വിസ്മയിപ്പിച്ച് വീണ്ടും കാന്റെ; രണ്ട് വർഷത്തിന് ശേഷം ദേശീയ ടീമിലേക്ക് കംബാക്

ഓസ്ട്രിയക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയ ഫ്രഞ്ച് താരം മടങ്ങിവരവ് മത്സരത്തിൽ പ്ലെയർഓഫ്ദിമാച്ച് പുരസ്‌കാരവും സ്വന്തമാക്കി.

Update: 2024-06-18 14:58 GMT
Advertising

   രണ്ട് വർഷങ്ങൾക്കിപ്പുറം ദേശീയ ടീമിലേക്ക് അവനെ തിരിച്ചുവിളിക്കുമ്പോൾ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഓസ്ട്രിയക്കെതിരെ അവൻ അത് തെളിയിച്ചു. ആ തിളക്കം മൈതാനത്ത് ദൃശ്യവുമായി. ഞങ്ങൾക്ക് അത് ആവശ്യമായിരുന്നു''. യൂറോയിൽ ഫ്രാൻസിന്റെ ആദ്യ മത്സരത്തിന് ശേഷം മധ്യനിര താരം എൻഗോളോ കാന്റെയെ കുറിച്ച് പരിശീലകൻ ദിദിയർ ദെഷാപ്‌സ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മത്സരത്തിൽ പ്ലെയർഓഫ്ദിമാച്ച് പുരസ്‌കാരവുമായാണ് കാന്റെ ദേശീയ ടീമിലേക്കുള്ള തന്റെ മടങ്ങിവരവ് അവിസ്മരണീയമാക്കിയത്. മിഡ്ഫീൽഡിൽ ഫ്രാൻസിനായി ആ പഴയ കാന്റെ എഞ്ചിൻ വീണ്ടും ചലിച്ചു തുടങ്ങിയിരിക്കുന്നു.

 സമീപകാലത്ത് ക്ലബ് ഫുട്‌ബോളിൽ കാന്റെക്ക് അത്ര മികച്ച സമയമായിരുന്നില്ല. തുടരെയുള്ള പരിക്കുകൾ കരിയറിന് തിരിച്ചടിയായി. 2022 ഖത്തർ ലോകകപ്പ് ടീമിലും ഇടം പിടിക്കാനായില്ല. പിന്നാലെ പ്രീമിയർ ലീഗ് ക്ലബ് ചെൽസിയും കൈയൊഴിഞ്ഞു. 2023ൽ സൗദി അറേബ്യയിലെ അൽ-ഇത്തിഹാദിലേക്ക് ഫ്രഞ്ച് താരം ചേക്കേറി. ഇതോടെ താരത്തിന്റെ കരിയർ അവസാനിച്ചെന്ന് വിധിയെഴുതിയവർ നിരവധിയായിരുന്നു. താരാധിക്യമുള്ള ഫ്രാൻസ് ടീമിലേക്ക് 33 കാരന് ഇനിയൊരു മടങ്ങിവരവുണ്ടാകില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങളടക്കം വിധിയെഴുതി. എന്നാൽ യൂറോക്കുള്ള ഫ്രാൻസ് സ്‌ക്വാർഡ് പ്രഖ്യാപിച്ചപ്പോൾ സർപ്രൈസ് എൻട്രിയായി കാന്റെ ഇടംപിടിച്ചു. സമീപകാലത്ത് ശരാശരി താരത്തെ  യൂറോ പോലൊരു വലിയ ടൂർണമെന്റിലേക്ക് സെലക്ട് ചെയ്യുമ്പോൾ പരിശീലകൻ ദെഷാപ്‌സിനും ഫ്രാൻസ് ഫുട്‌ബോൾ ഫെഡറേഷനും മുന്നിൽ വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് നീല ജഴ്‌സിയിൽ തകർപ്പൻ പ്രകടനം നടത്തിയ താരം, തന്റെ മികവിന് ഒന്നും സംഭവിച്ചില്ലെന്ന് ജർമനിയിലെ മെർകുർ സ്പീൽ-അരീന സ്റ്റേഡിയത്തിൽ തെളിയിക്കുകയായിരുന്നു.

ഓസ്ട്രിയക്കെതിരെയുള്ള ആദ്യ മാച്ചിൽ തന്നെ രക്ഷകന്റെ റോളിൽ. കളിയുടെ അവസാന മിനിറ്റുകളിൽ പ്രതിരോധ താരം വില്യം സാലിബയെ മറികടന്നെത്തിയ അപടകത്തിന്റെ മുനയൊടിച്ച പ്രകടനം മാത്രം മതിയാകും താരത്തിന്റെ മികവ് അടയാളപ്പെടുത്താൻ. രണ്ട് കീ പാസുകൾ നൽകിയും മൂന്ന് ടാക്ലിങുകൾ നടത്തിയും കളംനിറഞ്ഞ കാന്റെ ആറുതവണ പന്ത് റിക്കവർചെയ്തും മികവുകാട്ടി. പാസിങ് കൃത്യതയിലും മുന്നിൽ. റയൽമാഡ്രിഡിന്റെ ലോകോത്തര താരങ്ങളായ എഡ്വാർഡോ കവവിംഗ, ജാനി ചൗമേനി അടക്കമുള്ള യുവതാരങ്ങൾ സ്‌ക്വാർഡിലുണ്ടായിട്ടും ആദ്യ ഓപ്ഷനായി കാന്റെ ഫ്രാൻസ് ടീമിൽ സ്ഥാനംപിടിച്ചിട്ടുണ്ടെങ്കിൽ അയാളുടെ പഴയകാലം അതിന് മറുപടി നൽകും.

ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിൽ അതിവേഗ സ്പ്രിന്റിലൂടെ കളം പിടിച്ച്, ആക്രമണവും പ്രതിരോധവും നിയന്ത്രിക്കുന്ന താരമാണ് കാന്റെ. 2021ൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലെത്തിക്കുന്നതിൽ ഫ്രഞ്ച് താരം നിർണായക പങ്കാണ് വഹിച്ചത്. 2016ൽ ലെസ്റ്ററിനൊപ്പവും 2017ൽ ചെൽസിക്കൊപ്പവും പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി. 2018ൽ ഫ്രാൻസ് ദേശീയ ടീമിനൊപ്പം ലോകകപ്പിലും മുത്തമിട്ടു. പരിക്കിനെ തുടർന്ന് ഖത്തർ ലോകകപ്പ് താരത്തിന് നഷ്ടമായിരുന്നു. എതിരാളികളുടെ കാലിൽ നിന്ന് പന്ത് തിരികെ പിടിക്കുന്നതോടൊപ്പം അതിവേഗ കൗണ്ടറിലേക്ക് ടീമിനെയെത്തിക്കുന്നതിലും താരത്തിന് അസാമാന്യപാടവുമുണ്ടായിരുന്നു. ഇതിനൊപ്പം ഡ്രിബ്ലിങ് മികവും.

ഗോളടിക്കുന്നവരുടെ കൂട്ടത്തിൽ കാന്റെയുടെ പേര് പലപ്പോഴും കണ്ടില്ലെന്ന് വരാം... എന്നാൽ എതിരാളികളെ ഗോളടിപ്പിക്കാതിരിക്കാൻ 33 കാരന് അറിയാം. പലപ്പോഴും കളിയിലെ നിശബ്ദ ഹീറോയായിരിക്കും താരം. അതുതന്നെയാണ് കാന്റെയെ വിശ്വാസത്തിലെടുക്കാൻ ദിദിയർ ദെഷാപ്‌സിനെയെത്തിച്ചതും. പ്ലെയർഓഫ്ദിമാച്ചിനായി കാന്റെയെ പരിഗണിച്ച ശേഷം യുവേഫയുടെ ടെക്‌നിക്കൽ ഒബ്‌സർവർ പാനൽ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു. ''കാന്റെ നിരവധി പന്തുകൾ തിരിച്ചു പിടിച്ചു. ഓസ്ട്രിയൻ ആക്രമത്തിന്റെ മുനയൊടിച്ച് അവരെ മധ്യനിരയിൽ തടഞ്ഞുനിർത്തി. മികച്ച ഫോർവേഡ് പാസുകൾ നൽകി. മത്സരം തിരിച്ചുപിടിക്കുന്നവിധത്തിലുള്ള കവറിംങ് ചലഞ്ച്''- കാന്റെയുടെ ചിറകിലേറി ഫ്രാൻസ് കിരീടപോരാട്ടത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - ടി.കെ ഷറഫുദ്ദീന്‍

Senior Web Journalist

Similar News