'അഞ്ചടി': ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോൾ കിരീടം റയൽ മാഡ്രിഡിന്
രണ്ട് ഗോളുകൾ നേടുകയും കരിംബെൻസേമയടെ ഗോളിന് വഴിവെട്ടുകയും ചെയ്ത ബ്രസീൽ താരം വിനീഷ്യസ് ജൂനിയറാണ് കളിയിൽ നിറഞ്ഞുനിന്നത്
മാഡ്രിഡ്: ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോള്‍ കിരീടം റയൽ മാഡ്രിഡിന്. ഫൈനലിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പാനിഷ് ചാമ്പ്യന്മാർ കിരീടം ഉയർത്തിയത്. വിനീഷ്യസ്, വാല്‍വെര്‍ ദെ എന്നിവരുടെ ഇരട്ട ഗോളുകളാണ് റയലിന് ജയമൊരുക്കിയത്. റയൽ മാഡ്രിഡിന്റെ അഞ്ചാം ക്ലബ്ബ് ലോകകപ്പാണിത്. എട്ട് ഗോളുകളാണ് മത്സരത്തില്‍ പിറന്നത്.
രണ്ട് ഗോളുകൾ നേടുകയും കരിംബെൻസേമയടെ ഗോളിന് വഴിവെട്ടുകയും ചെയ്ത ബ്രസീൽ താരം വിനീഷ്യസ് ജൂനിയറാണ് കളിയിൽ നിറഞ്ഞുനിന്നത്. ഫെഡ്രിക്കോ വാൽവെർഡോയും റയലിനായി ഇരട്ട ഗോൾ കണ്ടെത്തി.
തുടക്കം മുതൽ റയലിന്റെ ആധിപത്യമായിരുന്നു. പതിമൂന്നാം മിനുറ്റിൽ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മുന്നിലെത്തി. 18ാം മിനുറ്റിൽ ഫെഡ്രിക്കോ വാൽവെർഡയിലൂടെ റയൽ ഗോൾ നേട്ടം രണ്ടാക്കി. ഗോൾ മടക്കാനുള്ള പരക്കംപാച്ചിലിൽ ഹിലാൽ ഒന്ന് മടക്കി റയലിനെ അസ്വസ്ഥമാക്കി. മൂസ മാരേഗയാണ് 26ാം മിനുറ്റിൽ ഗോൾ നേടിയത്. 2-1ന്റെ മുൻതൂക്കവുമായി ഒന്നാം പകുതി അവസാനിച്ചു. രണ്ടാം പകുതിയിലാണ് റയൽ ആക്രമണത്തിന്റെ കനം കൂട്ടിയത്. നാല് മിനുറ്റിനിടെ വന്ന രണ്ട് ഗോളുകൾ ഹിലാലിനെ വെള്ളംകുടിപ്പിച്ചു.
പരിക്ക് മാറി തിരിച്ചെത്തിയ കരിം ബെൻസെമ 54ാം മിനുറ്റിലും ഫെഡ്രിക്കോ വാൽവർഡ 58ാം മിനുറ്റിലും ഗോൾ നേടിയതോടെ റയൽ ഗോൾ നേട്ടം നാലിൽ എത്തിച്ചു. അതിനിടെ 63ാം മിനുറ്റിൽ ലൂസിയാനോ വെയിറ്റോ ഹിലാലിനായി സ്‌കോർ ചെയ്തു(4-2). 69ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയർ രണ്ടാം ഗോൾ കൂടി നേടിയതോടെ റയൽ ഫൈവ് സ്റ്റാറായി(5-2). 79ാം മിനുറ്റിൽ ലൂസിയാനോ തന്നെ ഹിലാലിനായി ഒരിക്കൽ കൂടി ഗോൾ നേടി. അതോടെ ഹിലാൽ തീർന്നു. പിന്നീട് ഗോളടിക്കാനായില്ലെങ്കിലും ഹിലാൽ പ്രതിരോധനിരയെ ശല്യം ചെയ്തു റയൽ മുന്നേറ്റ നിര ഇരമ്പിയെത്തിയിരുന്നു.
മത്സരത്തിന്റെ സിംഹഭാഗവും പന്ത് കൈവശം വെച്ചത് റയലായിരുന്നു. ഷോട്ടിലും ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലുമെല്ലാം റയല്‍ തന്നെയായിരുന്നു മുന്നില്‍. അതേസമയം റയൽ മാഡ്രിഡിന്റെ അഞ്ചാം ക്ലബ് ലോകകപ്പാണിത്. ഇതിന് മുമ്പ് 2014, 2016, 2017, 2018 വർഷങ്ങളിലാണ് റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.