മാലദ്വീപ് വലയിൽ അടിച്ചുകൂട്ടിയത് 14 ഗോളുകൾ!; വർഷാന്ത്യം ആഘോഷമാക്കി ഇന്ത്യൻ വനിതകൾ
ബെംഗളൂരു: 2024ലെ തങ്ങളുടെ അവസാന മത്സരം അവിസ്മരണീയമാക്കി ഇന്ത്യൻ വനിതകൾ. തിങ്കളാഴ്ച ബെംഗളൂരുവിലെ പദുകോൺ-ദ്രാവിഡ് സെന്റർ ഫോർ സ്പോർട്സ് എക്സലൻസിൽ നടന്ന സൗഹൃദമത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത 14 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്.
ഇന്ത്യക്കായി ലിൻഡ കോം സെർത്തോ നാലുഗോളുകളും പ്യാരി ചാച്ച ഹാട്രിക്കും നേടി.6, 7, 11,14, 15, 21, 28, 45, 51, 52, 54, 59, 62, 66 മിനിറ്റുകളിലാണ് ഇന്ത്യൻ ഗോളുകൾ പിറന്നത്.
പുതിയ കോച്ച് യോക്കിം അലക്സാണ്ടർസിന്റെ കീഴിൽ പന്തുതട്ടാനിറങ്ങിയ ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയം. തേനീച്ചകളുടെ ആക്രമണം കാരണം മത്സരം ഇടക്കുവെച്ച് നിർത്തിവെക്കുന്ന അപൂർവ സംഭവത്തിനും സ്റ്റേഡിയം സാക്ഷിയായി.
ഇന്ത്യൻ വനിതകളുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. 2010ലെ സാഫ് കപ്പിൽ ഇന്ത്യ ഭൂട്ടാനെ എതിരില്ലാത്ത 18 ഗോളിന് തകർത്തിരുന്നു. ഈ വർഷം ഒക്ടോബറിൽ നടന്ന സാഫ് കപ്പിൽ ബംഗ്ലാദേശിനോടും നേപ്പാളിനോടും തോറ്റ ഇന്ത്യൻ വനിതകൾക്ക് ആശ്വാസമേകുന്നതാണ് ഈ വിജയം. മാലദ്വീപുമായുള്ള രണ്ടാം സൗഹൃദമത്സരം ജനുവരി രണ്ടിന് ഇതേ സ്റ്റേഡിയത്തിൽ അരങ്ങേറും. ഫിഫ വനിത റാങ്കിങ്ങിൽ ഇന്ത്യ 69ാം സ്ഥാനത്തും മാലദ്വീപ് 163ാം സ്ഥാനത്തുമാണ്.