സ്വിസ് വെല്ലുവിളി കടന്ന് ഇംഗ്ലണ്ട് സെമിയിൽ
ഡസൽഡർഫ്:‘ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡ് ഉയർത്തിയ കടുത്ത വെല്ലുവിളി കടന്ന് ഇംഗ്ലണ്ട് സെമിയിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. സ്വിസ് സംഘത്തിനായി ആദ്യ കിക്കെടുത്ത മാനുവൽ അക്കാഞ്ചിയുടെ കിക്ക് തടുത്ത ജോർഡൻ പിക്ഫോർഡാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇംഗ്ലണ്ടിനായി കിക്കെടുത്ത മുഴുവൻ പേരും ലക്ഷ്യം കണ്ടു. നടന്നുകൊണ്ടിരിക്കുന്ന നെതർലൻഡ്സ്-തുർക്കി മത്സരത്തിലെ വിജയികളെയാവും ഇംഗ്ലണ്ട് സെമിയിൽ നേരിടുക.
പതിവിൽ നിന്നും മാറി 3-4-2-1 ഫോർമേഷനിൽ കളിതുടങ്ങിയ ഇംഗ്ലണ്ട് ആദ്യപകുതിയിൽ പോയ മത്സരങ്ങളേക്കാൾ ഭേദപ്പെട്ട രീതിയിലാണ് തുടങ്ങിയത്. വിങുകളിലൂടെ ഓടിക്കയറിയ ബുകായോ സാക്കയാണ് സ്വിസ് സംഘത്തിന് തലവേദനയുണ്ടാക്കിയത്. മറുവശത്ത് കിട്ടിയ അവസരങ്ങളിൽ സ്വിസ് സംഘവും ഇംഗ്ലണ്ട് ഗോൾ മുഖത്തേക്ക് ഇരച്ചു.
75ാം മിനുറ്റിൽ എംബോളോയുടെ ഗോളിൽ സ്വിസ് പട മുന്നിലെത്തിയതോടെയാണ് മത്സരമുണർന്നത്. ഇംഗ്ലീഷ് പ്രതിരോധതാരം ജോൺ സ്റ്റോൺസിന്റെ കാലിൽ തട്ടിയ പന്ത് എംബോളോ വലയിലേക്ക് തൊടുക്കുകയായിരുന്നു. ഗോൾവീണതോടെ ലൂക് ഷോ, കോൾ പാൽമർ, എസെ എന്നിവരെ സൗത്ത് ഗേറ്റ് കളത്തിലിറക്കി. അധികം വൈകാതെ ഇംഗ്ലണ്ടിനായി നിറഞ്ഞുകളിച്ച സാക്കയുടെ മനോഹരഗോളെത്തി. ആഴ്സനലിലെ സഹതാരം കൂടിയായ ഡക്ലൻ റൈസിൽ നിന്നും സ്വീകരിച്ച പന്ത് പെനൽറ്റി ബോക്സിന് സമീപത്ത് നിന്നും സാക പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടതോടെ ഇരു ടീമുകളും സ്വന്തം പോസ്റ്റ് സുരക്ഷിതമാക്കിയുള്ള മത്സരമാണ് കാഴ്ചവെച്ചത്. സ്വിസ് സംഘത്തിന്റെ ഫിനിഷിങ്ങിലെ പാളിച്ചകളാണ് ഇംഗ്ലണ്ടിനെ പലപ്പോഴും രക്ഷിച്ചത്.