ജനുവരിയില്‍ ക്ലബ് വിടണമെന്ന് ഡെംബലെയോട് ബാഴ്‍സലോണ

ബാഴ്‍സയില്‍ തുടരാന്‍ ഡെംബെലെ ആഗ്രഹിക്കുന്നില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ക്ലബിനോട് ആത്മാർത്ഥതയുള്ള താരങ്ങളെയാണ് ഞങ്ങൾക്ക് വേണ്ടത്

Update: 2022-01-20 14:06 GMT
Editor : ubaid | By : Web Desk
Advertising

ജനുവരിയില്‍ ട്രാന്‍ഫര്‍ അവസാനിക്കുന്നതിന് മുമ്പ് ക്ലബ് വിടണമെന്ന് ഒസ്മാനെ ഡെംബലെയോട് ബാഴ്സലോണ. കോപ്പ ഡെൽ റേ പ്രീ ക്വാർട്ടറിൽ അത്‌ലറ്റിക് ബിൽബാവോയെ നേരിടാനുള്ള സ്‌ക്വാഡിൽ ഫ്രഞ്ച് താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ബാഴ്‌സലോണയുമായി പുതിയ കരാർ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ താരം ക്ലബ് വിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം പരിശീലകനായ സാവി വ്യക്തമാക്കിയതിനു പിന്നാലെയാണ് താരത്തിനെതിരെ കര്‍ശന നിലപാടുമായി ബാഴ്സലോണ രംഗത്തെത്തിയത്.

ഈ സീസണിൽ കരാര്‍ അവസാനിക്കാനിരിക്കെ പുതിയ കരാർ ഒപ്പിടാൻ വമ്പിച്ച പ്രതിഫലമാണ് ഫ്രഞ്ച് താരം ആവശ്യപ്പെടുന്നത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ബാഴ്‌സക്ക് ഒസ്മാനെ ഡെംബലെയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയിരുന്നു. ഡെംബലെ കരാർ പുതുക്കില്ലെന്ന് ഉറപ്പായതിനാൽ താരത്തെ ജനുവരിയിൽ തന്നെ വിൽക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നത്. എന്നാൽ സൈനിങ്‌ ബോണസ് ലഭിക്കുന്നതിനായി ഫ്രീ ഏജന്റാവാൻ വേണ്ടി കരാർ അവസാനിക്കുന്നതു വരെ ക്ലബിൽ തന്നെ തുടരാനാണ് ഡെംബലെ ശ്രമിക്കുന്നത്.  കരാർ പുതുക്കാതെ ബാഴ്‌സയിലെ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ ഡെംബലെ ഫ്രീ ഏജന്റായി മാറുകയും ബാഴ്‌സയ്ക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യും.

"ബാഴ്‍സയില്‍ തുടരാന്‍ ഡെംബെലെ ആഗ്രഹിക്കുന്നില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിനാൽ ട്രാന്‍ഫര്‍ അവസാനിക്കുന്നതിന് മുമ്പ് ക്ലബ് വിടണമെന്ന് ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ക്ലബിനോട് ആത്മാർത്ഥതയുള്ള താരങ്ങളെയാണ് ഞങ്ങൾക്ക് വേണ്ടത്, അതിനാൽ തന്നെ എത്രയും വേഗം ബാഴ്സലോണ വിടണമെന്ന് താരത്തോട് ഞങ്ങൾ ആവശ്യപ്പെട്ടു." പത്രസമ്മേളനത്തിൽ ബാഴ്‌സ സ്പോർട്ടിങ് ഡയറക്ടറായ മാത്യു അലെമണി പറഞ്ഞു.


2017ൽ നെയ്മർ ക്ലബ്ബ് വിട്ടതിനു പിന്നാലെയാണ് ബൊറുഷ്യ ഡോട്മുണ്ടിൽ നിന്ന് വൻതുക മുടക്കി ബാഴ്‌സലോണ ഉസ്മാൻ ഡെംബലെയെ വാങ്ങിയത്. ലയണൽ മെസി ക്ലബ്ബ് വിട്ടതിനെ തുടർന്ന് ടീമിലെ പ്രധാന താരമായി മാറിയ ഫ്രഞ്ചുകാരനെ ക്ലബ്ബിൽ നിലനിർത്താനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. ജനുവരിയിൽ മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറാൻ ഡെംബലെ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഷാവിയുമായി സംസാരിച്ച ശേഷം താരത്തിന്റെ മനംമാറിയിരുന്നു. ഡിസംബർ അവസാനിക്കുംമുമ്പ് താരം പുതിയ കരാറിൽ ഒപ്പുവെക്കുമെന്ന പ്രതീക്ഷയും സ്പാനിഷ് ക്ലബ്ബിന്റെ മാനേജ്‌മെന്റിനുണ്ടായിരുന്നു.

Full View

പ്രീമിയർ ലീഗിൽ നിന്നടക്കം വലിയ ക്ലബ്ബുകൾ താൽപര്യം പ്രകടിപ്പിച്ചു രംഗത്തുവന്നെങ്കിലും ബാഴ്സയിൽ തുടരാൻ ഡെംബലെയെ സമ്മതിപ്പിക്കുന്നതിൽ ഷാവി വിജയിച്ചിരുന്നു. നിലവിൽ സ്വീകരിക്കുന്ന വേതനത്തിൽ കുറവ് വരുത്തി താരം സ്പാനിഷ് ക്ലബ്ബിൽ തുടരുമെന്നായിരുന്നു ആദ്യ സൂചന. എന്നാൽ, ഇരുകൂട്ടരും നടത്തിയ ചർച്ചയിൽ ഡെംബലെയുടെ പ്രതിനിധികൾ നികുതി കഴിച്ച് 40 ദശലക്ഷം യൂറോ(337 കോടി രൂപ) പ്രതിവർഷ വേതനമായും 20 ദശലക്ഷം (168 കോടി) ഒപ്പുപണമായും ആവശ്യപ്പെട്ടതോടെ സാഹചര്യം സങ്കീർണമായി. ഇത്രയും വലിയ തുക നൽകാൻ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ബാഴ്സ വ്യക്തമാക്കിയതോടെ ചർച്ച അലസി.

2017ൽ നെയ്‌മർ ബാഴ്‌സലോണ വിട്ടതിനു ശേഷം ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും റെക്കോർഡ് തുക നൽകി സ്വന്തമാക്കിയ ഡെംബലെക്കു പക്ഷെ നിരന്തരമായ പരിക്കുകൾ മൂലം ക്ലബിനൊപ്പം വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞിട്ടുളളൂ. ടീമിൽ നിന്നും ഒഴിവാക്കുന്ന സാഹചര്യത്തിൽ താരം ജനുവരിയിൽ തന്നെ ക്ലബ് വിടുമോയെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News