ഇംഗ്ലണ്ട് പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇന്നിറങ്ങും
അമേരിക്കയാണ് എതിരാളികൾ
ലോകകപ്പിൽ പ്രീക്വാർട്ടർ ലക്ഷമിട്ട് ഇംഗ്ലണ്ട് ഇന്നിറങ്ങും. അമേരിക്കയാണ് എതിരാളികൾ. രാത്രി പന്ത്രണ്ടരയ്ക്ക് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.
ഇറാനെ തച്ചുതകർത്ത് എത്തുന്ന ഇംഗ്ലീഷ് സംഘത്തിന് കാര്യമായി പേടിക്കാനൊന്നുമില്ല. പ്രധാന സ്ട്രൈക്കർമാർ എല്ലാം ഗോളടിച്ചു കഴിഞ്ഞു. ഇംഗ്ലണ്ട് വലകുലുക്കിയത് ആറ് തവണയാണ്. ഏതു പൊസിഷനിലും ഒന്നിലേറെ സാധ്യതകൾ. ആക്രമണത്തിലാകട്ടെ ഇരട്ടി കരുത്ത്. രണ്ടു ഗോളടിച്ച് ബുക്കായോ സാക്ക, ജൂഡ് ബെല്ലിങ്ങാം, റഹീം സ്റ്റെർലിങ്, മാർകസ് റാഷ്ഫോഡ്, ജാക് ഗ്രീലിഷ് എന്നിവരെല്ലാം കഴിഞ്ഞ കളിയിൽ ഗോൾ നേടിയവരാണ്.
നായകൻ ഹാരിക്കെയിനെ കളി മെനയാൻ ഏൽപ്പിച്ച തന്ത്രവും ഫലം കണ്ടു. എണ്ണയിട്ട യന്ത്രം പോലെ മധ്യനിരയും മുന്നേറ്റക്കാരും കളിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോൾ വഴങ്ങിയത് ടീമിന് തിരിച്ചടിയാണ്. പരിക്കേറ്റ പ്രതിരോധ നിരയിലെ പ്രധാനി മാഗ്വയർ തുടക്കം മുതൽ കളിക്കുമെന്നാണ് റിപ്പോർട്ട്. ജയത്തോടെ പ്രീക്വാർട്ടറിലേക്ക് കാൽവെയ്ക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.
വെയിൽസിനെതിരെ സമനില പിടിച്ചാണ് അമേരിക്കയെത്തുന്നത്. ഫിനിഷിങിലെ പോരായ്മ മറികടക്കാനായാൽ അമേരിക്കയ്ക്ക് ഇംഗ്ലണ്ടിനെ വിറപ്പിക്കാം. ചെൽസി വിങ്ങൾ ക്രിസ്റ്റ്യൻ പുലിസിച്ച് തന്നെയാണ് ടീമിന്റെ കുന്തമുന.
ഇരു ടീമുകളും മുഖാമുഖം നിന്ന 11 തവണയിൽ എട്ടും ജയിച്ചത് ഇംഗ്ലണ്ടാണ്. അതിന്റെ തുടർച്ച തേടിയാണ് അൽബയ്ത് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് ആരാധകപ്പട എത്തുക. എന്നാലും അട്ടിമറികളേറെ കണ്ട ഖത്തർ മൈതാനത്ത് അർജന്റീനയും ജർമനിയും തോൽവി വഴങ്ങിയത് ഇംഗ്ലീഷ് ആരാധകരെ ആശങ്കപ്പെടുത്തുന്നു.