ആദ്യ പകുതി പിടിച്ചുകെട്ടി, രണ്ടാംപകുതി കൈവിട്ടു; സോക്കറൂസിനോട് ഇന്ത്യ പൊരുതി വീണു
ഇന്ത്യയുടെ പ്രതിരോധ കോട്ട ഭേദിച്ച് രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ സോക്കറൂസ് മുന്നിലെത്തി
ദോഹ: കരുത്തരായ ആസ്‌ത്രേലിയയെ ആദ്യ പകുതിയിൽ സമനിലയിൽ തളച്ച ഇന്ത്യ ഒടുവിൽ പൊരുതി വീണു. ഖത്തറിലെ അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ ഇരമ്പിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി ഇറങ്ങിയ ടീം രണ്ടാംപകുതിയിൽ വഴങ്ങിയ രണ്ട് ഗോളിനാണ് കീഴടങ്ങിയത്. ജാക്‌സൺ ഇർവിൻ(50), ജോർദൻ ബോസ്(73) ലക്ഷ്യം കണ്ടു. ജയത്തോടെ ഗ്രൂപ്പ് ബിയിൽ ഓസീസ് ഒന്നാമതെത്തി.
ഇന്ത്യയുടെ പ്രതിരോധ കോട്ട ഭേദിച്ച് രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ തന്നെ സോക്കറൂസ് മുന്നിലെത്തി. മധ്യനിര താരം ജാക്‌സൺ ഇർവിനിലൂടെയാണ് ഓസീസ് വലകുലുക്കിയത്. വലതുവിങിൽ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഓസീസ് താരം ഉതിർത്ത ക്രോസ് തട്ടിയകയറ്റുന്നതിൽ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് പിഴച്ചു. ബോക്‌സിൽ തക്കം പാർത്തിരുന്ന ജാക്‌സൺ ഇർവിൻ പ്രതിരോധ താരങ്ങളെ മറികടന്ന് പന്ത് വലയിലാക്കി. ഗോൾവഴങ്ങിയെങ്കിലും എതിർ ബോക്‌സിലേക്ക് മുന്നേറാൻ ഇന്ത്യക്കായില്ല. 73ാം മിനിറ്റിൽ രണ്ടാമതും സോക്കറൂസ് വലകുലുക്കി. വലതുവിങിലൂടെ ഇന്ത്യൻ പ്രതിരോധതാരങ്ങളെ വെട്ടിച്ച് ബോക്‌സിലേക്ക് മുന്നേറി റോസ് മഗ്രെയിൻ നൽകിയ കട്ട് പാസ് കൃത്യമായി വലയിലേക്ക് തട്ടിയിട്ട് വിജയമുറപ്പിച്ചു. പന്തടക്കത്തിലും പാസിങിലും മുന്നേറിയ ഓസീസ് മത്സരത്തിൽ ഭൂരിഭാഗംസമയും ആധിപത്യം പുലർത്തി.
മൂന്നാം മിനിറ്റിൽ ചാങ്‌തേയുടെ മുന്നേറ്റത്തിലൂടെ സ്വപ്‌ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ബോക്‌സിലേക്ക് കുതിച്ച് കയറിയ യുവതാരം ഷോട്ടുതിർത്തെങ്കിലും ലക്ഷ്യംകണ്ടില്ല. ഒൻപതാം മിനിറ്റിൽ ഇടതുപാർശ്വത്തിൽ നിന്ന് മുന്നേറിയ ചാങ്‌തേ മൻവിർ സിങിനെ ലക്ഷ്യമാക്കി മികച്ച ക്രോസ് നൽകി. എന്നാൽ പന്ത് വരുതിയിലാക്കി മുന്നേറുന്നതിൽ താരത്തിന് പിഴച്ചു. മറ്റൊരു അവസരംകൂടി ഇന്ത്യക്ക് നഷ്ടമായി. സന്തോഷ് ജിംഗന്റെ മികച്ചപ്രതിരോധമാണ് ആദ്യ പകുതിയിൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് നീലപടയെ രക്ഷിച്ചത്. മത്സരത്തിൽ 71 ശതമാനവും പന്ത് കൈവശം വെച്ചത് ഓസീസായിരുന്നു. 28 തവണയാണ് ഷോട്ടെടുത്തത്. എന്നാൽ ഇന്ത്യൻ പ്രതിരോധത്തിൽ തട്ടിയതിനാൽ നാല് തവണ തവണമാത്രമാണ് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനായത്. ഒരുതവണമാത്രമാണ് ഓസീസ് ഗോളിയെ പരീക്ഷിച്ചത്.