ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസം; നായകനിറങ്ങും

സഹൽ അബ്ദുസ്സമദിനും അഡ്രിയാന്‍ ലൂണക്കും കലാശപ്പോരില്‍ കളിക്കാനാവില്ലെന്ന വാര്‍ത്ത കേട്ടതിന്‍റെ ഞെട്ടലിലായിരുന്നു കഴിഞ്ഞ ദിവസം ആരാധകർ

Update: 2022-03-20 04:52 GMT
Advertising

മലയാളികളുടെ സ്വന്തം സഹൽ അബ്ദുസ്സമദ് ഇന്ന് ഐ.എസ്.എൽ കലാശപ്പോരിൽ  കളിക്കില്ലെന്ന വാർത്തക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണക്കും  കളിക്കാനാവില്ലെന്ന വാർത്ത കൂടെ കേട്ടതിന്‍റെ ഞെട്ടലിലായിരുന്നു കഴിഞ്ഞ ദിവസം ആരാധകർ. എന്നാൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് ആരാധകർക്ക് വലിയൊരു സന്തോഷവാര്‍ത്തയാണെത്തുന്നത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ പടയോട്ടങ്ങളിലൊക്കെ നിര്‍ണായക സാന്നിധ്യമായ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിറങ്ങുമെന്നാണ് അവസാനമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പരിശീലകൻ ഇവാൻ വുകോമാനോവിച്ച്  ഇന്നലെ  പറഞ്ഞിരുന്നു. ഫൈനലിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൂണ ഫൈനലിൽ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് കോച്ച് ഇന്നലെ പറഞ്ഞത്. എന്നാല്‍ താരത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം ഇന്ന് കളിക്കാനിറങ്ങുമെന്നുമാണ് ടീം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.  

അതേസമയം കലാശപ്പോരിൽ മലയാളി സൂപ്പർതാരം സഹൽ അബ്ദുസ്സമദ് കളിക്കുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. മെഡിക്കൽ സ്റ്റാഫിനൊപ്പം താരം ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നെങ്കിലും സഹലിന് ഇന്ന് കളിക്കാനാവുമോ എന്ന കാര്യം സംശയമാണ്. 

പരിശീലനത്തിനിടെ പരിക്കേറ്റ് ജംഷഡ്പൂരിനെതിരായ രണ്ടാംപാദ സെമിയിൽ സഹൽ കളിച്ചിരുന്നില്ല. പരിക്ക് തുടരുന്നതിനാൽ താരത്തിന് ഫൈനലും നഷ്ടമാകുമെന്ന് വാർത്തകളുണ്ടായിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം താരം പരിശീലനത്തിന് ഇറങ്ങാതിരുന്നതും ആരാധകർക്ക് നിരാശ പകർന്നു.   പരിശീലന സെഷൻ കഴിഞ്ഞതിനുശേഷമേ സഹലിന് ഫൈനൽ കളിക്കാനാകുമോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നാണ് ഇന്നലെ കോച്ച് വുകുമാനോവിച്ച് മീഡിയവണിനോട് പറഞ്ഞത്. ദേശീയ ടീമിനും ആവശ്യമുള്ള കളിക്കാരനാണ് സഹലെന്നും താരത്തിന്‍റെ പരിക്ക് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഐ.എസ്.എല്‍ രണ്ടാംപാദ സെമിക്കു മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് സഹലിന് പിൻതുട ഞരമ്പിൽ പരിക്കേറ്റത്. പേശീവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് സെമിയിൽ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. സഹലിന്‍റെ അഭാവത്തിൽ ജംഷഡ്പൂർ എഫ്.സിക്കെതിരായ രണ്ടാംപാദ സെമിയിൽ നിഷുകുമാറായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നിരയിൽ ഇറങ്ങിയത്. ഫൈനലിലും ഇതുതന്നെ ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ഈ സീസണിൽ 21 മത്സരങ്ങൾ കളിച്ച സഹൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി ആറ് ഗോളാണ് നേടിയത്. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സഹലും ലൂണയും അടങ്ങുന്ന മധ്യനിരയായിരുന്നു ഈ സീസണിൽ ടീമിന്റെ കരുത്ത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News