ഫ്രാൻസ് ജഴ്‌സിയിൽ ഇനി ഗ്രീസ്മാനില്ല; 33ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് താരം
ഫ്രാൻസിന്റെ 2018 ലോകകപ്പ് നേട്ടത്തിൽ നിർണായക പ്രകടനമാണ് താരം നടത്തിയത്.
പാരീസ്: രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസ് മുന്നേറ്റതാരം അന്റോണിയോ ഗ്രീസ്മാൻ. രാജ്യത്തിനായി 137 മത്സരങ്ങൾ കളിച്ച 33 കാരൻ 44 ഗോളുകൾ നേടിയിട്ടുണ്ട്. 38 അസിസ്റ്റും നൽകി. 2018 ഫിഫ ലോകകപ്പ് നേടിയ ഫ്രാൻസ് ടീം അംഗമായിരുന്നു. ഫൈനലിലടക്കം ഗോൾനേടി ഫ്രാൻസ് കിരീടനേട്ടത്തിൽ നിർണായകപങ്കാണ് വഹിച്ചത്. 2014ൽ സീനിയർ ടീമിലെത്തിയ താരം യൂറോ ഗോൾഡൻബൂട്ട് നേട്ടവും സ്വന്തമാക്കിയിരുന്നു.
ലോകകപ്പിന് പുറമെ 2021 യുവേഫ നാഷണൽസ് ലീഗ് നേടിയ ഫ്രഞ്ച് സംഘത്തിലുമുണ്ടായിരുന്നു. സ്‌പെയിനെ 2-1 മാർജിനിലാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2018 ലോകകപ്പിൽ നാല് ഗോളും നാല് അസിസ്റ്റുമാണ് നേടിയത്. ക്രൊയേഷ്യക്കെതിരായ ഫൈനലിൽ നിർണായക ഗോളും നേടി.
ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാപ്‌സിന്റെ ടീമിലെ പ്ലേമേക്കർ റോളിലാണ് ഗ്രീൻമാൻ ഇറങ്ങിയത്. നിലവിൽ അത്‌ലറ്റികോ മാഡ്രിഡ് താരമായ ഗ്രീസ്മാൻ ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിക്കും.