ജനുവരിയിലെ ട്രാൻസ്ഫർ വാർത്തകൾ ഇതുവരെ ഇങ്ങനെ
സീസണിൽ ഒന്നും ശരിയാകാത്ത ടീമുകളുണ്ടാകും. ടീമിനെ 100 ശതമാനം പെർഫെക്ടാക്കി കിരീടപ്പോരാട്ടത്തിലേക്ക് കുതിക്കാനൊരുങ്ങുന്ന ടീമുകൾ വേറെയുമുണ്ടാകും. ഇങ്ങനെ രണ്ട് കൂട്ടർക്കും മുന്നിൽ തുറക്കുന്ന പ്രതീക്ഷയുടെ ഒരു വാതിലാണ് ജനുവരി ട്രാൻസ്ഫർ വിൻഡോ.
സാധാരണ രണ്ട് കാലങ്ങളിലാണ് ഫുട്ബോൾ ട്രാൻസ്ഫറുകൾ സംഭവിക്കാറുള്ളത്. ഇതിൽ ഏറ്റവും പ്രധാനം പുതിയ സീസണിന് മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫറാണ്. ജൂൺ പകുതി മുതൽ തുടങ്ങുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ രണ്ട് മാസത്തോളം തുറന്നുകിടക്കാറുണ്ട്. സീസണിന്റെ ഏതാണ്ട് ഒത്ത നടുക്കാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ പൂട്ട് പൊളിക്കുന്നത്. യൂറോപ്പിൽ പൊതുവേ വിന്റർ സീസണായതിനാൽ തന്നെ വിന്റർ ട്രാൻസ്ഫർ വിൻഡോ എന്ന ഒരു പേരുകൂടി അതിനുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി ഒന്ന് മുതലാണ് വിൻഡോ തുറക്കുക. ഫെബ്രുവരി മൂന്നിന് രാത്രി 11 വരെ അതങ്ങനെ തുറന്നുകിടക്കും. ബുൻഡസ്‍ ലിഗയിലും ഫ്രഞ്ച് ലീഗിലും ജനുവരി 1ന് തന്നെയാണ് വിൻഡോ തുറക്കുന്നത്. ലാലിഗ, സെരി എ, പോർച്ചുഗൽ ലീഗ് എന്നിവിടങ്ങളിൽ ജനുവരി രണ്ട് മുതലും വിൻഡോ തുറക്കും.
ജനുവരി ട്രാൻസ്ഫർ വിൻഡോ കൃത്യമായി ഉപയോഗപ്പെടുത്തുന്ന ടീമുകൾ ഏറെയുണ്ട്. പ്രീമിയർലീഗിലെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം ലിവർപൂളാണ്. കാരണം അവരുടെ ക്ലബിന്റെ പല നിർണായക താരങ്ങളും വന്നെത്തിയത് ഇതുപോലുള്ള വിന്റർ സീസണിലാണ്. മഞ്ഞുപുതച്ചുകിടന്ന ഇതുപോലൊരു ജനുവരിയിലാണ് വിർജിൽ വാൻഡൈക് സതാംപട്ണിൽ നിന്നും ആൻഫീൽഡിൽ വന്നിറങ്ങുന്നത്. 2010ൽ അയാക്സിൽ നിന്നും സാക്ഷാൽ ലൂയിസ് സുവാരസും 2013ൽ ഇന്ററിൽ നിന്ന് ഫിലിപ് കൗടീന്യോ വരുന്നതും ജനുവരി വിൻഡോയിലൂടെയാണ്. സ്പോർട്ടിങ്ങിൽ മിന്നിത്തിളങ്ങുന്ന ബ്രൂണോ ഫെർണാണ്ടസും മോസ്കോയിൽ കളിച്ചിരുന്ന നെമാന്യ വിഡിക്കും ഓൾഡ് ട്രാഫോഡിൽ വന്നിറങ്ങതും ജനുവരിയിലാണ്.
റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ് അടക്കമുള്ള വമ്പൻമാരെല്ലാം താരങ്ങൾക്കായി ജനുവരിയിൽ റോന്ത് ചുറ്റുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കുറി വിന്റർ ട്രാൻസ്ഫർ വിൻഡോക്ക് വലിയ ചൂടാണുള്ളത്. അതോടൊപ്പം കനത്ത അഭ്യൂഹങ്ങളും പറക്കുന്നു. ഒന്നിനും തീരുമാനമായില്ലെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങൾ തുറന്നാൽ അനേകം അഭ്യൂഹങ്ങളും അർധ സത്യങ്ങളും പരക്കുന്നുണ്ട്
കോച്ച് മാറിയിട്ടും തോറ്റമ്പിത്തുടരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് ചർച്ചകളുടെ മധ്യത്തിൽ തന്നെയുണ്ട്. സ്പോർട്ടിങ്ങിൽ റൂബൻ അമോറിമിന്റെ കുന്തമുനയായിരുന്ന വിക്ടർ ഗ്യോക്കരസാണ് അവരുടെ പ്രധാന ടാർഗറ്റുകളിൽ ഒന്ന്. ലക്ഷണമൊത്ത ഒരു സ്ട്രൈക്കറുടെ അഭാവം ഗ്യോകരസിലൂടെ നികത്താമെന്ന് അവർ ആഗ്രഹിക്കുന്നു.. കൂടാതെ അകത്തേക്കോ പുറത്തേക്കോ എന്ന് ഇനിയും തീരുമാനാകാത്ത മാർകസ് റാഷ്ഫോഡും ശ്രദ്ധാകേന്ദമായുണ്ട്. സൗദിയിൽ നിന്നും റാഷ്ഫഡിന് വിളിവന്നിട്ടുണ്ടെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. വിക്ടർ ലിൻഡലോഫ്, ക്രിസ്ത്യൻ എറിക്സൺ എന്നിവർക്ക് പുറത്തേക്കുള്ള വാതിൽ കാണിച്ചുകൊടുത്തതായും പറയപ്പെടുന്നു. കസെമിറോ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറുമെന്നും വാർത്തകളുണ്ട്. ജോഷ്വ സിർക്സിയെ ലോണിൽ വിടുമെന്നും ആന്റണിയെ കൈവിട്ടേക്കുമുന്ന് കേൾക്കുന്നുണ്ട്.
തന്റെ എല്ലാമെല്ലാമായിരുന്ന റോഡ്രിക്ക് ഒരു പകരക്കാരനെ തപ്പി നടക്കുകയാണ് പെപ് ഗ്വാർഡിയോള. റിയൽ സോസിഡാഡിന്റെ മാർട്ടിൻ സുബിമെൻഡിയാണ് അവരുടെ പ്രൈം ടാർഗറ്റ്. യൂറോകപ്പ് ഫൈനലിൽ റോഡ്രിക്ക് പരിക്കേറ്റപ്പോൾ പകരം ആ ജോലി ചെയ്തത് സുബിമെൻഡിയാണ്. സമ്മറിൽ ലിവർപൂൾ വിളിച്ചിട്ട് പോകാതിരുന്ന സുബിമെൻഡിക്ക് ഇപ്പോൾ ചില ചാഞ്ചാട്ടങ്ങളൊക്കെ കാണുന്നുണ്ട്. ബയേൺ മ്യൂണികിന്റെ ലിയോൺ ഗൊറെറ്റ്സ്ക, ബാഴ്സയിൽ അർധ മനസ്സുമായി നിൽക്കുന്ന ഫ്രാങ്കി ഡിജോങ് അടക്കമുള്ള പേരുകളും അന്തരീക്ഷത്തിലുണ്ട്
.ആഴ്സണൽ ന്യൂകാസിലിൽ യുനൈറ്റഡിന്റെ അലക്സാണ്ടർ ഇസാക്കിന്റെ പിന്നാലെയുണ്ടെങ്കിലും ന്യൂകാസിൽ വിടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ബ്രൈറ്റന്റെ മുന്നേറ്റ നിരതാരം ഇവാൻ ഫെർഗൂസണാണ് ഇപ്പോൾ പീരങ്കിപ്പടയുടെ റഡാറിലുള്ളത്.
ഇബ്രാഹിമ കൊനാറ്റെക്കും ജോ ഗോമസിനും പരിക്കേറ്റതിനാൽ തന്നെ ഒരു പുതിയ സെന്റർബാക്കിനായി അർനെ സ്ളോട്ട് ആവശ്യമുന്നയിച്ചിട്ടുണ്ട്. ക്രിസ്റ്റൽ പാലസിൽ മിന്നുന്ന മാർക്ക് ഗുവേഹിയാണ് അവരുടെ ലക്ഷ്യം
അതിനിടയിൽ ബൊക്ക ജൂനിയേഴ്സിലേക്ക് ലോണിൽ വിട്ട അർജന്റീനക്കാരൻ ആരോൺ അൻസൽമിനോയെ ചെൽസി തിരിച്ചുവിളിച്ചിട്ടുണ്ട്. ലൂയസ് എന്റിക്വയുടെ വരോടെ പിഎസ്ജിയിൽ കാര്യമായ പണിയില്ലാത്ത സ്ട്രൈക്കർ റെൻഡൽ കോലോമുആനിക്കായി ചെൽസി ചരട് വലിക്കുന്ന എന്നും കേൾക്കുന്നു. നാപ്പോളിയുടെ നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഒസിംഹനായുള്ള റൈസിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്, പിഎസ്.ജി എന്നിവർക്കൊപ്പം ചെൽസിയും ഒരു കൈ നോക്കുന്നുണ്ട്.
അപ്പോൾ ട്രാൻസ്ഫർ വിപണിയിലെ രാജാക്കൻമാരായ റയൽ മാഡ്രിഡ് എന്തുചെയ്യുകയാണ്. നോട്ടമിട്ടുവെച്ച അലക്സാണ്ടർ അർണാൾഡിന് പിന്നാലെയാണ് അവർ റോന്തുചുറ്റുന്നത്. ഇപ്പോൾ കിട്ടിയില്ലെങ്കിലും അടുത്ത സമ്മറിലെങ്കിലും എത്തിക്കാനുള്ള പദ്ധതികളാണ് അവർ നോക്കുന്നത്. പ്രതിരോധ ഭടൻമാരെല്ലാം പുറത്തായതിനാൽ തന്നെ പകരക്കാരെ റയൽ നോക്കുന്നുണ്ട്. ലെവർക്യൂസന്റെ ജെറമി ഫ്രിങ്പോങ്, യുനൈറ്റഡിന്റെ ഡിയഗോ ഡാലോ, ബയേണിന്റെ അൽഫോൺസോ ഡേവിസ്, ജിറോണയുടെ മിഗ്വൽ ഗുട്ടിറസ്, എസി മിലാന്റെ തിയോ ഹെർണാണ്ടസ് എന്നീ പേരുകളും ബെർണബ്യൂവിൽ നിന്നും കേൾക്കുന്നുണ്ട്.റയലിനെ മോഹിപ്പിക്കുന്ന മറ്റൊരാൾ ലെവർക്യൂസന്റെ ജൊനാഥൻ ഥായാണ്. പക്ഷേ ഥാക്കായുള്ള മത്സരത്തിൽ ബയേണും ശക്തമായി രംഗത്തുണ്ട്.
ബാഴ്സലോണയാകട്ടെ, ഉള്ളവരെത്തന്നെ പിടിച്ചുനിർത്താനുള്ള പെടാപ്പാടിലാണ്. സാമ്പത്തിക നടപടികൾ കാരണം ഡാനി ഓൽമോയുടെ രജിസ്ട്രേഷൻ ഇനിയും നടത്താനാകാത്തത് ആരാധകർക്കിടയിൽ ക്ഷോഭമുണ്ടാക്കിയിട്ടുണ്ട്. വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ ഒൽമോയെ കൊണ്ടുപോകാൻ ഇഷ്ടംപോലെ ആളുകളുള്ളതിനാൽ തന്നെ കരുതലോടെയാണ് ബാഴ്സ നീങ്ങുന്നത്. അൻസുഫാത്തി, ആൻഡ്രേ ക്രിസ്ത്യൻസൺ, എറിക് ഗാർഷ്യ , ഫ്രാങ്കി ഡിജോങ് തുടങ്ങിയവർ ക്ലബ്‍ വിടുമെന്നും കേൾക്കുന്നു. നീക്കോ വില്യംസിനായുള്ള മോഹം ബാഴ്സ ഉപക്ഷേിച്ചിട്ടില്ലെങ്കിലും ജനുവരിയിൽ അത് സംഭവിക്കാൻ സാധ്യത കുറവാണ്.