ഇക്കുറി കൂട്ടത്തല്ല്; അർജൻറീന-ഫ്രാൻസ് വൈരം പുതിയ ഉയരത്തിൽ
പാരിസ്: ഫ്രാൻസും അർജൻറീനയും തമ്മിലുള്ള വൈരവും കുടിപ്പകയും ഫുട്ബോൾ സ്പിരിറ്റിെൻറ സകലസീമകളും ലംഘിക്കുന്നു. ഇരുടീമുകളിലെയും പ്രമുഖതാരങ്ങൾ അധികം ഇല്ലെങ്കിലും ഒളിമ്പിക്സ് മൈതാനത്തെയും ആ പോര് ചൂട് പിടിപ്പിച്ചു.
ഒളിമ്പിക്സ് ഫുട്ബോൾ ക്വാർട്ടറിൽ ഫ്രാൻസും അർജൻറീനയും ഏറ്റമുട്ടുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെത്തന്നെ എല്ലാം പ്രതീക്ഷിച്ചതായിരുന്നു. മത്സരത്തിെൻറ കിക്കോഫ് മുതൽ ഫ്രഞ്ച് കാണികൾ അർജൻറീനയെ കൂവിയാർത്തു. മത്സരത്തിെൻറ അഞ്ചാം മിനുറ്റിൽ ഫിലിപ്പ് മറ്റേറ്റയുടെ ഹെഡർ ഗോളിൽ മുന്നിലെത്തിയ ഫ്രഞ്ച് പടക്ക് മറുപടി നൽകാൻ ഹാവിയർ മഷറാനോയുടെ കുട്ടികൾക്കായില്ല. ഫൈനൽ വിസിലിന് പിന്നാലെ ഒരു അമേച്വർ ഫുട്ബോൾ ടൂർണമെൻറിലേതുപോലെ ഇരു ടീമുകളും മൈതാനത്ത് കൂട്ടത്തല്ലിൽ ഏർപ്പെടുന്നതാണ് ലോകം കണ്ടത്. കളിക്കാർക്കൊപ്പം ഇരു ഭാഗത്തുമുള്ള കോച്ചിങ് സ്റ്റാഫും ചേർന്നതോടെ അത് പൊരിഞ്ഞതല്ലായി മാറി. പിടിച്ചുമാറ്റുന്നതിന് പകരം എരിതീയിലേക്ക് എണ്ണ പകരാനാണ് എല്ലാവരും ശ്രമിച്ചത്. അർജൻറീന ബെഞ്ചിന് നേരെ തെറിവിളിച്ചെന്ന് കാണിച്ച് ഫ്രഞ്ച് താരം എൻസോ മില്ലോറ്റിന് റഫറി റെഡ് കാർഡും നൽകി. മില്ലോറ്റാണ് സംഘർഷത്തിന് മരുന്നിട്ടതെന്നാണ് അർജൻറീന താരങ്ങളുടെ വാദം. എന്നാൽ അർജൻറീന താരങ്ങൾ ഞങ്ങളുടെ ആഘോഷം നശിപ്പിക്കാനാണ് നോക്കിയതെന്നും അവരുടെ ആ ചെയ്തി ഞങ്ങളുടെ ആഘോഷം വലുതാക്കിയെന്നുമാണ് നിർണായക ഗോൾ നേടിയ മറ്റേറ്റ പ്രതികരിച്ചത്.
അർജൻറീനയും ഫ്രാൻസും തമ്മിലുള്ള വൈരത്തിന് വലിയ ചരിത്രമൊന്നുമില്ല. രണ്ട് രാജ്യങ്ങളും ജിയോ പൊളിറ്റിക്കലായോ രാഷ്ട്രീയ കാരണങ്ങളോലോ എതിർ ചേരിയിൽ നിൽക്കുന്നവരല്ല. കോളനിവൽക്കരണത്തിെൻറയോ അധിനിവേശത്തിെൻറയോ ചരിത്രം പേറുന്നുമില്ല. പക്ഷേ 2022 ഖത്തർ ലോകകപ്പ് ഫൈനൽ എല്ലാം മാറ്റിമറിച്ചു. മാരിവില്ലിെൻറ മനോഹാരിതയുമായി ലയണൽമെസ്സിയുടെ സംഘവും കൊടുങ്കാറ്റിെൻറ കരുത്തുമായി കിലിയൻ എംബാപ്പെയുടെ നീലപ്പടയും ഏറ്റുമുട്ടിയപ്പോൾ കാൽപന്ത് ലോകത്തിന് ലഭിച്ചത് അവിസ്മരണീയ മത്സരം. പക്ഷേ ആ മത്സരത്തിെൻറ അനുരണനങ്ങൾ അവിടെയും തീർന്നില്ല. സ്വന്തം നാട്ടിലെത്തിയ അർജൻറീന ടീമിെൻറ ആഘോഷങ്ങളും എംബാപ്പെയുടെ പാവ വെച്ചുള്ള കോപ്രായങ്ങളും ഫ്രഞ്ചുകാരെ ക്ഷുഭിതരാക്കി.
അപ്പുറത്ത് ഫ്രഞ്ചുകാരും വെറുതെയിരുന്നില്ല. ലാറ്റിന അമേരിക്കൻ ഫുട്ബോൾ യൂറോപ്പിനോളം വളർന്നിട്ടില്ലെന്ന കിലിയൻ എംബാപ്പെയുടെ പ്രസ്താവന വലിയ രോഷമുണ്ടാക്കി. ലൗത്താരോ മാർട്ടിനസ് അടക്കമുള്ള പല അർജൻറീന താരങ്ങളും ഇതിനെതിരെ ആഞ്ഞടിച്ചു. ലോകകപ്പിനേക്കാൾ കടുപ്പമാണ് യൂറോ കപ്പെന്ന എംബാപ്പെയുടെ പ്രസ്താവനക്കെതിരെ സാക്ഷാൽ മെസ്സിയടക്കം രംഗത്തെത്തുകയും ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങൾ വിട്ട് വിവാദങ്ങൾ ക്ലബ് ഫുട്ബോളിലേക്ക് പടരുന്നതും ലോകം കണ്ടു. യുറോപ്പ കോൺഫറൻസ് ലീഗിൽ ആസ്റ്റൺ വില്ലയുടെ കാവൽക്കാരനായി എമിലിയാനോ മാർട്ടിനസ് ഫ്രാൻസിലെത്തിയപ്പോൾ കാണികൾ വലിയ പ്രതിഷേധമാണുയർത്തിയത്. ലില്ലെയും ആസ്റ്റൺ വില്ലയും തമ്മിൽ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ എമി മാർട്ടിനസും ഫ്രഞ്ച് കാണികളും തമ്മിൽ പലതവണ കോർത്തു.
എന്നാൽ ഈ വർഷം കോപ്പ അമേരിക്ക ഫൈനലിന് ശേഷം അർജൻറീന താരങ്ങൾ ഫ്രഞ്ച് താരങ്ങൾക്കെതിരെ തുപ്പിയ വംശീയ വിദ്വേഷം സകലമര്യാദകളും ലംഘിക്കുന്നതായിരുന്നു. "കേൾക്കൂ, ലോകമെമ്പാടും പ്രചരിപ്പിക്കൂ.. അവരെല്ലാം അങ്കോളയിൽ നിന്നുള്ളവരാണ്. അവർ ട്രാൻസ്ജൻഡറുകൾക്ക് ഒപ്പം അന്തിയുറങ്ങും. അവരുടെ അമ്മ നൈജീരിയക്കാരിയാണ്, അച്ഛൻ കാമറൂൺകാരനും. പക്ഷേ പാസ്പോർട്ടിൽ പറയുന്നു അവർ ഫ്രഞ്ചുകാർ ആണെന്ന്" -എന്ന് തുടങ്ങുന്ന വംശീയ വരികൾ ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കി.
വിഡിയോയിൽ പ്രത്യക്ഷപ്പെട്ട എൻസോ ഫെർണാണ്ടസിനെതിരെ താരത്തിെൻറ ക്ലബായ ചെൽസിയും ടീമിലെ സഹതാരങ്ങളും വരെ രംഗത്തെതി. ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ ഫിഫക്ക് ഔദ്യോഗിക പരാതി നൽകി. കോപ്പ അമേരിക്കയിൽ ഭാഗംപോലുമാകാത്ത ഫ്രാൻസിനെതിരെയുള്ള മുദ്രാവാക്യങ്ങൾ അർജൻറീന ഫ്രാൻസിനെ എത്രമാത്രം വെറുക്കുന്നു എന്നതിനുള്ള തെളിവായാണ് പലരും ഉയർത്തിക്കാട്ടിയത്. എന്നാൽ 2018ലെ റഷ്യൻ ലോകകപ്പിൽ അർജൻറീനയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് താരങ്ങൾ മെസ്സിയെ പരിഹസിക്കുന്ന വരികൾ ചൊല്ലിയപ്പോൾ ഇപ്പോൾ പ്രതിഷേധിക്കുന്നവരെയൊന്നും കണ്ടില്ലെന്നാണ് അർജൻറീന ആരാധകർ മറുവാദമുയർത്തിയത്.
പാരിസ് ഒളിമ്പിക്സിൽ അർജൻറീന ഫ്രാൻസ് പോര് പുതിയ ഉയരങ്ങളിലെത്തുന്നതാണ് കണ്ടത്. ഫുട്ബോളും കടന്ന് റഗ്ബിയിലേക്കും ഹാൻഡ് ബോളിലേക്കുമെല്ലാം വൈരം വ്യാപിച്ചു. ഈ മത്സരങ്ങളിലെല്ലാം അർജൻറീന ദേശീയ ഗാനം മുഴങ്ങിയപ്പോൾ സ്റ്റേഡിയങ്ങൾ കൂവലുകളിൽ മുങ്ങി. ലയണൽ മെസ്സിയിൽ നിന്നേറ്റ വേദനയാലാണ് ഫ്രഞ്ചുകാർ ഞങ്ങൾക്കെതിരെ കൂവുന്നതെന്നാണ് അർജൻറീന റഗ്ബി താരം മാർക്കോസ് മൊനേറ്റ പ്രതികരിച്ചത്. വൈരം കലാപമാകാതിരിക്കാൻ ഒളിമ്പിക്സ് അധികൃതർ വലിയ സുരക്ഷയാണ് ഒരുക്കുന്നത്. ക്വാർട്ടർ ഫൈനലിന് പിന്നാലെ സംഘർഷം ഉടലെടുത്തപ്പോൾ സുരക്ഷ വലയം തീർത്താണ് അർജൻറീന ആരാധകരെ പൊലീസ് സംരക്ഷിച്ചത്.