യുനൈറ്റഡ് ശോകം; കുതിപ്പുതുടർന്ന് സിറ്റിയും ആർസനലും ടോട്ടനവും
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പുതുടർന്ന് വമ്പൻമാർ. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇപ്സിച്ച് ടൗണിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തരിപ്പണമാക്കി. പോയ സീസണിൽ കൈവിട്ട കിരീടം പിടിക്കാനുറച്ചിറങ്ങിയ ആർസനൽ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ എവർട്ടണിനെ എതിരില്ലാത്ത നാലുഗോളുകൾക്ക് ടോട്ടനം തകർത്തെറിഞ്ഞു. അതേ സമയം വമ്പൻമാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഇഞ്ച്വറി ടൈം ഗോളിൽ ബ്രൈറ്റൺ വീഴ്ത്തി.
സിറ്റിയുടെ തട്ടകമായ ഇത്തിഹാദിൽ ഏഴാം മിനുറ്റിൽ നേടിയ ഗോളിലൂടെ ഇപ്സിച്ച് ഞെട്ടിച്ചിരുന്നു. അധികം വൈകാതെ 12ാം മിനുറ്റിൽ എർലിങ് ഹാളണ്ടിന്റെ പെനൽറ്റി ഗോളിൽ സിറ്റി സമനില പിടിച്ചു . 14ാം മിനുറ്റിൽ ഡിബ്രുയ്നെയും 16ാം മിനുറ്റിൽ ഹാളണ്ടും ഗോളുകൾ നേടിയതോടെ മത്സരവിധി തീരുമാനമായിരുന്നു. ഒടുവിൽ 88ാം മിനുറ്റിൽ ഉജ്ജ്വലമായ ലോങ് റേഞ്ച് ഗോളിൽ ഹാളണ്ട് തന്റെ ഹാട്രിക് പൂർത്തിയാക്കി. 71ാം മിനുറ്റിൽ ജെർമി ഡോക്കുവിന് പകരക്കാരനായി ബാഴ്സ വിട്ടുവന്ന ഗുന്ദോഗൻ എത്തിയപ്പോൾ കാണികൾ കൈയ്യടികളോടെയാണ് സ്വീകരിച്ചത്.
പന്തടക്കത്തിലും പാസിങ്ങിലും ആധിപത്യം പുലർത്തിയ ടോട്ടനം അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. 14ാം മിനുറ്റിൽ ബിസ്വാമയിലൂടെ ഗോൾവേട്ട തുടങ്ങിയ സ്പർസിനായി 25,77 മിനുറ്റുകളിൽ സൺ ഹ്യൂങ് മിന്നും 71ാം മിനുറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയും സ്കോർ ചെയ്തു.
ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ പ്രതിരോധപ്പൂട്ട് ഭേദിച്ചാണ് ആർസനൽ വിലപ്പെട്ട രണ്ട് പോയന്റ് സ്വന്തമാക്കിയത്. 67ാം മിനുറ്റിൽ ലിയനാഡ്രോ ട്രൊസാർഡിലൂടെ മുന്നിലെത്തിയ ആർസനലിന് 77ാം മിനുറ്റിൽ തോമസ് പാർട്ടി ജയമുറപ്പിച്ച ഗോൾ നൽകി. ആർസനലിനായി റിക്കാർഡോ കലഫിയോരി പ്രീമിയർ ലീഗിൽ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങി.
ഇഞ്ചോടിഞ്ച് പോരിനൊടുവിലാണ് യുനൈറ്റഡിനെ ബ്രൈറ്റൺ മലർത്തിയടിച്ചത്. 32ാം മിനുറ്റിൽ ഡാനി വെൽബാക്കിലൂടെ മുന്നിലെത്തിയ ബ്രൈറ്റണിനെതിരെ 60ാം മിനുറ്റിൽ മിനുറ്റിൽ അമാദിലൂടെ യുനൈറ്റഡ് തിരിച്ചടിച്ചു. വൈകാതെ യുനൈറ്റഡിനായി ഗാർണാച്ചോ രണ്ടാം ഗോൾ നേടിയെന്ന് തോന്നിച്ചെങ്കിലും പന്ത് ഗോൾവരക്ക് സമീപത്ത് വെച്ച് സിർക്സി സ്പർശിച്ചതിനാൽ റഫറി ഓഫ് സൈഡ് വിളിച്ചു.
മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച് മുന്നേറവേ ഇഞ്ച്വറി ടൈമിൽ ബ്രൈറ്റണിനായി ബ്രസീലിയൻ താരം ജാവോ പെട്രോ നേടിയ ഗോൾ യുനൈറ്റഡിന്റെ ഹൃദയം തകർക്കുകയായിരുന്നു.