നോർത്ത് ഈസ്റ്റിന്റെ ഹൃദയം തകർത്ത് ആലൻ; ബംഗ്‌ളൂരു എഫ്‌സിക്ക് വിജയത്തുടക്കം
87ാം മിനുട്ടിലാണ് നോർത്ത് ഈസ്റ്റിന്റെ ഹൃദയം തകർത്ത ഗോൾ അലൻ കോസ്റ്റയുടെ ഹെഡ്ഡറിലൂടെ പിറന്നത്.
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒമ്പതാം പതിപ്പിൽ വിജയത്തോടെ തുടങ്ങി ബംഗളൂരു എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു തോൽപ്പിച്ചത്. കളി അവസാനിക്കാൻ മിനുറ്റുകൾ മാത്രമുള്ളപ്പേൾ രക്ഷകനായി അലൻ അവതരിച്ചതോടെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു വിജയം കൊണ്ടു തുടങ്ങി.
ആദ്യ പകുതിയിൽ ഗോൾ നേടാൻ ഇരു ടീമിനും സാധിച്ചില്ല. മൂന്നാം മിനുട്ടിൽ റോയ് കൃഷ്ണയുടെ മികച്ച മുന്നേറ്റം കൃത്യമായി സുനിൽ ഛേത്രിക്ക് കൈമാറാൻ സാധിക്കാതെ പോയി. ആറാം മിനുട്ടിൽ ബ്രൂണോ റെമിറസിന്റെ ലോങ് റേഞ്ച് നോർത്ത് ഈസ്റ്റ് ഗോളി അരിൻഡം ബട്ടാചാര്യ തടുത്തു. ആദ്യ പകുതിയിൽ ബംഗളൂരുവിന്റെ ചില മികച്ച മുന്നേറ്റങ്ങൾ കണ്ടെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല.
87ാം മിനുട്ടിലാണ് നോർത്ത് ഈസ്റ്റിന്റെ ഹൃദയം തകർത്ത ഗോൾ അലൻ കോസ്റ്റയുടെ ഹെഡ്ഡറിലൂടെ പിറന്നത്. നോർത്ത് ഈസ്റ്റിന്റെ ജോൺ ഗസ്റ്റാൻഗയുടെ ഗോൾ ഓഫ്സൈഡായിപ്പോയില്ലായിരുന്നെങ്കിൽ സമനില പങ്കിടാൻ സാധിക്കുമായിരുന്നു. 3-4-3 ഫോർമേഷനിൽ ബംഗളൂരു എഫ്സി ഇറങ്ങിയപ്പോൾ 4-3-3 ഫോർമേഷനിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളത്തിലിറങ്ങിയത്.