ഇഞ്ചുറി ടൈമിൽ വിനീഷ്യസ് മാജിക്; കൊളംബിയക്കെതിരെ ബ്രസീലിന് ജയം, 2-1
ജയത്തോടെ പോയന്റ് ടേബിളിൽ ബ്രസീൽ രണ്ടാംസ്ഥാനത്തേക്കുയർന്നു


റിയോ ഡി ജനീറോ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നേടിയ ലോങ് റേഞ്ചർ ഗോളിൽ കൊളംബിയയെ തോൽപിച്ച് ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാനറികൾ ജയം പിടിച്ചത്. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ( 90+9) റയൽമാഡ്രിഡ് താരം വിശ്വരൂപം പുറത്തെടുത്തത്. രാജ്യത്തിനായി ഗോളടിക്കുന്നില്ലെന്ന വിമർശനങ്ങൾക്കുള്ള മറുപടിയുമായി വിനീഷ്യസിന്റെ ഈ ഗോൾ. വിജയത്തോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പോയിന്റ് ടേബിളിൽ ബ്രസീൽ അർജന്റീനക്ക് താഴെ രണ്ടാംസ്ഥാനത്തെത്തി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ റഫീന്യയാണ് ആദ്യം വലകുലുക്കിയത്. വിനീഷ്യസിനെ ഫൗൾ ചെയ്തതിനാണ് ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. 41-ാം മിനിറ്റിൽ ലൂയിസ് ഡയസ് കൊളംബിയയ്ക്കായി സമനില കണ്ടെത്തി. രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും ആക്രമണ-പ്രത്യാക്രമണവുമായി കളംനിറഞ്ഞെങ്കിലും ലക്ഷ്യംകാണാനായില്ല. ഒടുവിൽ 99-ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്നുള്ള വിനീഷ്യസിന്റെ ബുള്ളറ്റ് ഷോട്ട് കൊളംബിയൻ പ്രതിരോധത്തേയും ഗോൾകീപ്പറേയും മറികടന്ന് വലയിൽകയറി.