മെസിയുടെ പി.എസ്.ജിക്കെതിരെ സൗദി സ്റ്റാർ ഇലവനെ റൊണാൾഡോ നയിക്കും
ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ മെസിയുടെ ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് റൊണാൾഡോയുടെ യുവാൻറസ് തോൽപ്പിച്ചിരുന്നു
അർജൻറീനൻ സൂപ്പർതാരം ലയണൽ മെസി നയിക്കുന്ന പാരിസ് സെയ്ൻറ് ജെർമൈനെതിരെ സൗദി സ്റ്റാർ ഇലവനെ ക്രിസ്റ്റിയാനോ റൊണാൾഡോ നയിക്കും. ക്രിസ്റ്റ്യാനോയെ സൗദി ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് ക്യാപ്റ്റൻ ബാൻഡ് അണിയിച്ചു. അദ്ദേഹം തന്നെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് മെസിയും റൊണാൾഡോയും അടങ്ങുന്ന ടീമുകൾ പരസ്പരം മത്സരിക്കുന്നത്. ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ മെസിയുടെ ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് റൊണാൾഡോയുടെ യുവാൻറസ് തോൽപ്പിച്ചിരുന്നു. പെനാൽറ്റിയിലൂടെ രണ്ട് ഗോളാണ് റൊണാൾഡോ അന്ന് അടിച്ചിരുന്നത്.
ജനുവരി 19ന് നടക്കുന്ന വിലക്ക് മറികടക്കാൻ സ്വന്തം ക്ലബായ അൽനസ്‌റിന്റെ ജഴ്‌സിയിലല്ല ക്രിസ്റ്റ്യാനോ ഇറങ്ങുന്നത്. സൗദി ക്ലബുകളായ അൽ നസ്‌റിന്റെയും അൽ ഹിലാലിന്റെയും താരങ്ങളുടെ സംയുക്ത സംഘമാണ് പി.എസ്.ജിയെ റിയാദിൽ നേരിടുക. വൻകിട ടൂറിസം വിനോദ പരിപാടിയായ റിയാദ് സീസൺ സംഘടിപ്പിക്കുന്നതാണ് മത്സരം. റിയാദ് സീസൺ കപ്പ് എന്ന പേരിലുള്ള മത്സരത്തിനായി സൂപ്പർ താരം ലയണൽ മെസിയുൾപ്പെടെ എത്തുമെന്നാണ് റിപ്പോർട്ട്. നേരത്തെ, അൽ നസ്‌റുമായുള്ള മത്സരമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്രിസ്റ്റ്യാനോയ്ക്കു സ്വന്തം ക്ലബിന്റെ കുപ്പായത്തിൽ കളിക്കാൻ വിലക്കുള്ളതോടെ സംയുക്ത ടീമിനെ ഒരുക്കുകയായിരുന്നു. മുൻ ക്ലബായിരുന്ന മാഞ്ചസ്റ്ററിനു വേണ്ടിയുള്ള കളിക്കിടെ ആരാധകനോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തിൽ താരത്തിനു ലഭിച്ച വിലക്കാണ് തിരിച്ചടിയായത്.
എവർട്ടനോട് തോറ്റ ശേഷം റൂമിലേക്ക് മടങ്ങുമ്പോൾ ഒരു ആരാധകൻ മൊബൈലിൽ വിഡിയോ പിടിക്കുന്നത് ക്രിസ്റ്റ്യാനോ തടയുകയും മൊബൈൽ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് രണ്ട് മത്സരത്തിൽ താരത്തിന് വിലക്കേർപ്പെടുത്തിയത്. ഇതിനിടെ അൽ നസ്‌റിലെത്തിയെങ്കിലും താരങ്ങളുടെ സ്റ്റാറ്റസ് ആൻഡ് ട്രാൻസ്ഫർ സംബന്ധിച്ച ഫിഫയുടെ നിയമം അനുസരിച്ച്, ക്ലബ് മാറിയാലും പുതിയ അസോസിയേഷൻ വിലക്ക് നടപ്പാക്കണം.
അൽ നസ്‌റുമായുള്ള കരാർ ഒപ്പുവയ്ക്കാൻ വൈകിയതിനാൽ രണ്ടു മത്സരങ്ങൾ ക്രിസ്റ്റ്യാനോക്ക് ഇതുവരെ പൂർത്തിയാക്കാനിയിട്ടില്ല. ഇതിനാൽ അൽ നസ്ർ ജഴ്‌സിയണിഞ്ഞാകില്ല വ്യാഴാഴ്ചത്തെ മത്സരത്തിന് താരം ഇറങ്ങുക. വിലക്ക് മറികടക്കാൻ റിയാദ് സീസൺ ഭാരവാഹികൾ സൗദിയിലെ പ്രധാന ക്ലബുകളായ അൽ നസ്‌റിന്റെയും ഹിലാലിന്റെയും താരങ്ങളെ ചേർത്ത് പുതിയ ടീം രൂപീകരിച്ചു.
19ന് രാത്രി എട്ടിന് റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. അറുപതിനായിരം പേർക്കിരിക്കാവുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുപോയിരുന്നു. കുറഞ്ഞ എണ്ണം പ്രവാസികൾക്കാണ് ടിക്കറ്റ് ലഭിച്ചത്. മത്സരത്തിന്റെ ഒരു ടിക്കറ്റ് പ്രത്യേകം റിയാദ് സീസൺ ലേലത്തിൽ വച്ചു. രണ്ട് ടീമിനുമൊപ്പം ഫോട്ടോയും ഡിന്നറും കിരീടധാരണ ചടങ്ങിലേക്കുള്ള പ്രവേശനവും നൽകുന്നതാണ് ടിക്കറ്റ്. ലേലത്തിൽ ഇതുവരെ ഒരു കോടി റിയാലിനു മുകളിലാണ് വിളിച്ചത്.
Cristiano Ronaldo will lead the Saudi star XI against Messi's PSG