യുവേഫ സൂപ്പർകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്; വിജയം പെനൽറ്റി ഷൂട്ടൗട്ടിൽ
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം വഴങ്ങിയതിനാൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
യുവേഫ സൂപ്പർകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഫൈനലിൽ സെവിയ്യക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സിറ്റിയുടെ ജയം. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം വഴങ്ങിയതിനാൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൗട്ടിൽ 5-4 നാണ് സിറ്റി ജയിച്ചത്. ഇരുപത്തഞ്ചാം മിനുട്ടിൽ എൻ.നെസിരിയുടെ ഹെഡറിലൂടെ സെവിയ്യ ലീഡ് നേടി. അല്യൂണയുടെ ക്രോസിൽ നിന്നായിരുന്നു നെസിരിയുടെ ഹെഡർ ഗോള്‍.
ഈ ലീഡ് മത്സരത്തിന്റെ അറുപത്തിമൂന്നാം മിനുട്ട് വരെ സെവിയ്യ പിടിച്ചുനിർത്തി. എന്നാല്‍ 63ാം മിനുറ്റിൽ പാൾമറിന്റെ ഗോളിലൂടെ സിറ്റി സമനില നേടി. റോഡ്രിയുടെ പാസ് സ്വീകരിച്ചായിരുന്നു പാൾമറുടെ ഗോള്‍. പിന്നീട് വിജയഗോൾ നേടാൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. സിറ്റി ഇതാദ്യമായാണ് സൂപ്പർ കപ്പ് നേടുന്നത്.