യമാലിനെക്കൊണ്ട് അധികം പണിയെടുപ്പിക്കാനാവില്ല; 'മുട്ടൻ പണി' കിട്ടും

ജർമ്മനിയിലെ തൊഴിൽ നിയമമാണ് യമാലിനും സ്‌പെയിനിനും ഒരുപോലെ പണികൊടുത്തത്. ജര്‍മ്മന്‍ തൊഴില്‍ നിയമപ്രകാരം പതിനെട്ട് വയസ് തികയാത്തവരെ രാത്രി എട്ട് മണിക്ക് ശേഷം ജോലി ചെയ്യിപ്പിച്ചാല്‍ കനത്ത പിഴയാണ് ഒടുക്കേണ്ടി വരിക.

Update: 2024-07-11 09:31 GMT
Editor : rishad | By : Web Desk
Advertising

ബെർലിൻ: ഈ യൂറോ കപ്പിന്റെ കണ്ടെത്തലായ സ്‌പെയിനിന്റെ കൗമാര താരം ലാമിൻ യമാലിനെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ മുഴുവൻ സമയവും കളിപ്പിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാകും? പരിക്കോ പരിശീലകന്റെ തന്ത്രപരമായ നീക്കമോ ഒന്നുമല്ല ഇതിന് പിന്നിൽ. മികച്ച ഫോമിലുണ്ടായിട്ടും എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാകും.

ജർമ്മനിയിലെ തൊഴിൽ നിയമമാണ് യമാലിനും സ്‌പെയിനിനും ഒരുപോലെ പണികൊടുത്തത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലാണ് 'പണി പേടിച്ച്' സ്‌പെയിൻ പരിശീലകന്‍ ലൂയിസ് ഫ്യൂന്റെക്ക് താരത്തെ കളിക്കളത്തിൽ നിന്ന് പിൻവലിക്കേണ്ടി വന്നത്. ജര്‍മ്മന്‍ തൊഴില്‍ നിയമപ്രകാരം പതിനെട്ട് വയസ് തികയാത്തവരെ രാത്രി എട്ട് മണിക്ക് ശേഷം ജോലി ചെയ്യിപ്പിച്ചാല്‍ കനത്ത പിഴയാണ് ഒടുക്കേണ്ടി വരിക.

ഈ പിഴ പേടിച്ചാണ്‌ യമാലിനെ പല അവസരങ്ങളിലായി പിന്‍വലിച്ചത്. എന്നാല്‍ ഈ നിയമം വകവെക്കാതെ നോക്കൗട്ട്‌ ഘട്ടത്തില്‍ താരത്തെ ഇറക്കുന്നതും പിന്നീട് കണ്ടു.

സ്‌പെയിനിന്റെ ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങളിലെല്ലാം താരത്തെ പിൻവലിച്ചിരുന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ 86ാം മിനിറ്റിലും ഇറ്റലിക്കെതിരായ മത്സരത്തിൽ 71ാം മിനിറ്റിലും താരത്തെ പിന്‍വലിച്ചു. എന്നാല്‍ അൽബേനിയക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലാണ് യമാല്‍ ഇറങ്ങിയത്. 19 മിനിറ്റെ താരത്തിന് കളിക്കാനായുള്ളൂ. 

പരിക്ക് പേടിച്ചാണ് താരത്തെ പിന്‍വലിക്കുന്നത് എന്നാണ് പലരും കരുതിയത്.  എന്നാൽ പരിക്കോ കോച്ചിന്റെ തന്ത്രവുമായോ ഈ പിൻവലിക്കലിന് യാതൊരു പങ്കുമില്ല. നേരത്തെ പറഞ്ഞ ജർമൻ തൊഴിൽ നിയമമാണ് ഇവിടെ 'പാര'യായത്. എട്ട് മണിക്ക് ശേഷം 18 വയസ് തികയാത്ത ഒരാളെ ജോലി ചെയ്യിപ്പിച്ചാൽ ബാലവേല നിയമത്തിന്റെ പരിധിയിൽ വരും. സ്‌പോർട്‌സ് ആയാലും മികച്ച ഭാവിയുള്ള കളിക്കാരനായാലും നിയമം ലംഘിച്ചാൽ കനത്ത പിഴ നൽകേണ്ടിവരും. ഇത് ഒഴിവാക്കാനാണ് കോച്ച് 'തന്ത്രപൂർവം' യമാലിനെ വലിച്ചത്.

കനത്ത പിഴയൊടുക്കേണ്ടി വരുന്ന ജർമൻ തൊഴിൽ നിയമം എന്താണ്?

യൂറോ 2024 ആതിഥേയത്വം വഹിക്കുന്ന രാജ്യ എന്ന നിലയിൽ ജർമ്മനിയിലെ തൊഴിൽ നിയമമനുസരിച്ച്, 18 വയസ്സിന് താഴെയുള്ളവർക്ക് രാത്രി 8 മണിക്ക് ശേഷം ജോലി ചെയ്യാൻ അനുവാദമില്ല. അതേസമയം രാത്രി 11 മണി വരെ 'ജോലി ചെയ്യാൻ' ചില കായിക താരങ്ങൾക്ക് ഇളവുണ്ട്. അതും നേരിയ തോതിൽ മാത്രമെയുള്ളൂ. ഈ ഇളവിലാണ് അൽബേനിയക്കെതിരായ മത്സരത്തിൽ താരത്തിന് പതിനൊന്ന് മണിക്ക് ശേഷം കളിക്കാനായത്, അതും 19 മിനുറ്റ് മാത്രം.

ഈ നിയമം ലംഘിച്ചാൽ കനത്ത പിഴയാണ് ഒടുക്കേണ്ടി വരിക. ഒരു റിപ്പോർട്ട് പ്രകാരം ഏകദേശം 30,000 യൂറോ അതായത് 27 ലക്ഷത്തിലധികം ആവും പിഴ വരിക. യമാലിന്റെ കാര്യത്തിൽ ഈ പണം അടക്കേണ്ടത് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനും. അതേസമയം പിഴ വകവെക്കാതെ ജോർജിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ യമാലിനെ മുഴുവൻ സമയവും പരിശീലകൻ കളിപ്പിച്ചിട്ടുമുണ്ട്.

ജൂലൈ ഒന്നിന് നടന്ന ആ മത്സരത്തിന് ശേഷം നിയമം തെറ്റിച്ചതിന് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന് ഇതുവരെ പിഴയൊന്നും ചുമത്തിയതായി റിപ്പോർട്ടില്ല. ഇനി വരുമോ എന്നും വ്യക്തമല്ല. യമാലിന്റെ കാര്യത്തിൽ പിഴ ചുമത്തുമോ എന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌പെയിൻ പരിശീലകന്റെ മറുപടി.  എന്നാൽ ജർമനിക്കെതിരായ ക്വാർട്ടർ മത്സരത്തിന് എട്ട് മണി നിയമം ബാധകമായില്ല. പ്രാദേശിക സമയം എട്ട് മണിക്ക് മുമ്പ് കളി തീർന്നതിനാൽ യമാലിനെ മുഴുവൻ സമയം കളിപ്പിക്കാനായി. അതേസമയം ഫ്രാന്‍സിനെതിരായ സെമിയിലും എട്ട് മണി സമയം ലംഘിച്ച് യമാലിനെ പരിശീലകൻ ഇറക്കുകയും ചെയ്തിട്ടുണ്ട്. 

അത്ഭുതമായി യമാല്‍

2024 യൂറോകപ്പിലെ അത്ഭുതങ്ങളിലൊന്നാണ് സ്‌പെയിനിന്റെ പതിനാറുകാരൻ ലാമിൻ യമാൽ. സെമിയിൽ ഫ്രാൻസിനെതിരെ ഗോൾ നേടുമ്പോൾ അതൊരു റെക്കോർഡ് കൂടിയായിരുന്നു. യൂറോകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ എന്ന നേട്ടമാണ് ഈ 'ബാലൻ' സ്വന്തമാക്കിയത്.

കാഴ്ചയിൽ തന്നെ കുട്ടിയാണെന്ന് തോന്നിപ്പിക്കുന്ന പ്രകൃതമാണ് യമാലിന്റേത്. എന്നാൽ കളി മികവിൽ ഈ കുട്ടിത്തം കാണാനാവില്ല. ലോക ഫുട്ബോളിനെ വരും വർഷങ്ങളിൽ ഭരിക്കാൻ പോന്ന കളിക്കാരനെന്ന നിലയ്ക്കാണ് യമാലിനെ വാഴ്ത്തുന്നത്. ഈ യൂറോകപ്പിൽ രണ്ട് അസിസ്റ്റും ഒരു ഗോളുമായി മുന്നേറുകയാണ് ഈ കൗമാര താരം. ഇതിനകം തന്നെ സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും ഒഴിവാക്കാനാകാത്ത കളിക്കാരായി യമാൽ മാറിയതാണ്.

അതൊന്ന് ലോകത്തെ അറിയിക്കുകയാണ് ഈ യൂറോ കപ്പിലൂടെ യമാല്‍ ചെയ്തത്. അവസാന സീസണിൽ ബാഴ്‌സലോണക്കായി 50 മത്സരങ്ങളിലാണ് യമാൽ പന്തുതട്ടിയത്. ഏഴ് ഗോളുകളും പത്ത് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. 

ഇതിനിടെ ഹോട്ടൽ മുറിയിൽ പരീക്ഷയ്ക്ക് പഠിക്കുന്ന ലമീൻ യമാലിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ സ്‌കൂൾ പരീക്ഷ പാസായതായി താരം തന്നെ വ്യക്തമാക്കി. രാജ്യത്തെ നിർബന്ധിത വിദ്യാഭ്യാസമായ ഇ.എസ്.ഒയുടെ പരീക്ഷയാണ് താരം വിജയിച്ചത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News