ഐഎസ്എൽ: പ്രശാന്തിന്റെ ഗോളിൽ ബംഗളൂരുവിനെ സമനിലയിൽ കുരുക്കി ചെന്നൈയിൻ
ഇരുടീമുകളും ഓരോ ഗോൾ വീതം നേടി
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന ചെന്നൈയിൻ-ബംഗളൂരു മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരം ആരംഭിച്ച് 4ാം മിനുറ്റിൽ ബംഗളൂരു മുന്നിലെത്തി. റോയ് കൃഷ്ണയാണ് ബംഗളൂരുവിനായി ഗോൾ നേടിയത്.
ഗോൾ വഴങ്ങിയതിന് പിന്നാലെ ചെന്നൈയിൻ അക്രമം അഴിച്ചുവിട്ടെങ്കിലും നിർഭാഗ്യങ്ങളും ബംഗളൂരുവിന്റെ ഗോൾ കീപ്പർ ഗുർപ്രീതിന്റെ മിന്നും സേവുകളും അവർക്ക് തിരിച്ചടിയായി. എന്നാൽ, ആദ്യ പകുതിയിലെ എക്‌സ്ട്രാ ടൈംമിൽ മലയാളി താരം പ്രശാന്ത് ബംഗളൂരുവിന്റെ വലകുലുക്കി ചെന്നൈയിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ ഗോൾ നേടാനായി ഇരുടീമുകളും അക്രമിച്ചാണ് കളിച്ചത്. നിരവധി അവസരങ്ങൾ രണ്ടു ടീമിനും ലഭിച്ചെങ്കിലും ഗോൾവല കുലുക്കാൻ സാധിച്ചില്ല. കളിയുടെ 83ാം മിനുറ്റിൽ ചെന്നൈയിന്റെ ഗോൾ കീപ്പർ ദബ്ജിത്ത് ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും 10 പേരുമായി കളിച്ച് അവർ ബംഗളൂരുവിനെ സമനിലയിൽ കുരുക്കുകയായിരുന്നു. മത്സരത്തിലുടനീളം 15 ഷോട്ടുകളാണ് ചെന്നൈയിൽ പായിച്ചതെങ്കിൽ 7 ഷോട്ടുകൾ മാത്രമാണ് ബംഗളൂരു തൊടുത്തത്. ബോൾ കൈവശം വെക്കുന്നതിന്റെ കാര്യത്തിലും ചെന്നൈയിൻ തന്നെയായിരുന്നു മുന്നിൽ.
സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ചെന്നൈയിൻ രണ്ടാം സ്ഥാനത്തും രണ്ട് മത്സരങ്ങളിൽ നിന്ന് 4പോയിന്റുമായി ബംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു മത്സരത്തിൽ നിന്ന് 3 പോയിന്റുമായി പട്ടികയിൽ 4ാം സ്ഥാനത്താണ്.