സന്തോഷ് ട്രോഫിയിൽ ക്ലാസിക്ക് ഫൈനൽ; കലാശപ്പോരിൽ കേരളത്തിന് എതിരാളികൾ ബംഗാൾ

46-ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. അതിൽ 32 തവണയും ചാമ്പ്യൻമാരായി.

Update: 2022-04-29 17:09 GMT
Advertising

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സെമിയിൽ മണിപ്പൂരിനെ പരാജയപ്പെടുത്തി വെസ്റ്റ് ബംഗാൾ ഫൈനലിൽ. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 46 ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. അതിൽ 32 തവണ ബംഗാൾ ചാമ്പ്യൻമാരായി. സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളവും ബംഗാളും നേർക്കുനേർ വരുന്നത് ഇത് നാലാം തവണയാണ്. 1989, 1994 വർഷങ്ങളിലെ ഫൈനലിൽ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലിൽ സ്വന്തം മൈതാനത്ത് വെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ കീപ്പർ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്. മെയ് രണ്ടിന് രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനൽ.

ആദ്യ പകുതി

ആദ്യ ഇലവനിൽ ഒരു മാറ്റവുമായി ആണ് വെസ്റ്റ് ബംഗാൾ മണിപ്പൂരിനെതിരെ സെമിക്ക് ഇറങ്ങിയത്. രണ്ടാം മിനുട്ടിൽ തന്നെ ബംഗാൾ ലീഡ് എടുത്തു. ബോക്സിന്റെ വലതു കോർണറിൽ നിന്ന് സുജിത്ത് സിങ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി എടുത്ത കിക്ക് മണിപ്പൂർ ഗോൾകീപ്പറുടെ തൊട്ടുമുന്നിൽ പിച്ച് ചെയ്ത് ഗോളായി മാറി. ഏഴാം മിനുട്ടിൽ ബംഗാൾ ലീഡ് രണ്ടാക്കി ഉയർത്തി. ഇടതു വിങ്ങിൽ നിന്ന് ബോക്സിലേക്ക് ഉയർത്തി നൽകിയ ബോൾ മണിപ്പൂർ ഗോൾകീപ്പറും പ്രതിരോധ താരങ്ങളും തട്ടിയകറ്റാൻ ശ്രമിക്കവെ ബോക്സിന് തൊട്ടുമുന്നിലായി നിലയുറപ്പിച്ച ഫർദിൻ അലി മൊല്ല പ്രതിരോധ താരത്തെ കബളിപ്പിച്ച് ഗോളാക്കി മാറ്റി. 32 ാം മിനുട്ടിൽ മണിപ്പൂരിന് അവസരം ലഭിച്ചു. ഉയർത്തി നൽകിയ കോർണർ കിക്ക് സുധീർ ലൈതോജം ആദ്യം ഹെഡ് ചെയ്തെങ്കിലും ബംഗാൾ ഗോൾകീപ്പർ പ്രിയന്ത് കുമാർ സിങ് തട്ടിയകറ്റി. തുടർന്ന് ലഭിച്ച പന്ത് റോമൻ സിങ് രണ്ട് തവണ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോൾകീപ്പറും പ്രതിരോധ താരങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. 41 ാം മിനുട്ടിൽ മണിപ്പൂരിന് വീണ്ടും അവസരം ലഭിച്ചു. കോർണർ കിക്ക് ബംഗാൾ ഗോൾകീപ്പർ തട്ടിയകറ്റവെ ലഭിച്ച അവസരം ജെനിഷ് സിങ് ഗോൽകീപ്പർ ഇല്ലാത്ത പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഓടിയെത്തിയ കീപ്പർ തട്ടിയകറ്റി.

രണ്ടാം പകുതി

ആദ്യ പകുതിയിലെ പോരാട്ടവീര്യം രണ്ടാം പകുതിയുടെ തുടക്കത്തിൽ കാണാൻ സാധിച്ചില്ല. 60ാം മിനുട്ടിൽ മണിപ്പൂരിന് അവസരം ലഭിച്ചു. വലതു വിങ്ങിൽ നിന്ന് സോമിഷോൻ ഷിക് ബോക്സിലേക്ക് നൽകിയ ക്രോസ് സുധീർ ലൈതോജം സിങ് നഷ്ടപ്പെടുത്തി. 66 ാം മിനുട്ടിൽ മണിപ്പൂർ സ്ട്രൈക്കർ സോമിഷോൻ ഷികിന് ലഭിച്ച അവസരം നഷ്ടപ്പെടുത്തി. 74ാം മിനുട്ടിൽ ബംഗാൾ ലീഡ് മൂന്നാക്കി ഉയർത്തി. ഇടതു വിങ്ങിൽനിന്ന് ദിലിപ് ഓർവൻ അടിച്ച പന്ത് സെകൻഡ് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News