ഖത്തറിനെ വീഴ്ത്തുമോ, സമനിലയിൽ തളക്കുമോ? ലോകകപ്പ് യോഗ്യതക്കായി ഇന്ത്യ ഇറങ്ങുന്നു...

കഴിഞ്ഞ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

Update: 2023-11-21 09:13 GMT
Editor : rishad | By : Web Desk
Advertising

ഭുവനേശ്വര്‍: 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. വൈകിട്ട് ഏഴുമണിക്ക് ഭുവനേശറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ഏഷ്യൻ ചാപ്യംൻമാരായ ഖത്തർ ഫിഫ റാങ്കിങില്‍ 64ാം സ്ഥാനത്തും ഇന്ത്യ 104ാം സ്ഥാനത്തുമാണ്. 

ഗ്രൂപ്പ് എയില്‍ കുവൈത്തിനെ അവരുടെ നാട്ടില്‍ വീഴ്ത്തിയ കരുത്തുമായാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ഖത്തറിനെതിരെ ഇറങ്ങുന്നത്. യോഗ്യതാമത്സരത്തില്‍ 22 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ വിദേശമണ്ണില്‍ ജയിച്ചിരുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 

സുനില്‍ ഛേത്രിയും സംഘവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ എട്ട് ഗോളിന് തകർത്താണ് ഖത്തര്‍ ഇന്ത്യയിലേക്ക് വരുന്നത്. അതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ തന്ത്രങ്ങളിലാണ് ഇന്ത്യന്‍ പ്രതീക്ഷയത്രയും. 

അഫ്ഗാനെതിരായ മത്സരത്തില്‍ നാല് ഗോൾ നേടിയ സ്ട്രൈക്കർ അൽമോയെസ് അലി തന്നെ ആയിരിക്കും ഇന്ത്യക്ക് വലിയെ വെല്ലുവിളിയാവുക. പ്രതിരോധം കടുപ്പിച്ചാവും കളിക്കുകയെന്ന് ഇന്ത്യൻകോച്ച് ഇഗോർ സ്റ്റിമാക് വ്യക്തമാക്കിക്കഴിഞ്ഞു. കുവൈത്തിനെതിരെ നി‍ർണായക ഗോൾനേടിയ മൻവീർ സിങ് ഫോമിലാണ്, കൂട്ടിന് ഛേത്രിയും. സഹൽ അബ്ദുൽ സമദും പിന്നോട്ടല്ല. ഗോളി ഗുർപ്രീത് സിംഗ് സന്ധു, സന്ദേശ് ജിംഗാൻ, ലാലിയൻ സുവാല ചാംഗ്തേ തുടങ്ങിയവരുടെ പ്രകടനം നിർണായകമാവും.

ഖത്തറിനെ തോൽപിക്കാൻ ഇതുവരെ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടിയ മൂന്ന് കളിയിൽ രണ്ടിലും തോൽവി. 2019ൽ നേടിയ ഗോൾരഹിത സമനിലയാണ് ആശ്വാസമായി ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഖത്തറിനെതിരെ തോൽവിയില്ലാത്തത് എന്തും ഇന്ത്യക്ക് ആശ്വാസമാണ്. 

Summary-India vs Qatar FIFA World Cup qualifier- Match Preview

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News