എതിർതാരത്തിനെതിരെ പന്തടിച്ച് ബ്രൂണോ; ബാഴ്‌സലോണ-യുനൈറ്റഡ് മത്സരത്തിൽ കയ്യാങ്കളി

ബാഴ്‌സലോണയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിലെത്തിയിരിക്കുകയാണ്

Update: 2023-02-24 09:19 GMT

Bruno Fernandus, Frenkie De Jong

Advertising

യൂറോപ്പാ ലീഗ് പ്രീക്വാർട്ടർ പ്രവേശനം നിർണയിച്ച ബാഴ്‌സലോണ -യുനൈറ്റഡ് മത്സരത്തിൽ കയ്യങ്കളി. യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസാണ് കയ്യാങ്കളിക്ക് കാരണക്കാരനായത്. യുണൈറ്റഡ് ഫുൾ ബാക്ക് ആരോൺ വാൻ-ബിസാക്കയുടെ ഫൗളിൽ വീണുകിടന്ന ബാഴ്‌സയുടെ ഫ്രെങ്കി ഡി ജോംഗിനെതിരെ ബ്രൂണോ ശക്തിയിൽ പന്തടിക്കുകയായിരുന്നു. ഇതോടെ ഇരുടീമിലെ താരങ്ങൾ തമ്മിലുരസി. നിരവധി യുണൈറ്റഡ്, ബാഴ്സലോണ കളിക്കാർ പരസ്പരം ഉന്താനും തള്ളാനും തുടങ്ങി. സംഭവത്തിൽ ബ്രൂണോക്ക് റഫറി മഞ്ഞക്കാർഡ് നൽകി. എന്നാൽ താൻ വിസിൽ കേട്ടിരുന്നില്ലെന്നും അതിനാലാണ് താൻ പന്തടിച്ചതെന്നുമായിരുന്നു ബ്രൂണോയുടെ വാദം. പക്ഷേ റഫറി അത് പരിഗണിച്ചില്ല. ഫ്രെഡ് നേടിയ ടീമിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് ബ്രൂണോയായിരുന്നു.

ബാഴ്‌സലോണയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിലെത്തിയിരിക്കുകയാണ്. ബാഴ്സലോണയെ 2-1ന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡിന്റെ പ്രീക്വാർട്ടർ പ്രവേശനം. ആദ്യ പാദത്തിൽ ബാഴ്സയുടെ തട്ടകത്തിൽ 2-2ന് സമനില പിടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടിരുന്നില്ല. ഓൾഡ് ട്രാഫോഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ചുവന്ന ചെകുത്താന്മാർ ജയം പിടിച്ചെടുത്തു. മത്സരത്തിൽ ആദ്യം ലീഡെടുത്തത് ബാഴ്സയായിരുന്നു. 18ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് റോബർട്ട് ലെവൻഡോവ്സ്‌കിയാണ് കറ്റാലൻ സംഘത്തിനെ മുന്നിലെത്തിച്ചത്.

എന്നാൽ രണ്ടാം പകുതിയിൽ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് വരുത്തിയ നിർണായക മാറ്റങ്ങൾ ബാഴ്സയ്ക്ക് തിരിച്ചടിയായി. ഫ്രെഡ്, ആന്റണി എന്നിവർ രണ്ടാം പകുതിയിൽ യുണൈറ്റഡിനായി വല കുലുക്കി. ഇതോടെ ഇരുപാദങ്ങളിലുമായി ബാഴ്സയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. മറ്റ് മത്സരങ്ങളിൽ വിജയിച്ച് ബയേർ ലെവർക്യൂസൻ, എഎസ് റോമ, യുവന്റസ് തുടങ്ങിയ ടീമുകളും യൂറോപ്പാ ലിഗ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.

Clash in the Barcelona-United match that decided the Europa League pre-quarter entry.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News