നേഷൻസ് ലീഗ് ക്വാർട്ടറിൽ പോർച്ചുഗലിനും ഫ്രാൻസിനും തോൽവി; ഇറ്റലിയെ വീഴ്ത്തി ജർമനി
സ്‌പെയിൻ-നെതർലാൻഡ്‌സ് മത്സരം സമനിലയിൽ കലാശിച്ചു


കോപ്പൻഹേഗൻ: യുവേഫ നേഷൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തോൽപിച്ച് ഡെൻമാർക്ക്. 78ാം മിനിറ്റിൽ റാസ്മസ് ഹോയ്‌ലൻഡാണ് ഡാനിഷ് പടക്കായി ലക്ഷ്യംകണ്ടത്. മറ്റൊരു മത്സരത്തിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളിന് ക്രൊയേഷ്യ തകർത്തു. ഇറ്റലിയെ 2-1ന് ജർമനി തോൽപിച്ചപ്പോൾ സ്‌പെയിൻ-നെതർലാൻഡ് മത്സരം(2-2) സമനിലയിൽ കലാശിച്ചു. രണ്ടാം പാദ ക്വാർട്ടറിൽ രണ്ട് ഗോൾ വ്യത്യാസത്തിൽ ജയിച്ചില്ലെങ്കിൽ പറങ്കിപ്പട സെമിയിലെത്താതെ പുറത്താവും. ഇന്നലെ മുഴുവൻ സമയവും കളത്തിലുണ്ടായിട്ടും മത്സരത്തിൽ ഇംപാക്ടുണ്ടാക്കാൻ റോണോക്കായില്ല. 24ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൻ നഷ്ടപ്പെടുത്തി.
ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ക്രൊയേഷ്യ തോൽപിച്ചത്. ആൻറെ ബുഡിമിറും ഇവാൻ പെരിസിച്ചുമാണ് വലകുലുക്കിയത്. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപെക്ക് തിളങ്ങാനായില്ല. മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻ സ്‌പെയിനെ സമനിലയിൽ തളച്ച് നെതർലാൻഡ്‌സ്. ഇരുവരും രണ്ട് ഗോൾ വീതം നേടി. 9ാം മിനിറ്റിൽ നീക്കോ വില്യംസിലൂടെ സ്‌പെയിൻ മുന്നിലെത്തി. 28ാം മിനിറ്റിൽ കോഡി ഗാക്‌പോ ഓറഞ്ച് പടക്കായി സമനില കണ്ടെത്തി. രണ്ടാംപകുതിയുടെ ആദ്യമിനിറ്റിൽ റെയിൻഡേഴ്‌സിലൂടെ(46) നെതർലാൻഡ് ലീഡെടുത്തു.
എന്നാൽ പകരക്കാനായി ഇറങ്ങിയ മിക്കെൽ മെറീനയുടെ ഗോളിൽ(90+3) കളിയുടെ ഇഞ്ചുറി ടൈമിൽ സ്പാനിഷ്‌സംഘം തോൽവി ഒഴിവാക്കി. മറ്റൊരു മത്സരത്തിൽ ഇറ്റലിയെ ജർമ്മനി തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. ടൊണാലിയുടെ ഗോളിൽ 9ാം മിനിറ്റിൽ മുന്നിൽ നിന്ന ശേഷമാണ് ഇറ്റലി തോൽവി വഴങ്ങിയത്. 49ാം മിനിറ്റിൽ ടിം ക്ലൈൻഡിസ്റ്റും 76ാം മിനിറ്റിൽ ലിയോൺ ഗോറെട്‌സകയുമാണ് ജർമനിക്കായി ലക്ഷ്യംകണ്ടത്.