ദ ഗോൾ മെഷിൻ; മിഷേൽ പ്ലാറ്റീനിക്കും അലൻ ഷിയറർക്കും മുകളിൽ ക്രിസ്റ്റിയാനോ

യൂറോ കപ്പിൽ 11 ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം

Update: 2021-06-15 19:03 GMT
Editor : abs
Advertising

ഹംഗറിക്കെതിരെ രണ്ട് ഗോളുകൾ നേടിയതോടെ ഇതിഹാസ താരങ്ങളായ മിഷേൽ പ്ലാറ്റീനിയുടെയും അലൻ ഷിയററുടെയും റെക്കോർഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കണ്ടെത്തിയ താരം എന്ന നേട്ടമാണ് പോർച്ചുഗീസ് നായകൻ സ്വന്തം പേരിൽ കുറിച്ചത്.

11 ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം. ഒമ്പത് ഗോളുകളാണ് ഫ്രഞ്ച് താരമായിരുന്ന മിഷേൽ പ്ലാറ്റീനിയുടെ പേരിലുള്ളത്. ഇംഗ്ലീഷ് സ്‌ട്രൈക്കർ അലൻ ഷിയറർ നേടിയത് ഏഴു ഗോളുകളും.


പോർച്ചുഗൽ ദേശീയ ടീമിന്റെ എല്ലാ കാലത്തെയും ടോപ് സ്‌കോററാണ് ക്രിസ്റ്റിയാനോ. 106 ഗോളുകളാണ് സ്വന്തം രാജ്യത്തിനായി താരം അടിച്ചുകൂട്ടിയിട്ടുള്ളത്. യൂറോകപ്പിന്റെ അഞ്ച് എഡിഷനുകളിൽ കളിക്കുന്ന ആദ്യ താരമെന്ന റെക്കോർഡും ക്രിസ്റ്റിയാനോയ്ക്ക് സ്വന്തമാണ്. അഞ്ചു യൂറോയിലും ഗോൾ കണ്ടെത്തുന്ന ആദ്യ താരവും പോർച്ചുഗൽ നായകൻ തന്നെ. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ഖ്യാതിയിലേക്ക് ഇനി മൂന്നു ഗോളുകളുടെ ദൂരം മാത്രമാണ് ക്രിസ്റ്റിയാനോക്ക് മുമ്പിലുള്ളത്. ഇറാൻ താരം അലി ദായിയുടെ പേരിലാണ് ഈ റെക്കോർഡ്. 

അതിനിടെ, യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പോർച്ചുഗൽ ഹംഗറിയെ തകർത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമേ ഗുറൈയ്‌റയാണ് പോർച്ചുഗലിനായി ഗോൾ കണ്ടെത്തിയത്. 84-ാം മിനിറ്റിലായിരുന്നു ഗുറൈറയുടെ ഗോൾ. 86-ാം മിനിറ്റിൽ റാഫ സിൽവയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് ആദ്യം ക്രിസ്റ്റിയാനോ ലക്ഷ്യത്തിലെത്തിച്ചത്. അധിക സമയത്തിന്റെ രണ്ടാം മിനിറ്റിൽ ഗോൾകീപ്പറെയും ഡ്രിബിൾ ചെയ്തു കയറിയ റോണോ മൂന്നാം ഗോളും സ്വന്തമാക്കി. കളിയുടെ അവസാന പത്തു മിനിറ്റിലാണ് പറങ്കികൾ ടോപ് ഗിയറിലേക്ക് മാറിയത്. അവസാന ഘട്ടത്തിൽ കോച്ച് ഫെർണാണ്ടോ സാന്റോസ് നടത്തിയ മാറ്റങ്ങളാണ് കളിയിൽ വഴിത്തിരിവായത്.

Tags:    

Editor - abs

contributor

Similar News