി'നു നൽകിയ അഭിമുഖത്തിലാണ് ജോൻ ലാപോർട്ടയുടെ വെളിപ്പെടുത്തൽ. മെസിയെ വീണ്ടും ടീമിൽ കൊണ്ടുവരാനുള്ള സാധ്യതകൾ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. മെസിയെ തിരികെക്കൊണ്ടുവരാനായി ലഭ്യമായ സാധ്യതകൾ ഉപയോഗിക്കുമെന്ന് ലാലിഗയെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ജോർജ് മെസി(മെസിയുടെ പിതാവും മാനേജറും)യുമായും ചർച്ച ചെയ്തിരുന്നുവെന്നും ലാപോർട്ട പറഞ്ഞു.
എന്നാൽ, പാരിസിൽ പ്രയാസം നിറഞ്ഞ വർഷമാണ് കടന്നുപോയതെന്നും സമ്മർദമില്ലാതെ പോകാനാണ് താരത്തിന്റെ താൽപര്യമെന്നുമാണ് ജോർജ് പ്രതികരിച്ചത്. നമ്മുടെ നിലവിലെ സാധ്യത വച്ച് അദ്ദേഹത്തിന് സമ്മർദം തുടരാനാണ് സാധ്യത. അതുകൊണ്ട് താരത്തിന്റെ തീരുമാനത്തെ മനസിലാക്കുന്നു. മയാമിൽ നല്ല നിലയിൽ പോകട്ടെ. മെസിക്കു വേണ്ടിയുള്ള മികച്ചൊരു ആദരം ടീം തയാറാക്കുന്നുണ്ടെന്നും ജോൻ ലാപോർട്ട കൂട്ടിച്ചേർത്തു.
Summary: 'Barcelona are paying Lionel Messi ‘religiously’ until 2025 over outstanding wages'; The club president Joan Laporta reveals