8-2ന്റെ കണക്കു തീർക്കണം; ബാഴ്‌സ ബയേണിനു മുമ്പിൽ

ബയേൺ ഏൽപ്പിച്ച മുറിവുകൾ ഉണക്കാൻ ലവൻഡോവ്‌സ്‌കിയിലും വലിയ മരുന്ന് ബാഴ്‌സയുടെ കൈയിലില്ല

Update: 2022-09-13 12:57 GMT
Editor : abs | By : Web Desk
Advertising

പഴയ കണക്കുകൾ വീട്ടിത്തീർക്കാൻ ബാഴ്‌സലോണയ്ക്കാകുമോ? അതോ ജർമൻ പടക്കുതിരകളുടെ തേരോട്ടത്തിൽ ഒരിക്കൽക്കൂടി പിടഞ്ഞുവീഴുമോ? യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരിടവേളയ്ക്ക് ശേഷം  മുഖാമുഖം വരികയാണ് ചാമ്പ്യൻ ക്ലബുകളായ ബാഴസലോണയും ബയേൺമ്യൂണിച്ചും. ഇന്ത്യന്‍ സമയം ഇന്നു രാത്രി പന്ത്രണ്ടരയ്ക്ക്. ചരിത്രം ഒപ്പമില്ലെങ്കിലും സ്പാനിഷ് ക്ലബിനൊപ്പം ഇത്തവണ എണ്ണം പറഞ്ഞ ഒരാളുണ്ട്, നേരത്തെ മ്യൂണിച്ചിന്റെ കുന്തമുനയായിരുന്ന ഒരാള്‍- സാക്ഷാൽ റോബർട്ടോ ലെവൻഡോവ്‌സ്‌കി.

ബയേൺ ഏൽപ്പിച്ച മുറിവുകൾ ഉണക്കാൻ ലവൻഡോവ്‌സ്‌കിയിലും വലിയ മരുന്ന് ബാഴ്‌സയുടെ കൈയിലില്ല. ഈ കണക്കുകൾ അതിന് സാക്ഷ്യം നിൽക്കും- ബയേണിനായി പോളിഷ് സ്‌ട്രൈക്കർ കളിച്ചത് 374 കളികൾ. നേടിയ ഗോൾ 374!. വേനൽക്കാല സീസണിൽ ബാഴ്‌സ മുടക്കിയ 42.6 ദശലക്ഷം യൂറോ വെറുതയല്ല എന്നർത്ഥം. അത് നേരത്തെ മനസ്സിൽക്കണ്ടാണ് സാദിയോ മാനെ, തോമസ് മ്യൂളറിനോട് ഇങ്ങനെ പറഞ്ഞത്. 'ലെവൻ വേറെ ടീമാണേ... അറിയാതെ പോലും അയാൾക്ക് പാസു കൊടുക്കരുത്'. അത്രയ്ക്കാണ് ബയേണും ലെവൻഡോവ്‌സ്‌കിയും തമ്മിലുള്ള ഇഴയടുപ്പം. പുതിയ ക്ലബിനായും മികച്ച ഫോമിലാണ് മുപ്പത്തിനാലുകാരൻ- ആറു കളികളിൽ നിന്ന് ഒമ്പത് ഗോൾ.

ലെവൻഡോവ്‌സ്‌കി എതിരെ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് ബയേൺ കോച്ച് ജൂലിയൻ നഗെൽസ്മാൻ പറയുന്നു. എതിരാളി എന്ന നിലയിൽ അവൻ ഏറെ അപകടകാരിയാണ്. എന്നാൽ വ്യക്തിപരമായി അവൻ കളിക്കുന്നത് കാണുമ്പോൾ സന്തോഷവാനാണ്. ആരാധകർ അവനെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.

ബയേണിനായി കളിച്ച എട്ടു സീസണിലും ബുണ്ടസ് ലീഗ കിരീടം നേടിയ താരമാണ് ലെവൻഡോവ്‌സ്‌കി. ഇതിനു പുറമേ, 2020ലെ ചാമ്പ്യൻസ് ലീഗും മൂന്നു ജർമൻ കപ്പും സ്വന്തമാക്കി. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോൾവേട്ടക്കാരനാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രതിവർഷം ശരാശരി നാൽപ്പതു ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം പന്ത്രണ്ടരയ്ക്ക് ബയേണിന്റെ തട്ടകത്തിലാണ് മത്സരം. ലാ ലീഗയിൽ തുടർച്ചയായി നാലു മത്സരം ജയിച്ചാണ് ബാഴ്‌സയുടെ വരവ്. ബുണ്ടസ് ലീഗയിൽ ബയേൺ തുടർച്ചയായി സമനിലകൾ വഴങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ചെക്ക് ക്ലബ് വിക്ടർ പ്ലസെനെ ഒന്നിനെതിരെ അഞ്ചു ഗോളിനാണ് ബാഴ്‌സ തകർത്തത്. എന്നാൽ ഇറ്റാലിയൻ വമ്പന്മാരായ ഇന്ററിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് ബയേണിന്റെ വരവ്.

ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു പാദങ്ങളിലും ബയേൺ ബാഴ്‌സയെ തോൽപ്പിച്ചിരുന്നു. ഇതിഹാസ താരം ലയണൽ മെസ്സി ഉൾപ്പെട്ട സംഘത്തിനെതിരെ 3-0, 8-2 സ്‌കോറിനാണ് ജർമൻ സംഘം വിജയിച്ചിരുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ മാത്രം ബയേൺ 14 ഗോളുകളാണ് സ്പാനിക് ക്ലബിനെതിരെ അടിച്ചു കൂട്ടിയത്.

ചില സ്ഥിതി വിവരക്കണക്കുകൾ

ഇരു സംഘവും 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ബാഴ്‌സയ്ക്ക് ജയിക്കാനായത് രണ്ടു തവണ മാത്രം
ബയേണിനെതിരെയുള്ള അഞ്ചു മത്സരങ്ങളിൽനിന്ന് ബാഴ്‌സ ഗോൾകീപ്പർ ടെർ സ്റ്റീഗൻ വഴങ്ങിയത് 17 ഗോള്‍
ജർമനിയിൽ വച്ച് ബാഴ്‌സലോണ ബയേണിനെ തോൽപ്പിച്ചിട്ടില്ല.


കടലാസിൽ ഒപ്പത്തിനൊപ്പമാണ് ഇരുസംഘങ്ങളും. ലെവൻഡോവ്‌സ്‌കി എത്തിയതോടെ ബാഴ്‌സയുടെ പ്രഹരശേഷി അതിമാരകമായി. കൂടെ ഉസ്മാനെ ഡെംബലെയും റഫീഞ്ഞയും. ഫ്രാങ്കി ഡി യോങ്, ജോർഡി ആൽബ, ജെരാർഡ് പിക്വെ, മെഫിസ് ഡിപെ, പെഡ്രി, അൻസു ഫാറ്റി തുടങ്ങി ഒരുപിടി എണ്ണം പറഞ്ഞ താരങ്ങൾ പിന്നെയും.

ലവൻഡോവ്‌സ്‌കിക്ക് പകരം ലിവർപൂളിൽ നിന്നു വാങ്ങിയ സാദിയോ മാനെയാണ് ബയേണിന്റെ കുന്തമുന. കൂടെ കാലങ്ങളായി ടീമിനൊപ്പമുള്ള തോമസ് മ്യൂളറും കിമ്മിച്ചും ലെറോയ് സാനെയും ബഞ്ചമിൻ പവാർഡുമെല്ലാം. ഗോൾവലയ്ക്ക് കീഴെ വിശ്വസ്തനായ മാനുവൽ ന്യൂയറും.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News