മികച്ച ഗോൾകീപ്പർ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗിൽ; 21ാം വയസ്സിൽ ഗോൾഡൻ ഗ്ലൗ

ഫൈനലിലെ ഷൂട്ടൗട്ടിൽ തിളങ്ങാനായില്ലെങ്കിലും മത്സരത്തിലുടനീളം വ്യക്തിഗത മികവ് പ്രകടിപ്പിച്ചത് ഗില്ലായിരുന്നു

Update: 2022-03-20 17:35 GMT
Advertising

ഐ.എസ്.എൽ എട്ടാം സീസണിൽ ഗോൾഡൻ ഗ്ലൗ പുരസ്‌കാരം പ്രഭ്സുഖാൻ ഗില്ലെന്ന പകരക്കാരനായെത്തി, പകരം വെക്കാനാകാത്ത കാവൽക്കാരനായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾക്കീപ്പർക്കാണ്. അതും 21ാം വയസ്സിൽ. ഫൈനലിലെ ഷൂട്ടൗട്ടിൽ തിളങ്ങാനായില്ലെങ്കിലും മത്സരത്തിലുടനീളം വ്യക്തിഗത മികവ് പ്രകടിപ്പിച്ചത് ഗില്ലായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോൾപോസ്റ്റിന് മുന്നിൽ നെഞ്ചുറപ്പോടെ നിന്ന കാവൽക്കാരനാണ് പ്രഭ്സുഖാൻ ഗില്ലെന്ന് പറയുന്നത് വെറും വാക്കല്ലെന്നതിന് ഇന്ന് നടന്ന ഫൈനലിലേതടക്കം നിരവധി നിമിഷങ്ങൾ സാക്ഷിയാണ്. ജാവിയർ സിവേറിയോയുടെ തട്ടുതകർപ്പൻ ഹെഡ്ഡർ നെഞ്ച് വിരിച്ചായിരുന്നു ഗിൽ തിരിച്ചയച്ചത്. 49ാം മിനുട്ടിൽ ഹൈദരാബാദ് ക്യാപ്റ്റൻ ജോവോ തൊടുത്തുവിട്ട ലോംഗ് റേഞ്ചർ നീളത്തിൽ ചാടി ഗിൽ രക്ഷപ്പെടുത്തിയ കാഴ്ചയും അതിമനോഹരമായിരുന്നു. ഇങ്ങനെ ടൂർണമെൻറിലുടനീളം ടീമിന്റെ വലയിലേക്കെത്തുമായിരുന്നു തീയുണ്ടകൾ തട്ടിമാറ്റിയ ഗിൽ പകരക്കാരനായെത്തി, പകരം വെക്കാനാകാത്ത കാവൽക്കാരനാകുകയായിരുന്നു.



ഏറ്റവും കൗതുകകരമായ കാര്യം പ്രഭ്സുഖാൻ ഗിൽ ഗോൾകീപ്പറായിട്ടല്ല കളി പഠിച്ചതും തുടങ്ങിയതും എന്നാണ്. ഡിഫൻസിലായിരുന്നു പ്രഭ്സുഖാൻ ഗിലിന്റെ സേവനം. ഡിഫന്റർ എന്ന നിലയിൽ രണ്ട് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഭാഗമായിട്ടുണ്ട്. പരിശീലകൻ നിക്കോളായ് ആദം ഇന്ത്യയുടെ അണ്ടർ 17 ടീമിനെ കൊണ്ടുപോയിരുന്ന കാലത്തായിരുന്നു അത്. പരിശീലന വേളയിലൊക്കെ പുറത്തെടുത്ത മികവാണ് പ്രഭ്സുഖൻ ഗില്ലിനെ ടീമിലേക്ക് തെരഞ്ഞെടുത്തത് തന്നെ. പരിശീലകൻ നിക്കോളായ് ആദമിന്റെ പിന്തുണയും ശിക്ഷണവുമൊക്കെയാണ് താരത്തെ പിന്നീട് ഗോൾപോസ്റ്റിന് മുന്നിലെത്തിച്ചത്. തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്ന പ്രകടനാണ് പ്രഭ്സുഖാൻ പുറത്തെടുത്തത്.


ഐ.എസ്.എൽ എട്ടാം സീസണിൽ ഗോൾഡൻ ഗ്ലൗ പുരസ്‌കാരം താരത്തിന് നേടിക്കൊടുത്തത് ഏഴു ക്ലീൻ ചീട്ടുകളടക്കമുള്ള അതിമികച്ച പ്രകടനമാണ്. 19 മത്സരങ്ങളിലാണ് പ്രഭ്സുഖാൻ ഗിൽ ബ്ലാസ്റ്റേഴ്സിന്റെ വലകാത്തത്. 1634 മിനുട്ടുകൾ. 20 ഗോളുകൾ വഴങ്ങിയപ്പോൾ 42 അവസരങ്ങളാണ് തടുത്തിട്ടത്. 67.74 ശതമാനമാണ് താരത്തിന്റെ ഗോൾ സേവിങ്. ആകെ നേരിട്ടത് 177 ഷോട്ടുകളാണ്. അവയിൽ 62 എണ്ണം ലക്ഷ്യത്തിലെത്തുന്നവയായിരുന്നു.

2020ലാണ് പ്രഭ്സുഖാൻ ഗിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. രണ്ട് വർഷത്തേക്കാണ് കരാർ. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്‌ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്‌ബോൾ ജീവിതം ആരംഭിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ താരം രണ്ട് വർഷം പരിശീലനം നേടി.

അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ ഗിൽ ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. 2019 ലെ ഹീറോ സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ ഈ യുവ ഷോട്ട്-സ്റ്റോപ്പർ കെബിഎഫ്‌സി ടാലൻറ് ഹണ്ട് ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ബെംഗളൂരു എഫ്സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് ഗിൽ എത്തിയത്.

Best Goalkeeper Prabhusukhan Gill; Golden Glow at 21 years old

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News