കേറി വാടാ മക്കളേ... ഗോവയെ മഞ്ഞക്കടലാക്കാൻ ആരാധകരെ ക്ഷണിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്
രണ്ടാം പാദമത്സരത്തിൽ കേരളത്തിനായി ക്യാപ്റ്റൻ ലൂണ ഗോൾ നേടിയപ്പോൾ ജംഷഡ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത് പ്രണോയ് ഹൽദറായിരുന്നു
ഏതൊരു ബ്ലാസ്‌റ്റേഴ്‌സ് ആരാധകനും കൊതിച്ചിരുന്ന നിമിഷത്തിനായിരുന്നു കഴിഞ്ഞ ദിവസം ഗോവയിലെ തിലക് മൈതാൻ സാക്ഷ്യം വഹിച്ചത്. ഇരുപാദങ്ങളായി നടന്ന സെമിഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജംഷഡ്പൂരിനെ കേരള ബ്ലാസ്റ്റേഴ്‌സ് മറികടന്നത്. ആദ്യ പാദത്തിൽ സഹലിന്റെ ഗോളിൽ വിജയിച്ച ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പാദ മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു. രണ്ടാം പാദമത്സരത്തിൽ കേരളത്തിനായി ക്യാപ്റ്റൻ ലൂണ ഗോൾ നേടിയപ്പോൾ ജംഷഡ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത് പ്രണോയ് ഹൽദറായിരുന്നു.
വിജയത്തിന് പിന്നാലെ ആരാധകരെ ഫൈനൽ മത്സരം കാണാൻ ഗോവയിലെ ഫറ്റോർഡ സ്‌റ്റേഡിയത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കുമനോവിച്ച്. ഫൈനൽ മത്സരം കാണാൻ നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്, 'കേറി വാടാ മക്കളേ' എന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ട ഫെയ്‌സ്ബുക്ക് വീഡിയോയിൽ ഇവാൻ പറയുന്നത്.
അതേസമയം, ഐ.എസ്.എൽ രണ്ടാം സെമിയുടെ രണ്ടാം പാദമത്സരത്തിൽ ഇന്ന് എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചിരുന്നു. യോഗ്യത നേടുന്നവർ ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും.
ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചതിൻറെ വ്യക്തമായ മുൻതൂക്കം ഹൈദരാബാദ് എഫ്സിക്കുണ്ട്. തുടക്കത്തിൽ ലീഡ് നേടിയ ശേഷമായിരുന്നു എടികെ മോഹൻ ബഗാൻറെ തോൽവി. എടികെയ്ക്കായി റോയ് കൃഷ്ണ 18-ാം മിനുറ്റിൽ ഗോൾ നേടിയപ്പോൾ ബർത്തലോമ്യൂ ഒഗ്ബെച്ചെ(45+3), മുഹമ്മദ് യാസിർ(58), ജാവിയർ സിവേരിയോ(64) എന്നിവർ ഗോളുകൾ മടക്കി ഹൈദരാബാദിന് വിജയമൊരുക്കുകയായിരുന്നു. ലീഗ് ഘട്ടത്തിൽ ഹൈദരാബാദ് രണ്ടും എടികെ മോഹൻ ബഗാൻ മൂന്നും സ്ഥാനക്കാരായിരുന്നു.