കാർവഹാലില്ല, ആരു പൂട്ടും എംബാപെയെ; സ്‌പെയിൻ നിരയിൽ സർപ്രൈസ് നീക്കമുണ്ടാകുമോ?
ഇതുവരെ യൂറോയിൽ 11 ഗോളുകളാണ് സ്‌പെയിൻ അടിച്ചുകൂട്ടിയത്. ഫ്രാൻസ് നേടിയതാകട്ടെ മൂന്ന് ഗോളുകളും
ബെർലിൻ: യൂറോയിലെ സെമി പോരാട്ടത്തിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുമ്പോൾ സ്‌പെയിൻ നിരയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി കിലിയൻ എംബാപെയെ തടഞ്ഞു നിർത്തുകയെന്നതാണ്. വലതുവിങിൽ മികച്ച പ്രകടനം നടത്തിയ ഡാനി കാർവഹാൽ ജർമനിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ അവസാന നാലിലെ മാച്ചിൽ കളിക്കാനാവില്ല. ഇതോടെ വെറ്ററൻ താരം ജീസസ് നവാസിനാകും ഫ്രഞ്ച് നായകനെ പ്രതിരോധിക്കാനുള്ള ചുമതല. എന്നാൽ 38 കാരനായ നവാസ് ഈ യൂറോയിൽ ആദ്യ ഇലവനിൽ ഇറങ്ങിയത് അൽബേനിയക്കെതിരെ മാത്രമാണ്. മറ്റു മത്സരങ്ങളിൽ കാർവഹാലാണ് ആ പൊസിഷനിൽ കളിച്ചത്. എന്നാൽ നിർണായക മാച്ചിൽ താരത്തെ വലതു വിങ്ബാക്കായി കളിപ്പിക്കാൻ സ്പാനിഷ് കോച്ച് ലൂയിസ് ദെല ഫുവന്തെ നിർബന്ധിതമായിരിക്കുകയാണ്.
ഈ യൂറോയിൽ ഇതുവരെ പ്രതിഭക്കൊത്തുയർന്നില്ലെങ്കിലും സ്‌പെയിനെതിരെ മികച്ച ട്രാക്ക് റെക്കോർഡാണ് എംബാപെക്കുള്ളത്. മുൻ ചാമ്പ്യൻമാരുടെ പൊസഷൻ ഫുട്‌ബോൾ പൊളിച്ച് പന്ത് വലയിലാക്കാൻ കോച്ച് ദിദിയർ ദെഷാപ്‌സ് നിശ്ചയിക്കുന്നതും 25 കാരനെയായിരിക്കും. എന്നാൽ എംബാപെയെ നേരിടാൻ മറ്റൊരു സർപ്രൈസ് നീക്കത്തിലേക്ക് സ്‌പെയിൻ കടന്നാലും അത്ഭുതപ്പെടാനില്ല. നിലവിൽ ലെഫ്റ്റ് വിങിൽ മിന്നും ഫോമിൽ കളിക്കുന്ന മാർക്ക് കുക്കുറേയയെ വിങ് മാറ്റി കളിപ്പിക്കാനുള്ള സാധ്യതയും എഴുതിതള്ളാനാവില്ല. ഇംഗ്ലീഷ് ക്ലബ് ചെൽസിയിൽ ലെഫ്റ്റ്-റൈറ്റ് ബാക്കായി കുക്കുറേയ കളം നിറഞ്ഞിരുന്നു. എംബാപെയുടെ കുതിപ്പുകളെ ഓടിപിടിക്കാൻ ചെൽസി താരത്തിനാകുമെന്ന് കോച്ച് വിശ്വസിച്ചാൽ സുപ്രധാന മാറ്റത്തിന് വഴിയൊരുങ്ങും. ഇടതുവിങിൽ കുക്കുറേയക്ക് പകരം കളിക്കാൻ അലജാൻഡ്രോ ഗ്രിമാൾഡോയെന്ന മികച്ച ലെഫ്റ്റി വിങർ സ്‌പെയിൻ നിരയിലുണ്ട്. ബുണ്ടെസ് ലീഗ ക്ലബ് ബയേർ ലെവർകൂസനായി കഴിഞ്ഞ സീസണിൽ ശ്രദ്ധേയ പ്രകടനമാണ് ഗ്രിമാൽഡോ നടത്തിയത്.
അതേസമയം, ചെമ്പടയെ നേരിടാനൊരുങ്ങുന്ന ഫ്രാൻസിന് സ്‌ക്വാർഡിൽ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല. സസ്‌പെൻഷൻ കാരണം ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ കളത്തിലിറങ്ങാതിരുന്ന അഡ്രിയാൻ റാബിയോ ഇലവനിലേക്ക് മടങ്ങിയെത്തും. ഇതോടെ കവവിംഗ പുറത്തിരിക്കേണ്ടിവരും. കരുത്തുറ്റ മുന്നേറ്റ നിരയും പ്രതിരോധവും കൂട്ടിനുള്ള ഫ്രഞ്ച് വമ്പന്മാർക്ക് യൂറോ കപ്പിലെ സെമി വരെയുള്ള പ്രയാണം മികച്ചതായിരുന്നില്ല. മധ്യനിരയിൽ ആന്റോണിയോ ഗ്രീൻമാന്റെ ഫോമില്ലായ്മയാണ് ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. ആദ്യ മാച്ചിൽ ഓസ്ട്രിയക്കെതിരെ മൂക്കിന് പരിക്കേറ്റ എംബാപെയും പഴയഫോമിന്റെ നിഴൽമാത്രമായി. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ രണ്ട് മത്സരങ്ങളാണ് ഫ്രഞ്ച് പട ജയിച്ചത്. ഇതിൽ ഒന്ന് പെനാൽറ്റി ഗോളിലൂടെയും മറ്റൊന്ന് സെൽഫ് ഗോളിലൂടെയുമായിരുന്നു. പ്രീ ക്വാർട്ടറിൽ ബെൽജിയത്തെ വീഴ്ത്തിയതും സെൽഫ് ഗോളിന്റെ ആനുകൂല്യത്തിൽ. ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ ഗോൾ രഹിതമായ മത്സരത്തിൽ പെനാൽറ്റി ഷൂടൗട്ടിലൂടെയും ജയം.
മറുവശത്ത് ആതിഥേയരായ ജർമനിയെ എക്‌സ്ട്രാ ടൈമിൽ നേടിയ ഗോളിൽ തകർത്തുവിട്ടാണ് സ്‌പെയിന്റെ വരവ്. വിങുകളിൽ ലമീൻ യമാൽ-നികോ വില്യംസ് കോംബോയാണ് പ്രതീക്ഷ. മധ്യനിരയിൽ കളിമെനയുക റോഡ്രിയാകും. പരിക്കേറ്റ് പുറത്തായ പെഡ്രിക്ക് പകരമെത്തുന്ന ഡാനി ഓൽമോയുടെ ത്രൂബോളുകളും ക്രോസുകളും ഫ്രഞ്ച് ബോക്‌സിൽ അപകടം വിതക്കും. അവസരം ലഭിച്ചാൽ ഗോളടിക്കാൻ കെൽപുള്ള ഫാബിയാൻ റൂയിസും കൂടി ചേരുമ്പോൾ മധ്യനിര സുശക്തമാകും. സെൻട്രൽ ഡിഫൻസിൽ ലെ നോർമണ്ടിന് പകരം നാച്ചോ ഫെർണാണ്ടസ് ഇലവനിലേക്ക് മടങ്ങിയെത്തും.